മരുഭൂമിയില്‍ മൊറോക്കന്‍ മായാജാലങ്ങള്‍ അവസാനിക്കുന്നില്ല. ബെല്‍ജിയത്തിനും സ്‌പെയിനിനും പിന്നാലെ പോര്‍ച്ചുഗലും മൈതാനത്തെ മൊറോക്കന്‍ കരുത്ത് അറിഞ്ഞപ്പോള്‍ ഖത്തറില്‍ പിറന്നത് ലോകകപ്പിലെ പുതുചരിത്രം. ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പിന്‌റെ സെമിഫൈനലില്‍. പോര്‍ച്ചുഗല്‍ സെമിയില്‍ പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നം കൂടിയാണ് അവസാനിക്കുന്നത്.
ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് തുടങ്ങിയ സംഘത്തിന് പിന്നീട് സ്വപ്‌ന യാത്രയായിരുന്നു. മൊറോക്കന്‍ അട്ടിമറികള്‍ക്കുമുന്നില്‍ വീണത് യൂറോപ്പിലെ കരുത്തന്മാര്‍. ഒരു സെല്‍ഫ് ഗോളല്ലാതെ ലോകകപ്പില്‍ ഇതുവരെ എതിരാളികളുടെ ഒരു ഗോള്‍പോലും വഴങ്ങിയില്ലെന്ന നേട്ടം ക്വാര്‍ട്ടറിലും അവര്‍ ആവര്‍ത്തിച്ചു. മൊറോക്കന്‍ പ്രതിരോധത്തിന് മുന്നില്‍ കുഴങ്ങിയ പോര്‍ച്ചുഗല്‍ ഒടുവില്‍ തോല്‍വി സമ്മതിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോയുടെ ജയം. ഇതോടെ ലോകകപ്പിന്‌റെ സെമിഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടവും മൊറോക്കോ കൈവരിച്ചു.
മത്സരത്തില്‍ ഏറിയ സമയവും പന്ത് കൈവശം വെച്ചെങ്കിലും അവസരങ്ങള്‍ ഗോളാക്കാന്‍ പറങ്കിപ്പടയ്ക്കായില്ല. 74 ശതമാനമാണ് മത്സരത്തില്‍ പോര്‍ച്ചുഗലിന്‌റെ ഗോള്‍ പൊസഷന്‍. പ്രതിരോധത്തിലൂന്നിയ മൊറോക്കന്‍ കളിയ്ക്ക് മുന്നില്‍ അവസരങ്ങള്‍ പലതും പോര്‍ച്ചുഗലിന് ഗോളാക്കാനായില്ല. പന്തുമായി മികച്ച മുന്നേറ്റങ്ങള്‍ മൊറോക്കോയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ലക്ഷ്യം നേടാനുള്ള മികച്ച ഫിനിഷറുടെ അഭാവം മുഴച്ചു നിന്നു. 42 ാം മിനുറ്റില്‍ യൂസെഫ് എന്‍നെസിരിയാണ് മൊറോക്കോയുടെ വിജയഗോള്‍ നേടിയത്. അസാമാന്യ ഹെഡറിലൂടെയായിരുന്നു നെസിരി പോര്‍ച്ചുഗല്‍ വലകുലുക്കിയത്. വാലിദ് ഛെദിര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന മിനുറ്റുകളില്‍ മൊറോക്കോ 10 പേരിലേക്ക് ചുരുങ്ങിയെങ്കിലും അത് നേട്ടമാക്കാന്‍ പറങ്കികള്‍ക്കായില്ല.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തി നടത്തിയ പരീക്ഷണം പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് ആവര്‍ത്തിച്ചെങ്കിലും ഇക്കുറി ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോയെ തന്നെ സാന്റോസ് ഇറക്കി. എന്നാല്‍ വിജയത്തിലേക്കുള്ള ഒത്തൊരുമയുള്ള പോരാട്ടം കളത്തില്‍ കാട്ടാന്‍ പറങ്കികള്‍ക്കായില്ല. ഒടുവില്‍ ലോകകപ്പെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് റോണോ കളം വിട്ടത്; നിറഞ്ഞ കണ്ണുകളോടെ.
ലോകകപ്പില്‍ ഒരു പോയിന്‌റ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടംം 1970 ല്‍ മൊറോക്കോയാണ് സ്വന്തം പേരില്‍ കുറിച്ചത്. 1986 ല്‍ നോക്കൗട്ടിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടവും അവര്‍ തന്നെ സ്വന്തമാക്കി. ഇപ്പോഴിതാ 2010ല്‍ ഘാനയ്ക്ക് നിര്‍ഭാഗ്യം കൊണ്ട് നഷ്ടമായ സെമി ഫൈനല്‍ ബെര്‍ത്ത് , മൊറോക്കോയിലൂടെ ആഫ്രിക്കന്‍ മണ്ണിലെത്തുകയാണ്. ഇംഗ്ലണ്ട്- ഫ്രാൻസ് മത്സരവിജയിയാണ് സെമിയിൽ മൊറോക്കോയുടെ എതിരാളികൾ.