കറുത്ത കുതിരകളാകാന്‍ ഖത്തറിലെത്തിയ ഡെന്മാര്‍ക്കിന് ലോകകപ്പിലെ ആദ്യ അങ്കമിന്ന്. ഗ്രൂപ്പ് ഡി യിലെ ആദ്യമത്സരത്തില്‍ ആഫ്രിക്കന്‍ ടീം ടുണീഷ്യയാണ് എതിരാളികള്‍. അല്‍ റയ്യാനിലെ എജ്യുക്കേഷണല്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6:30നാണ് മത്സരം. അദ്ഭുതകരമായ യോഗ്യതാ റൗണ്ട് മത്സരത്തോടെ ഏവരുടെയും മനംകവര്‍ന്ന ഡെന്മാര്‍ക്കിന് പ്രതീക്ഷ കാക്കാനാകുമോ എന്നാണ് കാല്‍പ്പന്താരാധകരുടെ കാത്തിരിപ്പ്. താരതമ്യേന ദുര്‍ബലരായ ടുണീഷ്യയ്‌ക്കെതിരെ കണക്കില്‍ ഏറെ മുന്നിലാണ് ആറാം ലോകകപ്പിന് ഇറങ്ങുന്ന ഡെന്മാര്‍ക്ക്.
ജയിക്കുന്ന ടീമിന് ഫ്രാൻസ് അടങ്ങുന്ന ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ടാം റൗണ്ട് സാധ്യതയിൽ മുൻതൂക്കം ലഭിക്കും. ടുണീഷ്യയുടെയും ആറാം ലോകകപ്പാണ് ഇത്. ലോകകപ്പില്‍ വിജയിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതിയുള്ള ടുണീഷ്യയ്ക്ക് പക്ഷേ പിന്നീടിങ്ങോട്ട് ഓര്‍ത്തുവെയ്ക്കാന്‍ കാര്യമായ പ്രകടനങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് തവണയും ഗ്രൂപ്പ് റൗണ്ടില്‍ അവസാനിച്ചിരുന്നു അവരുടെ പോരാട്ടം.
ഡെൻമാർക്ക്
റാങ്കിങ് 10
യൂറോ കപ്പ് മുതൽ ഒന്നിച്ച് കളിച്ചവരാണ് ടീമിൽ അധികവും
ക്രിസ്റ്റിയൻ എറിക്‌സന്റെ നിലവിലെ ഫോം
ശ്രദ്ധിക്കേണ്ട താരങ്ങൾ : ക്രിസ്റ്റിയൻ എറിക്‌സണ്‍, കാസ്പെർ ഷ്‌മൈക്കിള്‍, തോമസ് ഡെലാനി
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായാണ് കാസ്പര്‍ ഹുല്‍മാന്‍ഡ് പരിശീലിപ്പിക്കുന്ന സംഘം ലോകകപ്പിനെത്തുന്നത്. കളിച്ച 10 മത്സരങ്ങളില്‍ ഒന്‍പതും ജയിച്ച അവര്‍ അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോട് മാത്രമാണ് തോറ്റത്. കഴിഞ്ഞ യൂറോ കപ്പിലെ ഐതിഹാസിക പ്രകടനമാണ് യോഗ്യത പോരാട്ടങ്ങളില്‍ അവര്‍ക്ക് ഊര്‍ജം പകര്‍ന്നത്. ഈ വര്‍ഷം കളിച്ച എട്ട് മത്സരങ്ങളില്‍ ഫ്രാന്‍സിനെതിരെ നടന്ന രണ്ട് മത്സരങ്ങളിലടക്കം അഞ്ചെണ്ണം ജയിച്ചപ്പോള്‍ മൂന്നില്‍ അവര്‍ തോറ്റു.
ടുണീഷ്യ
റാങ്കിങ് 30
പ്രതിരോധമാണ് കരുത്ത്
ശ്രദ്ധിക്കേണ്ട താരങ്ങൾ : യൂസഫ് മസാക്നി, ഐസ്സ ലെയ്ഡുണി
ആഫ്രിക്കൻ മേഖലയിലെ മൂന്നാം റൗണ്ട് യോഗ്യത മത്സരത്തിൽ രണ്ട് പാദങ്ങളിലായി മാലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യോഗ്യത ഉറപ്പാക്കിയത്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ക്വാർട്ടറിൽ പുറത്തായി. ജലീൽ കാദ്രിയുടെ കീഴില്‍ കളിക്കുന്ന ടുണീഷ്യ അവസാനം കളിച്ച എട്ട് കളികളിൽ പരാജയം അറിഞ്ഞത് ബ്രസീലിനോട് മാത്രം.