ഖത്തര്‍ ലോകകപ്പിന്‌റെ പശ്ചാത്തലത്തില്‍ രാജ്യാന്തര ഫുട്‌ബോള്‍ സംഘടന ഫിഫയുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫിഫ വിടാനുള്ള സാധ്യതകള്‍ തേടിയുള്ള ചര്‍ച്ചയ്ക്ക് ഡെന്‍മാര്‍ക്കാണ് മുന്‍കൈയെടുക്കുന്നത്. യുഇഎഫ്എ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. എല്‍ജിബിടിക്യുഐഎ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യമായി വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കാന്‍ അനുവദിക്കാത്തതാണ പുതിയ പോര്‍മുഖം തുറന്നത്.
ലോകകപ്പില്‍ വണ്‍ ലവ് ആംബാന്‍ഡ് ധരിക്കാന്‍ അനുവദിക്കണമെന്ന അവശ്യവുമായി എട്ടോളം യൂറോപ്യന്‍ രാജ്യങ്ങള്‍ ഫിഫയെ സമീപിച്ചിരുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റമായി കാണുന്ന ഖത്തറില്‍ ഇങ്ങനെ ഒരു ബാന്‍ഡുമായി മത്സരിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിവെയ്ക്കും. ഇതോടെ ടീം ക്യാപ്റ്റന്‍മാര്‍ മഴവില്‍ ബാന്‍ഡ് ധരിക്കുന്നത് വിലക്കിയ ഫിഫ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഫിഫയ്ക്ക് വഴങ്ങിയെങ്കിലും യുറോപ്യന്‍ ടീമുകള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. ഫിഫയ്ക്കും അധ്യക്ഷന്‍ ഇന്‍ഫാന്റിനോയ്ക്കുമെതിരെയാണ് അണിയറ നീക്കങ്ങള്‍. ഇതിന്‌റെ ഭാഗമായ സമ്മര്‍ദതന്ത്രമാണ് ഫിഫ വിടാനുള്ള ആലോചനയെന്നാണ് വിലയിരുത്തല്‍.
ഫിഫ വിലക്കിയതോടെ ആംബാന്‍ഡ് ധരിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്‍മാറി. ബാന്‍ഡ് ധരിക്കാതെയാണ് ജര്‍മന്‍ ടീം മത്സരിക്കാനിറങ്ങിയതെങ്കിലും മുഖം പൊത്തിപ്പിടിച്ച് ടീം ഫോട്ടോയെടുത്ത് അവര്‍ പ്രതിഷേധിച്ചു. ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജര്‍മ്മന്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മഴവിൽ ബാന്‍ഡ് ധരിച്ച് ജര്‍മന്‍ മന്ത്രി നാന്‍സി ഫീസര്‍ മത്സരം കാണാന്‍ എത്തി. ബെല്‍ജിയത്തെയാണ് ഫിഫയുടെ തീരുമാനം ഏറെ ബുദ്ധിമുട്ടിച്ചത്. ലവ് എന്ന് ആലേഖനം ചെയ്ത രണ്ട് കിറ്റുകള്‍ ധരിക്കുന്നതില്‍ നിന്ന് ഫിഫ അവരെ വിലക്കിയിട്ടുണ്ട്.
ഫിഫ വിടാനുള്ള ആലോചന നേരത്തെയുണ്ടെന്നാണ് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ജെസ്‌പെര്‍ മൊള്ളര്‍ പറയുന്നത്. നോര്‍ഡിക് രാജ്യങ്ങള്‍ ഓഗസ്റ്റില്‍ തന്നെ ഇക്കാര്യം ആലോചിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫയോട് നഷ്ടപ്പെട്ട വിശ്വാസം എങ്ങനെ പുനഃസ്ഥാപിക്കുമെന്നത് ഉയരുന്ന ചോദ്യമെന്നും മൊള്ളര്‍ പ്രതികരിച്ചു.
സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായാണ് ഇന്‍ഫാന്‌റിനോ ഫിഫ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. ഖത്തറിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ ഉറച്ച പിന്തുണ നല്‍കുകയാണ് ഇന്‍ഫാന്‌റിനോ. ഫിഫ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്‍ഫാന്‌റിനോ വീണ്ടും ഇറങ്ങുമ്പോള്‍ ഡെന്‍മാര്‍ക്കിന്‌റെ പിന്തുണയുണ്ടാവില്ലെന്നും ഫുട്‌ബോള്‍ അസോസിയേഷന്‍ ഉറപ്പിക്കുന്നു.