Qatar World Cup

മെക്‌സിക്കന്‍ നിരാശ; ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

പോയിന്റ് നിലയില്‍ ഒപ്പമുണ്ടായിരുന്ന പോളണ്ട് അര്‍ജന്റീനയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി

വെബ് ഡെസ്ക്

നിര്‍ണായക മത്സരത്തില്‍ സൗദി അറേബ്യയെ നിഷ്പ്രഭരാക്കി വിജയം സ്വന്തമാക്കിയിട്ടും മെക്‌സിക്കോ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ആദ്യാവസാനം ആക്രമിച്ച് കളിക്കുകയും സൗദിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്‌തെങ്കിലും ഗോള്‍ വ്യത്യാസമാണ് മെക്‌സിക്കോയ്ക്ക് തിരിച്ചടിയായത്. പോയിന്റ് നിലയില്‍ ഒപ്പമുണ്ടായിരുന്ന പോളണ്ട് അര്‍ജന്റീനയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. പോളണ്ടിനെ മറികടക്കണമെങ്കില്‍ മെക്‌സിക്കോയ്ക്ക് ഒരു ഗോള്‍ കൂടി വേണമായിരുന്നു. അവസാനം വരെ മൂന്നാം ഗോളിനായി പൊരുതിയെങ്കിലും മെക്‌സിക്കന്‍ ലക്ഷ്യങ്ങള്‍ വിജയം കണ്ടില്ല. അവസാന മിനുറ്റില്‍ സൗദി ഗോള്‍ നേടുകയും ചെയ്തു. ഇതിനിടെ രണ്ട് ഗോളുകള്‍ക്ക് റഫറി ഓഫ്‌സൈഡ് വിളിക്കുകയും ചെയ്തതോടെ മെക്‌സിക്കോയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ഹെന്റി മാര്‍ട്ടിനും ലൂയിസ് ഷാവേസുമാണ് മെക്‌സിക്കോയ്ക്കായി ഗോള്‍ അടിച്ചത്. സലീം അല്‍ ദൗസാരി വകയായിരുന്നു സൗദിയുടെ ആശ്വാസ ഗോള്‍.

പ്രീ ക്വാര്‍ട്ടര്‍ പ്രവേശത്തിന് വിജയത്തിനൊപ്പം ഗോള്‍ വ്യത്യാസവും നിര്‍ണായകമായ മത്സരത്തില്‍ ആക്രമണ ഫുട്‌ബോളിന്റെ വശ്യത മെക്‌സിക്കോ ആദ്യം തന്നെ പുറത്തെടുത്തു. കിട്ടിയ അവസരങ്ങളിലെല്ലാം സൗദി ഗോള്‍മുഖത്തേക്ക് അവര്‍ ഇരച്ചുകയറി. മൂന്നാം മിനുറ്റില്‍ തന്നെ അലക്സിസ് വെഗയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍, ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടുത്തു. ഏഴാം മിനുറ്റിലും 26, 27 മിനുറ്റുകളില്‍ ഗോള്‍ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലം കണ്ടില്ല. പന്തടക്കത്തിലും പാസിലും സൗദിയെ ബഹുദൂരം പിന്നിലാക്കിയ മെക്‌സിക്കോ നിരന്തരം ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല. ഫിനിഷിങ്ങിലെ പോരായ്മ പലപ്പോഴും മെക്‌സിക്കോയ്ക്ക് തിരിച്ചടിയായി. ഗോള്‍കീപ്പര്‍ ഒവൈസിന്റെ മികച്ച പ്രകടനം സൗദിക്ക് തുണയായി. മെക്‌സിക്കന്‍ പ്രതിരോധത്തെ വെല്ലുവിളിച്ചുകൊണ്ട് സൗദിയും മുന്നേറ്റങ്ങള്‍ നെയ്‌തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ, ആദ്യ പകുതി ഗോള്‍രഹിതമായി.

രണ്ടാം മിനുറ്റില്‍ കളി മാറി. 47ാം മിനുറ്റില്‍ കോര്‍ണറില്‍നിന്ന് ഹെന്റി മാര്‍ട്ടിന്‍ മെക്‌സിക്കോയുടെ ആദ്യ ഗോള്‍ നേടി്. കോര്‍ണര്‍ കിക്കെടുത്ത ലൂയിസ് ഷാവേസ് ഉയര്‍ത്തി വിട്ട പന്ത് സെസാര്‍ മോണ്ടെസിന്റെ കാലില്‍ത്തട്ടി മാര്‍ട്ടിന്റെ കാല്‍പ്പാകത്തിന് എത്തുകയായിരുന്നു. പോസ്റ്റിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിന്റെ ഷോട്ട് വലയിലേക്ക്, മെക്‌സിക്കോ ഒരു ഗോളിന് മുന്നില്‍. ലീഡെടുത്ത് അഞ്ച് മിനുറ്റിനിടെ മെക്‌സിക്കോ രണ്ടാം ഗോളും നേടി. 52ാം മിനുറ്റില്‍, ബോക്‌സിന് പുറത്ത് മാര്‍ട്ടിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഷാവേസ് വലയിലെത്തിക്കുകയായിരുന്നു. സൗദി തീര്‍ത്ത പ്രതിരോധത്തിന് മുകളിലൂടെ പന്ത് പോസ്റ്റിലേക്ക് പറന്നിറങ്ങുകയായിരുന്നു. 70, 73 മിനുറ്റുകളില്‍ മെക്‌സിക്കോയ്ക്ക് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും സൗദി ഗോള്‍ കീപ്പര്‍ അല്‍ ഒവൈസിയെ വെല്ലുവിളിക്കാനായില്ല. 90 മിനിറ്റ് പിന്നിട്ട് കളി ആഡഡ് ടൈമിലേക്ക് കടന്നപ്പോഴാണ് സൗദിക്കായി സലീം അല്‍ ദൗസാരി മെക്‌സിക്കന്‍ വല കുലുക്കിയത്.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ