ആദ്യ മത്സരത്തില്‍ കാനഡയോട് ഏകപക്ഷീയമായ ഒരു ഗോളിന് ജയം. രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി. പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില. ലോക രണ്ടാം നമ്പര്‍ സ്ഥാനത്തുള്ള ബെല്‍ജിയത്തിന്റെ ലോകകപ്പ് പ്രകടനമാണിത്. ലോകകപ്പ് കിരീട നേട്ടത്തിന് സാധ്യത പോലും കല്‍പ്പിക്കപ്പെട്ട ചുവന്ന ചെകുത്താന്മാര്‍, ഓര്‍ത്തിരിക്കാന്‍ പറ്റുന്ന പ്രകടനങ്ങളൊന്നും ഇല്ലാതെയാണ് ഖത്തറില്‍നിന്ന് മടങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ഗോളടിയന്ത്രം റൊമേലു ലുക്കാക്കുവിന് പോലും തിളങ്ങാനായില്ല. മൂന്നിലധികം സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ലുക്കാക്കുവിന് കഴിഞ്ഞില്ല. കടുത്ത നിരാശയില്‍, കണ്ണീരോടെ ഗ്രൗണ്ട് വിട്ട താരം ഡഗൗട്ട് വിന്‍ഡോ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
എഫ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയും ബെല്‍ജിയവും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മാനസികമായി മുന്‍തൂക്കം ക്രോട്ടുകള്‍ക്കായിരുന്നു. പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ അവര്‍ക്ക് സമനില തന്നെ ധാരാളമായിരുന്നു. അതിനാല്‍, ബെല്‍ജിയം നിരയ്‌ക്കെതിരെ കടുത്ത പ്രതിരോധം തീര്‍ത്താണ് പോരാടിയത്. അതേസമയം, പരുക്കിന്റെ പിടിയിലുള്ള നായകന്‍ എഡന്‍ ഹസാര്‍ഡിനെയും സൂപ്പര്‍താരം റൊമേലു ലുക്കാക്കുവിനെയും ബെഞ്ചിലിരുത്തി ഡി ബ്രുയിന്റെ നേതൃത്വത്തിലാണ് ബെല്‍ജിയം കളത്തിലിറങ്ങിയത്. ഇരുടീമുകളും ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. പന്തടക്കത്തിലും പാസിങ്ങിലും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും കളിമികവില്‍ ക്രോട്ടുകള്‍ തന്നെയായിരുന്നു മുന്നില്‍. അതിനിടെ, 16ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വാറില്‍ അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു.
രണ്ടാം പകുതിയിലാണ് കളി മാറിയത്. ആദ്യ മിനുറ്റില്‍ തന്നെ ലുക്കാക്കുവിനെ കളത്തിലിറക്കി. അതോടെ ക്രോട്ടുകളെ വിറപ്പിച്ച് ചുവന്ന ചെകുത്താന്മാര്‍ ആക്രമിച്ച് കളിച്ചു. 60ാം മിനുറ്റില്‍ കരാസ്‌ക്കോ ക്രൊയേഷ്യന്‍ ബോക്‌സിനുള്ളില്‍ പ്രതിരോധത്തെ മറികടന്ന് പായിച്ച ഷോട്ടിന് ഗോള്‍ കീപ്പറെ മറികടക്കാനായില്ല. റീബൗണ്ടായി പന്ത് കിട്ടിയത് ലുക്കാക്കുവിന്. എന്നാല്‍, ലക്ഷ്യം കാണാനായില്ല. 86ാം മിനുറ്റിലും ലുക്കാക്കുവിന് അവസരം ലഭിച്ചു. എന്നാല്‍ കൃത്യമായി പന്ത് പിടിച്ചെടുക്കാന്‍ സാധിക്കാതെവന്നു. 90ാം മിനുറ്റിലും ആഡഡ് ടൈമിലും ലഭിച്ച അവസരങ്ങളും മുതലാക്കാനായില്ല. ഗോളെന്നുറച്ച ഷോട്ടില്‍ ഒരെണ്ണം പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.
മത്സരത്തിനുശേഷം കടുത്ത നിരാശയോടെയാണ് ലുക്കാക്കു കളം വിട്ടത്. കണ്ണീരോടെ ഗ്രൗണ്ടില്‍ നിന്നെത്തിയ ലുക്കാക്കുവിനെ തിയറി ഹെന്റി ഉള്‍പ്പെടെയുള്ളവര്‍ ആശ്വസിപ്പിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ടീം ഡഗൗട്ടിന്റെ വിന്‍ഡോ ഗ്ലാസ് ലുക്കാക്കു തല്ലിപ്പൊട്ടിച്ചത്. ഇതിന് താരത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
101 മത്സരങ്ങളില്‍നിന്ന് 68 ഗോളുകള്‍ നേടിയിട്ടുള്ള ലുക്കാക്കു ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ്. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമാകാതെയാണ് താരം ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.