ഖത്തര്‍ ലോകകപ്പില്‍ വന്‍ വീഴ്ചകള്‍ അനസ്യൂതം തുടരുന്നു. ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെ മലര്‍ത്തിയടിച്ച് ആഫ്രിക്കന്‍ ടീമായ മൊറോക്കോയാണ് ഇന്ന് അമ്പരപ്പിച്ചത്. അല്‍തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഗ്രൂപ്പ് എഫ് പോരാട്ടത്തിനൊടുവില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മൊറോക്കന്‍ ജയം
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 73-ാം മിനിറ്റില്‍ അബ്‌ദെല്‍ഹമീദ് സബീരിയും ഇന്‍ജുറി ടൈമില്‍ സകാരിയ അബൗക്‌ലാലുമാണ് മൊറോക്കോയുടെ ഗോളുകള്‍ നേടിയത്. നേരത്തെ ആദ്യപകുതിയില്‍ ഒരു തവണ മൊറോക്കോ ബെല്‍ജിയം വലയില്‍ പന്തെത്തിച്ചിരുന്നെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു.
ആദ്യമത്സരത്തില്‍ കാനഡയോട് കഷ്ടിച്ച് ഒരു ഗോളിന് രക്ഷപെട്ട ബെല്‍ജിയം രണ്ടാം മത്സരത്തിലും തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയര്‍ന്നില്ല. സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ അഭാവത്തില്‍ മൂര്‍ച്ചപോയ മുന്നേറ്റ നിരയാണ് അവരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. മധ്യനിരയില്‍ എയ്ഡന്‍ ഹസാര്‍ഡും കെവിന്‍ ഡിബ്രുയ്‌നുമെല്ലാം അധ്വാനിച്ചുകളിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ മികച്ചൊരു സ്‌ട്രൈക്കര്‍ അവര്‍ക്ക് ഇല്ലാതെ പോയി.
എന്നാല്‍ മറുവശത്ത് ജയം അനിവാര്യമായ മത്സരത്തില്‍ കൂടുതല്‍ ഒത്തിണക്കവും വ്യക്തമായ ഗെയിം പ്ലാനുമായി ഇറങ്ങിയ മൊറോക്കോ ആദ്യ മിനിറ്റു മുതല്‍ ബെല്‍ജിയത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. നിരന്തരം ബെല്‍ജിയം പ്രതിരോധത്തെ പരീക്ഷിച്ച അവര്‍ ആദ്യപകുതിയില്‍ ഒരു തവണ ലക്ഷ്യം കാണുകയും ചെയ്തു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ ഓഫ് സൈഡ് ആയി.
ഗോള്‍രഹിതമായി ഇടവേളയ്ക്കു പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ കൂടുതല്‍ അപകടകാരികളായി മാറിയ മൊറോക്കന്‍ ടീമിനെയാണ് ബെല്‍ജിയം കണ്ടത്. തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ 73-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ഫ്രീകിക്കില്‍ നിന്ന് സബീരിയാണ് സ്‌കോര്‍ ചെയ്തത്.
ലീഡ് വഴങ്ങിയ ശേഷം ലുക്കാക്കുവിനെ വരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ ബെല്‍ജിയം ശ്രമിച്ചെങ്കിലും മൊറോക്കന്‍ പ്രതിരോധം ഇളകാതെ നിന്നു. ഒടുവില്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ സകാരിയ അവരുടെ പട്ടിക തികച്ചു. ഇതോടെ ലോകകപ്പ് ഫുട്‌ബോളില്‍ ബെല്‍ജിയത്തിന്റെ എട്ടുമത്സരം നീണ്ട അപരാജിത കുതിപ്പിനു കൂടിയാണ് അവസാനമായത്.