ലോകകപ്പ് ഫൈനലിനായി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയപ്പോഴും അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ നേടിയപ്പോഴും മെസി സ്വന്തം പേരിലാക്കിയത് രണ്ട് റെക്കോഡുകള്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി ആദ്യം സ്വന്തമാക്കിയത്. പെനാല്‍റ്റിയിലൂടെ ഫ്രഞ്ച് വല കുലുക്കിയപ്പോള്‍, ഒരു ലോകകപ്പില്‍ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മെസി കുറിച്ചു.
ലോകകപ്പിലെ 26മത് മത്സരമാണ് മെസി ഫ്രാന്‍സിനെതിരെ കളിച്ചത്. 25 മത്സരങ്ങള്‍ കളിച്ച ജര്‍മനിയുടെ ലോതര്‍ മത്തേയൂസിന്റെ റെക്കോഡാണ് മെസി മറികടന്നത്. ക്രൊയേഷ്യക്കെതിരായ സെമി ഫൈനലില്‍ കളിച്ചപ്പോള്‍ തന്നെ മെസി മത്തേയൂസിനൊപ്പം എത്തിയിരുന്നു. മിറോസ്ലാവ് ക്ലോസെ 24, പൗളോ മാള്‍ഡീനി 23, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 22 എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
ഫ്രാന്‍സിനെതിരായ ആദ്യ ഗോളിലൂടെ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആളായി മെസി. ഗ്രൂപ്പ് സ്റ്റേജില്‍ സൗദി അറേബ്യ, മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ, ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ്, സെമി ഫൈനലില്‍ ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ മെസി ഗോള്‍ നേടിയിരുന്നു. ഫൈനല്‍ പോരില്‍ ഫ്രാന്‍സിനെതിരെ നേടിയത് ടൂര്‍ണമെന്റിലെ ആറാം ഗോളാണ്. അവസാന ലോകകപ്പിലാണ് മെസിയുടെ ശ്രദ്ധേയമായ നേട്ടങ്ങളെന്നതും ശ്രദ്ധേയം.