അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി ലയണല്‍ മെസി. വര്‍ഷങ്ങളായി കണ്ട സ്വപ്നമാണ് സഫലമായത്. ലോകജേതാക്കളുടെ ജേഴ്‌സിയില്‍ തുടരണം. ഇപ്പോള്‍ വിരമിക്കാനില്ലെന്നും മെസി പറഞ്ഞു. ഫൈനല്‍ ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
വര്‍ഷങ്ങളായി കണ്ട സ്വപ്നമാണ് സഫലമായത്. അത് വിശ്വസിക്കാനാവുന്നില്ല. എനിക്ക് ഈ വിജയം ദൈവം സമ്മാനിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ലോകജേതാക്കളായ ജേഴ്‌സിയില്‍ തുടരണം. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കാനുള്ള തയ്യാറെടുപ്പില്ലെന്നും മെസി പറഞ്ഞു. നേരത്തെ, ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ, ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പറഞ്ഞിരുന്നു. അടുത്ത ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുപാട് കാത്തിരിക്കേണ്ടിവരും, അതിന് താനില്ല. ഈ ലോകകപ്പ് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞിരുന്നു.
2006 ലോകകപ്പില്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ സ്വന്തമാക്കിയ മെസി പിന്നീട് അര്‍ജന്റീനയുടെ വിജയ ശില്‍പിയായി മാറുകയായിരുന്നു. പതിനെട്ട് വയസും 357 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന മെസി അതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരവുമായി.