സിമോണ്‍ മാര്‍സിനിയാക് 
Qatar World Cup

ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ യുവേഫയിലെ മിന്നും റഫറി

ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ പോളിഷ് റഫറിയെന്ന വിശേഷണമാണ് മാര്‍സിനിയാക്കിനെ കാത്തിരിക്കുന്നത്

വെബ് ഡെസ്ക്

ഖത്തറിലെ ഒരു മാസം നീണ്ട കാല്‍പ്പന്ത് പോരാട്ടത്തിന് ഞായറാഴ്ച ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ അവസാനമാകും. കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടും. വീറും വാശിയുമൊക്കെ പതിന്മടങ്ങ് പ്രതീക്ഷിക്കപ്പെടുന്ന മത്സരം നിയന്ത്രിക്കാനെത്തുന്നത് പോളിഷ് റഫറി സിമോണ്‍ മാര്‍സിനിയാക് ആണ്. ഫിഫ റഫറി ചെയര്‍മാന്‍ പിയര്‍ലൂജി കോളിന ആണ് ഫൈനലിനായി മാര്‍സിനിയാക്കിനെ തിരഞ്ഞെടുത്തത്. മാര്‍സിനിയാക്കിന്റെ നാട്ടുകാരായ പാവല്‍ സോകോള്‍നിക്കിയും തോമസ് ലിസ്റ്റികിവിച്ചുമാണ് അസിസ്റ്റന്റ് റഫറിമാര്‍. യുഎസ്എയുടെ ഇസ്മായില്‍ എല്‍ഫത്താണ് ഫോര്‍ത്ത് ഒഫിഷ്യല്‍. വാറില്‍ പോളണ്ടില്‍ നിന്നുള്ള തോമസ് ക്വിയാറ്റ്കോവ്സ്‌കിയും ഉണ്ടാകും. ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ പോളിഷ് റഫറിയെന്ന വിശേഷണമാണ് മാര്‍സിനിയാക്കിനെ കാത്തിരിക്കുന്നത്. അതേസമയം, കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്ന മെസിയെ സംബന്ധിച്ചിടത്തോളം മാര്‍സിനിയാക്കിന്റെ 'സാന്നിധ്യം' അത്ര സുഖകരമല്ലാത്ത ഓര്‍മയാണ്.

ഖത്തര്‍ ലോകകപ്പിലെ റഫറീയിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കവും വിവാദവും തുടരുന്നതിനിടെ, ഉയര്‍ന്ന റേറ്റിങ്ങും പ്രശംസയുമാണ് മാര്‍സിനിയാക്കിയെ ഫൈനലിലെത്തിച്ചത്. 2009ല്‍ പോളണ്ട് ദേശീയ ഫുട്ബോള്‍ ലീഗില്‍ കരിയര്‍ ആരംഭിച്ച മാര്‍സിനിയാക് 2013ലാണ് ഫിഫയുടെ ഔദ്യോഗിക റഫറിമാരുടെ പട്ടികയില്‍ ഇടം നേടുന്നത്. 2014ലെ ഫിഫ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. 2015ല്‍ യുവേഫ യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും റഫറിയായി. 2016 യൂറോ കപ്പില്‍ മൂന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. 2018ലായിരുന്നു ലോകകപ്പിലെ അരങ്ങേറ്റം. സോക്കോള്‍നിക്കിനും ലിസ്റ്റ്കിവിച്ചിനും ഒപ്പമായിരുന്നു അന്നും മത്സരം നിയന്ത്രിച്ചത്. സ്വീഡനെതിരായ മത്സരത്തില്‍ ജര്‍മ്മന്‍ താരം ജെറോം ബോട്ടെങ്ങിന് ചുവപ്പുകാര്‍ഡ് കൊടുത്തതും മാര്‍സിനിയാക്കായിരുന്നു. 2018ല്‍ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സൂപ്പര്‍ കപ്പിലും വിസിലൂതിയിട്ടുണ്ട്.

യുവേഫയുടെ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ പതിവായി നിയന്ത്രിക്കുന്ന റഫറിയെന്ന വിശേഷണവും ഈ 41കാരനുണ്ട്. എന്നാല്‍, ബാഴ്‌സലോണയ്ക്കായി കളത്തിലിറങ്ങിയിരുന്ന അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്ക് മാര്‍സിനിയാക്കിന്റെ സാന്നിധ്യം അത്ര 'ശുഭകരമല്ല'. 2016-17 സീസണില്‍ മാര്‍സിനിയാക് മൈതാനത്തുണ്ടായിരുന്ന രണ്ട് മത്സരങ്ങളിലും ബാഴ്സലോണയ്ക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ആദ്യ തോല്‍വി ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയോട് 4-0നായിരുന്നു. രണ്ടാമത്തെ തോല്‍വി ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനോടായിരുന്നു. ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാവാതെ ബാഴ്സലോണ മൂന്ന് ഗോളുകള്‍ക്കാണ് അന്ന് തോല്‍വി ഏറ്റുവാങ്ങി. രണ്ടാം പാദത്തില്‍ യുവന്റസിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബാഴ്‌സ ലീഗില്‍നിന്ന് പുറത്താവുകയും ചെയ്തു.

ഖത്തറില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ക്കാണ് മാര്‍സിനിയാക് വിസിലൂതിയത്. ഫ്രാന്‍സും ഡെന്‍മാര്‍ക്കും തമ്മിലുള്ള ഗ്രൂപ്പ് ഘട്ടവും അര്‍ജന്റീന-ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടര്‍ മത്സരവും നിയന്ത്രിച്ചത് പോളിഷ് റഫറിയായിരുന്നു. മെസി ഉണ്ടായിരുന്ന ബാഴ്‌സയ്ക്ക് സംഭവിച്ചതുപോലെ അര്‍ജന്റീനയ്ക്ക് സംഭവിച്ചില്ല. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ കീഴ്‌പ്പെടുത്തി അര്‍ജന്റീന മുന്നേറി. രണ്ട് മത്സരങ്ങളിലുമായി അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് മാര്‍സിനിയാക് പുറത്തെടുത്തത്. പെനാല്‍റ്റിയോ ചുവപ്പ് കാര്‍ഡുകളോ വിധിച്ചിട്ടില്ല.

ഹൃദയമിടിപ്പ് കൂടുന്ന അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കളിക്കളത്തില്‍നിന്ന് മാറി നിന്ന മാര്‍സിനിയാക്കിന് ഇത് ചരിത്രമുഹൂര്‍ത്തമാണ്. ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ പോളിഷ് റഫറിയാകും അദ്ദേഹം. മിനുറ്റില്‍ 100 തവണ ഹൃദയം മിടിക്കുന്ന അസുഖമായിരുന്നു അദ്ദേഹത്തിന്. അതിനെയെല്ലാം അതിജീവിച്ചാണ് മാര്‍സിനിയാക് കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ എത്തുന്നത്. മാര്‍സിനിയാക്കിന്റെ വിസില്‍ മുഴങ്ങുമ്പോള്‍ ആര്‍ക്കൊക്കെ ഹൃദയമിടിപ്പ് കൂടുമെന്നാണ് ഇനി അറിയാനുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ