കിലിയന്‍ എംബാപ്പെ 
Qatar World Cup

എംബാപ്പെയുടെ ഈ മൗനം നല്ലതിനല്ല; വില നൽകേണ്ടി വരും

മത്സരശേഷം താരത്തെ കാത്തുനിന്ന മാധ്യമങ്ങള്‍ നിരാശരാകേണ്ടിവന്നു. എല്ലാ പ്രതികരണവും ചിരിയില്‍ ഒതുക്കിയ താരം, മാധ്യമങ്ങളോട് ഒരു വാക്കുപോലും പറഞ്ഞില്ല.

വെബ് ഡെസ്ക്

പരുക്ക് തളർത്തിയ ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകളെ സജീവമാക്കുന്ന പ്രകടനമാണ് കിലിയന്‍ എംബാപ്പെയുടേത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോള്‍ നേടിയ താരം, ഇന്നലെ ഡെന്മാര്‍ക്കിനെതിരെ രണ്ട് ഗോളുകള്‍ നേടി ടീമിനെ ജയത്തിലേക്കും അടുത്ത റൗണ്ടിലേക്കുമാണ് നയിച്ചത്. ഇതോടെ, ഖത്തറിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമുമായി ഫ്രാൻസ്. രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് പിഎസ്ജിയുടെ സൂപ്പര്‍ താരം കൂടിയായ എംബാപ്പെയായിരുന്നു. എന്നാല്‍, മത്സരശേഷം താരത്തെ കാത്തുനിന്ന മാധ്യമങ്ങള്‍ നിരാശരാകേണ്ടിവന്നു. എല്ലാ പ്രതികരണവും ചിരിയില്‍ ഒതുക്കിയ താരം, മാധ്യമങ്ങളോട് ഒരു വാക്കുപോലും പറഞ്ഞില്ല. പക്ഷേ, എംബാപ്പെയുടെ ഈ മൗനത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ജയത്തിനുശേഷം എംബാപ്പെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ഫിഫയുടെ കരാർ പ്രകാരം ഇത് കുറ്റകരമാണ്. ഇതേത്തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാന നിലപാട് തുടര്‍ന്നാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, രണ്ടാം മത്സരത്തിനുശേഷവും എംബപ്പെ മാധ്യമങ്ങളോട് സംസാരിക്കാനോ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനോ തയ്യാറായിട്ടില്ല. കുറ്റം ആവർത്തിച്ചതോടെ പിഴ അടക്കമുള്ള നടപടിയിലേക്ക് ഫിഫ കടന്നേക്കുമെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ എംബാപ്പെയാണോ എഫ്എഫ്എഫ് ആണോ പിഴ അടയ്ക്കേണ്ടത് എന്നതിൽ വ്യക്തതയില്ല.

നേരത്തെ, താരങ്ങളെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ അനുവദിക്കാതിരുന്ന ജർമൻ ടീം ഇത്തരത്തിൽ പിഴ നേരിടേണ്ടി വന്നിരുന്നു. സ്പെയിന് എതിരായ കളിക്ക് മുന്നോടിയായി വാർത്താസമ്മേളനത്തിൽ കോച്ച്‌ ഹാൻസി ഫ്ലിക്കിനൊപ്പം താരങ്ങൾ ആരും പങ്കെടുത്തിരുന്നില്ല. ഫിഫയുടെ നിയമപ്രകാരം കോച്ചിനൊപ്പം ടീമിലെ ഒരു താരമെങ്കിലും നിര്‍ബന്ധമായും വാർത്താസമ്മേളനത്തിൽ പങ്കെടുക്കണം. എന്നാല്‍, ലവ് ആം ബാൻഡ് ധരിക്കുന്നതിൽ നിന്നും വിലക്കിയ ഫിഫയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ജർമൻ ടീം ഇത്തരമൊരു തീരുമാനം എടുത്തത്.

എന്തുകൊണ്ട് എംബാപ്പെയുടെ മൗനം?

ഇതിനോടകം ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് എംബാപ്പെ. കഴിഞ്ഞ കൈമാറ്റ വിപണിയിൽ താരം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് എംബാപ്പെ ഫ്രാൻ‌സിൽ തന്നെ തുടരുകയായിരുന്നു. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി കരാറിലെത്തി എന്ന തരത്തിലുള്ള വാർത്തകൾ വന്നതിന് ശേഷമായിരുന്നു ഈ വഴിത്തിരിവ്. തുടർന്ന് സീസൺ പുരോഗമിക്കവേ ടീം അംഗങ്ങളുമായി ഇടഞ്ഞ താരം ജനുവരിയിലെ കൈമാറ്റ ജാലകത്തിൽ പിഎസ്ജി വിടാൻ ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമങ്ങളില്‍ നിന്നുണ്ടായേക്കുമെന്നതിനാലാണ് താരം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തത്.

ഇതിന് എഫ്എഫ്എഫിന്റെയും പിന്തുണയുണ്ടെന്നാണ് വിവരം. ലോകകപ്പ് നിലനിർത്താൻ ഇറങ്ങുന്ന ഫ്രാൻസ് നിരയുടെ കുന്തമുനയാണ് ഇരുപത്തിമൂന്നുകാരൻ. ആ ലക്ഷ്യത്തിൽ നിന്നും ശ്രദ്ധ തിരിയാൻ താരമോ ടീമോ ആഗ്രഹിക്കുന്നില്ല. അതിനാലാണ് എംബാപ്പെയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണാത്തതെന്നാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ