36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റീന ലോകകപ്പില്‍ മുത്തമിടുന്നത്. കരിയറില്‍ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ മെസിക്ക് ലോകകപ്പ് എന്നത് അയാളുടെ സ്വപ്നസാഫല്യമായിരുന്നു. 2014 ലോകകപ്പില്‍ കൈയെത്തും ദൂരത്ത് നിന്ന് നഷ്ടമായ കിരീടം ഇത്തവണ ഖത്തറില്‍ നിന്നും നേടിയെടുത്തിരിക്കുകയാണ് മെസി. കാത്തിരുന്ന് കിട്ടിയ ആ കനക കിരീടം ഇപ്പോൾ താഴെവെക്കാതെ കൊണ്ടു നടക്കുകയാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രിയ താരം.
വീണുകിട്ടിയ വിശ്രമ സമയത്ത് ലോകകപ്പ് ട്രോഫിയെ കെട്ടിപിടിച്ച് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അര്‍ജന്‍റീന നായകന്‍. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കിരീട നേട്ടത്തില്‍ അദ്ദേഹം എത്രത്തോളം സന്തോഷവാനാണെന്ന് ആ ചിത്രങ്ങളിലൂടെ മനസിലാക്കാം. ട്രോഫിയെ ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നതിന്‍റെയും ജ്യൂസ് കുടിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 'ഗുഡ് മോണിങ്' എന്ന അടിക്കുറിപ്പോടെയാണ് ട്രോഫിയെ കെട്ടിപിടിച്ച് ഉറങ്ങുന്ന ചിത്രങ്ങള്‍ മെസി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുകൾ നിറയുകയാണ്. കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വെക്കാൻ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.
ഞായറാഴ്ച്ച നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്നാണ് അര്‍ജന്റീന ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിന് വന്‍ വരവേല്‍പ്പാണ് രാജ്യം ഒരുക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും ഫൈനലില്‍ ചാമ്പ്യന്മാരായാണ് മെസിയും സംഘവും അവിടെ നിന്നും വിമാനം കയറിയത്. തന്റെ ലോകകപ്പ് സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനൊപ്പം ഖത്തറിന്റെ മൈതാനത്ത് ഒട്ടേറെ റെക്കോര്‍ഡുകളാണ് മെസി വാരിക്കൂട്ടിയത്. ആ കിരീടം മെസിയെ എത്രമാത്രം മോഹിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ലുസെയ്ല്‍ സ്റ്റേഡിയത്തിലും പുറത്തുമുള്ള ആഘോഷ പ്രകടനം. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ട് മണിക്കാണ് താരങ്ങള്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്. ടീമിനെ സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് തെരുവുകളില്‍ നിറഞ്ഞത്.