ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നു തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും മുന്നില്‍ ഒരു പ്രതികാര ലക്ഷ്യം കൂടി. ഇന്ന് രാത്രി 12:30ന് ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ യുറുഗ്വായെ നേരിടാന്‍ ഇറങ്ങുന്ന അവര്‍ 2018 റഷ്യ ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കാനാണ് ശ്രമിക്കുന്നത്.
അന്ന് യുറുഗ്വായോടു തോറ്റാണ് പോര്‍ചുഗല്‍ പുറത്തായത്. ഇന്ന് യുറുഗ്വായെ തോല്‍പിക്കാനായാല്‍ പോര്‍ചുഗലിന് നോക്കൗട്ട് ഉറപ്പിക്കാനുമാകും അതുവഴി യുറുഗ്വായുടെ വഴിയടയ്ക്കാനും കഴിയും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയ്‌ക്കെതിരേ നേടിയ 3-2ന്റെ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പറങ്കികള്‍.
ജയത്തോ2െ മൂന്നുപോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്തുള്ള അവര്‍ക്ക് ഇന്നത്തെ ജയം പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കും. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയാവോ എന്നിവരാണ് ആദ്യ മത്സരത്തില്‍ സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ബ്രുണോ ഫെര്‍ണാണ്ടസ്, ബെര്‍നാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ആ പ്രകടനം ആവര്‍ത്തിക്കാനാണ് പോര്‍ചുഗല്‍ ലക്ഷ്യമിടുന്നത്. അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടി റെക്കോഡ് സൃഷ്ടിച്ച റൊണാള്‍ഡോ മുന്നില്‍ നിന്നു നയിക്കുമെന്നാണ് ആരാധരും പ്രതീക്ഷിക്കുന്നത്. അതേസമയം മറുവശത്ത് യുറുഗ്വായ് ആകെ പരുങ്ങലിലാണ്. ആദ്യ മത്സരത്തില്‍ ദക്ഷിണകൊറിയയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്ന അവര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ലൂയിസ് സുവാരസ്, ഫെഡറിക്കോ വാല്‍വെര്‍ദെ, എഡിന്‍സണ്‍ കവാനി, പെല്ലിസ്ത്രി എന്നിവരുടെ ബൂട്ടുകളിലേക്കാണ് യുറുഗ്വായ് ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ കൊറിയന്‍ പ്രതിരോധപ്പൂട്ട് പൊളിക്കാനാകാതെ പോയ ഇവര്‍ക്ക് റൂബന്‍ ഡയസ് നയിക്കുന്ന പോര്‍ചുഗീസ് പ്രതിരോധത്തെ മറികടക്കാനാകുമോയെന്ന് കണ്ടറിയണം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തുല്യശക്തികളായ ഘാനയും ദക്ഷിണകൊറിയയുമാണ് ഏറ്റുമുട്ടുന്നത്. ഒരു സമനിലയോടെ ഒരു പോയിന്റുള്ള കൊറിയയ്ക്കും ആദ്യം മത്സരം തോറ്റ ഘാനയ്ക്കും നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്നു ജയിച്ചേ തീരു. ഇനാകി വില്യംസ്, ആന്ദ്രെ അയു, യുവതാരം മുഹമ്മദ് കുദൂസ് തുടങ്ങിയവരിലാണ് ഘാനയുടെ പ്രതീക്ഷ. മറുവശത്ത് ഹ്യുങ് മിന്‍ സണ്ണില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കൊറിയ ഇറങ്ങുന്നത്.