ലോകകപ്പില്‍ മികച്ച മുന്നേറ്റം നടത്തുന്ന ഫ്രാന്‍സിന് സന്തോഷ വാര്‍ത്താ. ഫ്രഞ്ച് പടയുടെ കുതിപ്പിന് കരുത്തുകൂട്ടാന്‍ കരീം ബെന്‍സെമ തിരികെയെത്തുന്നു. പരുക്കുമൂലം ലോകകപ്പിന് തൊട്ടുമുന്‍പ് പിന്മാറിയ ബെന്‍സെമ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് നേരത്തെ നിര്‍ദേശിച്ചത്. ആരോഗ്യം വീണ്ടെടുത്ത് ബെന്‍സെമ എത്തുകയാണെങ്കില്‍ തിരികെ ലോകകപ്പ് സ്‌ക്വാഡിനൊപ്പം ചേരുമെന്ന് ഫ്രഞ്ച് മാധ്യമമായ ആര്‍എംസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചു വരവിനെപ്പറ്റി പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പരുക്കുമൂലം ബെന്‍സെമ പിന്മാറിയെങ്കിലും ഫ്രാന്‍സിന്‌റെ ലോകകപ്പ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നില്ല. പകരം ആളെ നിര്‍ദേശിക്കാതിരുന്നത് ബെന്‍സെമയുടെ തിരിച്ചുവരവ് സാധ്യത മുന്നില്‍ കണ്ടെന്നാണ് വ്യക്തമാകുന്നത്. പൂര്‍ണമായും സുഖം പ്രാപിച്ചാല്‍ താരത്തിന് ഫ്രഞ്ച് ദേശീയ ടീമില്‍ തിരിച്ചെത്താനാകുമെന്നും ഫിഫയുടെ നിയമങ്ങളില്‍ അത് അനുവദനീയമാണെന്നും ആര്‍എംസി സ്‌പോര്‍ട്ട് അവകാശപ്പെടുന്നു.
നിലവില്‍ കരീം ബെന്‍സേമ മാഡ്രിഡിലാണ്. ഫ്രഞ്ച് ഡോക്ടര്‍മാരുടെ അവസാന ഘട്ട പരിശോധനകള്‍ക്കുശേഷം നിലവിലെ ബാലന്‍ഡിഓര്‍ ജേതാവ് കൂടിയായ ബെന്‍സെമ ഖത്തറിലേക്ക് തിരിക്കുമെന്നാണ് സൂചന. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്ന ആദ്യ ടീമായ ഫ്രാന്‍സ് മികച്ച ഫോമിലാണ്. ബെന്‍സെമ കൂടി ചേര്‍ന്നാല്‍ ഫ്രഞ്ച് പടയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് നിറം പകരും.
ഖത്തര്‍ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശീലനത്തിനിടെ ബെന്‍സെമയ്ക്ക് പരുക്കേറ്റത്. ഇടത് തുടയുടെ ക്വാഡ്രിസെപ്സിന് ക്ഷതമേറ്റതായി വൈദ്യപരിശോധനയില്‍ വ്യക്തമാകുകയും മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയുമായിരുന്നു. ബെന്‍സെമയ്ക്ക് ദേശീയ ടീമിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.