ക്യാമ്പില്‍ പടര്‍ന്നു പിടിക്കുന്ന പനിക്കു പിന്നാലെ ഫ്രഞ്ച് ടീമിലെ പരുക്ക് ഭീഷണിയും ആരാധകര്‍ക്ക് ആശങ്കയാവുന്നു. ലോകചാമ്പ്യനെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നേറ്റ താരം ഒലിവര്‍ ജിറൂഡും പരുക്കിന്റെ പിടിയിലായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പരുക്കേറ്റ ജിറൂഡിന്റെയും പനിപിടിച്ച വരാനെയുടെയും സേവനം കലാശപ്പോരിന് ഫ്രാൻസിന് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.
ഒലിവര്‍ ജിറൂഡിന് കാല്‍ മുട്ടിന് പരുക്കേറ്റിട്ടുണ്ടെന്നും അര്‍ജന്റീനയുമായുള്ള ഖത്തറിലെ അവസാന പോരാട്ടത്തിന് ബെഞ്ചിലിരിക്കാനാണ് സാധ്യതയെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച നടന്ന ഫ്രാന്‍സിന്റെ പരിശീലനത്തിൽ ജിറൂഡ് പങ്കെടുത്തിരുന്നില്ല. ലോകകപ്പിന്റെ അവസാന പോരാട്ടത്തില്‍ ജിറൂഡ് ഇറങ്ങാതെ വന്നാല്‍ അത് ടീമിന് കനത്ത തിരിച്ചടിയാവും. ജിറൂഡിന് പകരം മാര്‍ക്കസ് തുറാമിനെ ആദ്യ ഇലവനിൽ ഇറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ലോകകപ്പിൽ ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു ജിറൂഡ്. പ്രായം പരിമിതിയാകാതെ മുന്നേറ്റത്തെ നയിച്ച ജിറൂഡ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മെസിക്കും എംബാപ്പെയ്ക്കും പിന്നിൽ തന്നെയുണ്ട്. ഖത്തറില്‍ അഞ്ച് മത്സരങ്ങളിലായി താരം നാല് ഗോളുകളാണ് ഈ 36കാരന്‍ വലയിലാക്കിയത്. ഒലിവര്‍ ജിറൂഡിന്റെ അഭാവം ഫ്രഞ്ച് ആക്രമണ നിരയെ ആശങ്കയിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഫ്രാന്‍സിന്റെ കളിക്കാര്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച 'ഫ്ലൂ'വും നിലവിലെ ചാമ്പ്യന്മാരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. അഞ്ച് പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. റാഫേല്‍ വരാനെ, ഇബ്രാഹിമ കൊണാറ്റെ, കിങ്സ്ലി കോമാന്‍, അഡ്രിയന്‍ റാബിയോട്ട്, ദയോട്ട് ഉപമെക്കാനോ എന്നിവര്‍ക്കാണ് വൈറൽ പനി പിടപെട്ടത്. ഇതിൽ വരാനെ ഒഴികെ മറ്റ് നാലുപേരും പരിശീലനം നടത്തിയത് ആശ്വാസ വാർത്തയാണ്. വരാനെയെ ഐസൊലേഷൻ ചെയ്തെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത. കൊണാറ്റെ-വരാനെ സഖ്യത്തിന്റെ അഭാവം ഫ്രാൻസിന്റെ പ്രതിരോധ തന്ത്രങ്ങളെ തകിടം മറിക്കും. മൊറോക്കോയ്‌ക്കെതിരെ ഗോള്‍ നേടിയ ലെഫ്റ്റ് ബാക്ക് തിയോ ഫെര്‍ണാണ്ടസും, മിഡ് ഫീല്‍ഡര്‍ ഔറേലിയന്‍ ചൗമേനിയും പരുക്കിന്റെ പിടിയിലാണ്.