ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും പോര്‍ച്ചുഗല്‍ ടീമില്‍ ആശയക്കുഴപ്പം തീരുന്നില്ല. മത്സരഫലമല്ല , മറിച്ച മത്സരത്തിലെ ആദ്യ ഗോളാണ് ഇപ്പോള്‍ വിവാദവിഷയം. ഗോള്‍ നേടിയത് ബ്രൂണോ ഫെര്‍ണാണ്ടസ് ആണെന്ന് ഫിഫ വ്യക്തമാക്കുമ്പോള്‍, അത് ക്രിസ്റ്റിയാനോയുടേതെന്ന് സ്ഥാപിക്കാനുള്ള തിരക്കിലാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇതിനായി ഫിഫയ്ക്ക് തെളിവുകള്‍ കൈമാറാന്‍ ഒരുങ്ങുകയാണ് അവര്‍. അതേസമയം പന്ത് നിര്‍മാക്കളായ അഡിഡാസ് ഫിഫയെ ശിരിവെച്ച് രംഗത്തെത്തി.
യുറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ 54ാം മിനുറ്റിലാണ് വിവാദമായ ഗോള്‍ പിറന്നത്. ബ്രൂണോയുടെ ക്രോസിന് ഉയര്‍ന്ന് ചാടി ക്രിസ്റ്റിയാനോ ഹെഡ് ചെയ്യുകയായിരുന്നു. ഗോള്‍ ക്രിസ്റ്റിയാനോ ആഘോഷമാക്കുകയും ചെയ്തു. സ്‌റ്റേഡിയത്തിലെ അനൗണ്‍സ്‌മെന്‌റ് ബ്രൂണോ ഗോള്‍ നേടിയെന്നായിരുന്നു. എന്നാല്‍ നിരവധി റീപ്ലേകള്‍ക്ക് ശേഷം ബ്രൂണോ ഫെര്‍ണാണ്ടസിന് ഗോള്‍ നല്‍കാന്‍ ഫിഫ തീരുമാനിച്ചു. പന്ത് റൊണാള്‍ഡോയുടെ തലയില്‍ തട്ടിയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതോടെ വിവാദം അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.
താന്‍ പന്തില്‍ തട്ടിയെന്നാണ് ക്രിസ്റ്റ്യാനോ അവകാശപ്പെടുന്നത്. ഇക്കാര്യ താരം പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ സ്ഥിരീകരിച്ചു. സൂപ്പര്‍ താരത്തിന്‌റെ വാദം ശരിവെയ്ക്കുന്ന തെളിവുകള്‍ നല്‍കാന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുങ്ങുന്നതായാണ് പുതിയ വിവരം. എല്‍ ഷിരിങ്ഗുട്ടോ ടിവിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
എന്നാല്‍ ബ്രൂണോയുടെ ഗോളെന്ന് ഉറപ്പിക്കുകയാണ് പന്ത് നിര്‍മാതാക്കളായ അഡിഡാസ്. പന്തിനകത്ത് സ്ഥാപിച്ച സെന്‍സറില്‍ നിന്നെടുത്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. ഇക്കാര്യം വ്യക്തമാക്കി അഡിഡാസ് പ്രസ്താവന ഇറക്കി. സെന്‍സര്‍ ഡേറ്റവെച്ച് അഡിഡാസ് ഇത് വിവരിക്കുകയും ചെയ്തു. ഗോള്‍ ആരുടേത് എന്നതില്‍ ആരാധകര്‍ക്കിടയിലും രണ്ട് പക്ഷമുണ്ട്. ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ വിവാദത്തില്‍ കക്ഷി ചേരുന്നത് പ്രശ്‌നം വഷളാക്കിയേക്കും.
അതേസമയം ക്രിസ്റ്റ്യാനോയുടെ ഗോളെന്ന് കരുതിയാണ് താന്‍ ആഘോഷിച്ചതെന്നാണ് ബ്രൂണോയുടെ പ്രതികരണം. പന്ത് സി ആര്‍ 7 ന് ക്രോസ് ചെയ്യുകയായിരുന്നുവെന്നും അത് അദ്ദേഹം തൊട്ടതായാണ് തനിക്ക് തോന്നിയതെന്നും ബ്രൂണോ മത്സര ശേഷം പറഞ്ഞു.