Qatar World Cup

'ഓര്‍ക്കുന്നുണ്ടോ അവനെ?' വാന്‍ഗാലിന്റെ നെഞ്ചില്‍ ചൂണ്ടക്കൊളുത്തെറിഞ്ഞ സെലിബ്രേഷന്‍

ഹോളണ്ട് പരിശീലകന്‍ മത്സരത്തിന് മുന്‍പ് നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടി കൂടിയാണ് മെസി നല്‍കിയത്. എന്നാല്‍ ടോപ്പോ ജിജിയോ എന്ന് അറിയപ്പെടുന്ന ഈ സെലിബ്രേഷനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പിലെ തന്നെ 'ചൂടേറിയ' മത്സരമായിരുന്നു ഇന്നലെ നടന്ന അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് പോരാട്ടം. പരുക്കന്‍ ടാക്ലിങ്ങുകളും, ഫൗളുകളും, കളംനിറഞ്ഞു നിന്ന മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഹോളണ്ടിന്റെ തലയറുത്തത്. മത്സരത്തിന്റെ ശൗര്യ ഭാവം മുഴുവനും താരങ്ങളിലും പ്രകടമായിരുന്നു.

മത്സരത്തില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടിയ ശേഷം ഹോളണ്ട് പരിശീലകന്‍ ലൂയിസ് വാന്‍ഗാലിനെ നോക്കി അര്‍ജന്റീന്‍ നായകന്‍ ലയണല്‍ മെസി നടത്തിയ സെലിബ്രേഷന്‍ എന്തായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും മത്സരശേഷം ആരാധകരില്‍ പലരും സംശയിച്ചു. ഇരു ചെവിക്ക് പുറകിലും കൈകള്‍ വിടര്‍ത്തി വാന്‍ഗാലിനു നേരെ മുമ്പില്‍ ഓടിയെത്തി ചെവികൂര്‍പ്പിച്ച്‌ നിലയുറപ്പിച്ചായിരുന്നു മെസിയുടെ ആഘോഷം. ആരാധകരുടെ വിലയിരുത്തല്‍ പ്രകാരം ഹോളണ്ട് പരിശീലകന്‍ മത്സരത്തിന് മുന്‍പ് നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് മെസി നല്‍കിയത്.

എന്നാല്‍ ടോപ്പോ ജിജിയോ എന്ന് അറിയപ്പെടുന്ന ഈ സെലിബ്രേഷന്‍ പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. അത് മെസിയുടെ ആഘോഷ രീതിയല്ല. മറ്റൊരു അര്‍ജന്റീന്‍ ഇതിഹാസമായ യുവാന്‍ റോമന്‍ റിക്വല്‍മിയുടെ ഗോളാഘോഷ രീതിയാണ്. ബൊക്ക ജൂനിയേഴ്‌സിന് വേണ്ടി കളിക്കുന്ന സമയത്ത് റിക്വല്‍മി ഈ സെലിബ്രേഷന്‍ നടത്തിയിരുന്നു.

പിന്നീട് റിക്വല്‍മി ബാഴ്‌സലോണയില്‍ എത്തിയപ്പോള്‍ അന്നത്തെ പരിശീലകനായിരുന്ന വാന്‍ ഗാലുമായിയുണ്ടായ അസ്വാരസ്യങ്ങള്‍ റിക്വല്‍മിയുടെ കരിയര്‍ തന്നെ തുലയ്ക്കുകയായിരുന്നു. അതേ റിക്വല്‍മിയുടെ വേഷമാണ് മെസി പകര്‍ന്നാടിയത്. പ്രതിഭാശാലിയായ ആ താരത്തിന്റെ ഓര്‍മകള്‍ വെള്ളിടിപോലെ ഒരുനിമിഷം ലൂയിസ് വാന്‍ ഗാലിയുടെ മനസില്‍ മിന്നി മാഞ്ഞിട്ടുണ്ടാകും.

ഒടുവില്‍ വിജയം രുചിച്ചറിഞ്ഞ ശേഷം ഒരിക്കല്‍ കൂടി വാന്‍ഗാലിന് അടുത്തേക്ക് രൗദ്രഭാവവുമായി മെസി എത്തി. സഹപരിശീലകന്‍ എഡ്ഗാര്‍ ഡേവിഡ്സും മെസിയുടെ ചൂടറിഞ്ഞു. മെസിയെയും അര്‍ജന്റീനയെയും തളയ്ക്കാനുള്ള വിദ്യ തന്റെ കൈയിലുണ്ടെന്നും മെസിയെ പൂട്ടുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടോളൂ എന്നുമായിരുന്നു മത്സരത്തിനു മുന്‍പ് ലൂയിസ് വാന്‍ഗാല്‍ പറഞ്ഞത്. ഈ പ്രതികരണമാണ് മെസിയെ ചൊടിപ്പിച്ചത്. എന്നാല്‍ മിശിഹായെ പൂട്ടാന്‍ ആ അസുര ബുദ്ധി പോരായിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ