ഫെര്‍ണാണ്ടോ സാന്റോസ്  
Qatar World Cup

ലോകകപ്പിലെ തോല്‍വി, വിവാദം: റൊണോള്‍ഡോയെ ബെഞ്ചിലിരുത്തിയ സാന്റോസ് ഒടുവില്‍ പുറത്ത്

വെബ് ഡെസ്ക്

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിക്കും വിവാദങ്ങള്‍ക്കും പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലകസ്ഥാനത്തുനിന്നും ഫെര്‍ണാണ്ടോ സാന്റോസ് പുറത്ത്. സാന്റോസ് സ്ഥാനമൊഴിഞ്ഞതായി പോര്‍ച്ചുഗീസ് സോക്കര്‍ ഫെഡറേഷനാണ് അറിയിച്ചത്. എട്ട് വര്‍ഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സാന്റോസ്, കരാര്‍ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെയാണ് പടിയിറങ്ങുന്നത്. പരസ്പര ധാരണ പ്രകാരമാണ് സാന്റോസ് സ്ഥാനമൊഴിയുന്നതെന്നാണ് ഫെഡറേഷന്റെ വിശദീകരണം. എന്നാല്‍, നിര്‍ണായക മത്സരങ്ങളില്‍ ഉള്‍പ്പെടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയതും തുടര്‍ വിവാദങ്ങളുമാണ് സാന്റോസിന്റെ പെട്ടെന്നുള്ള പടിയിറക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

ടീമിന്റെ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് പോളോ ബെന്റോയെ പുറത്താക്കിയതിനു പിന്നാലെ, 2014 സെപ്റ്റംബര്‍ 23നാണ് പോര്‍ച്ചുഗീസ് പരിശീലകനായി 68കാരനായ സാന്റോസിനെ നിയമിച്ചത്. പിന്നീടുള്ള എട്ട് വര്‍ഷം പോര്‍ച്ചുഗീസ് ഫുട്‌ബോളിന്റെ നല്ല കാലമായിരുന്നു. 2016ല്‍ പോര്‍ച്ചുഗല്‍ ആദ്യ അന്താരാഷ്ട്ര കിരീടം, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ സാന്റോസിന്റെ പരിശീലന മികവ് അംഗീകരിക്കപ്പെട്ടു. 2019ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിലും സാന്റോസിന്റെ ചുണക്കുട്ടികള്‍ മുത്തമിട്ടു. പറങ്കിപ്പടയെ വിജയവഴികളിലേക്ക് കൈപിടിച്ച പരിശീലകന്‍ എന്ന വിശേഷണവുമായാണ് സാന്റോസ് ഖത്തറിലെത്തിയത്. ലോകകപ്പ് കിരീട പ്രതീക്ഷയുമായെത്തിയ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റ് പുറത്തായി. അതോടെ, സാന്റോസിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

കരാര്‍ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെയാണ് ഫെര്‍ണാണ്ടോ സാന്റോസ് പടിയിറങ്ങുന്നത്

റൊണാള്‍ഡോയുമായുള്ള തര്‍ക്കവും സൂപ്പര്‍ താരത്തെ ബെഞ്ചിലിരുത്തിയ നടപടിയും സാന്റോസിനെ വിവാദ നായകനാക്കി. പ്രീ ക്വാര്‍ട്ടറിലും ഏറെ നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനലിലുമാണ് റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ ടീമംഗത്തോടുള്ള റൊണാള്‍ഡോയുടെ മോശം പെരുമാറ്റവും ഫോമില്ലായ്മയുമൊക്കെ കണക്കിലെടുത്തായിരുന്നു സാന്റോസിന്റെ തീരുമാനം. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് പകരം റാമോസിനെ ആദ്യ പതിനൊന്നില്‍ കളത്തിലിറക്കി. അവസാന സമയം മാത്രമായിരുന്നു റൊണാള്‍ഡോ കളത്തിലിറങ്ങിയത്. സ്വിസ്പ്പടയെ റാമോസിന്റെ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തകര്‍ത്തു. സാന്റോസിന്റെ തന്ത്രം പ്രശംസിക്കപ്പെട്ടെങ്കിലും റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

റൊണാള്‍ഡോ വിഷയത്തില്‍ ടീമിനുള്ളില്‍ തന്നെ വിഭാഗീയത തലപൊക്കി. ഒരുപക്ഷം സാന്റോസിനൊപ്പമായിരുന്നു. കോച്ചിന്റെ തീരുമാനത്തില്‍ അതൃപ്തനായ റൊണാള്‍ഡോ ഖത്തര്‍ വിട്ടേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, എല്ലാം വാര്‍ത്തകളെയും തള്ളി സാന്റോസ് രംഗത്തെത്തിയിരുന്നു. മത്സരത്തിലെ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയത്. അത്തരമൊരു നീക്കത്തോട് റൊണാള്‍ഡോ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും മുന്നോട്ടുപോകുകയായിരുന്നുവെന്നും സാന്റോസും വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ക്വാര്‍ട്ടര്‍ ഫൈനലിലും സാന്റോസ് തീരുമാനം തിരുത്തിയില്ല. മൊറോക്കോയ്‌ക്കെതിരെയും റൊണാള്‍ഡോ ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചില്ല. 42ാം മിനുറ്റില്‍ യൂസഫ് എന്‍ നെസിരി നേടിയ ഏക ഗോളില്‍ മത്സരത്തില്‍ പിടിമുറുക്കിയ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ പൊരുതുമ്പോഴും റോണോയെ കളത്തിലിറക്കിയില്ല. ടീം പരാജയത്തിലേക്ക് കൂപ്പുകുത്തി നില്‍ക്കെ, അവസാനത്തെ ഏതാനും മിനുറ്റുകള്‍ മാത്രമാണ് റൊണാള്‍ഡോ കളത്തിലിറങ്ങിയത്. എന്നാല്‍, സഹതാരങ്ങളില്‍നിന്ന് കൃത്യമായ പാസ് പോലും ലഭിക്കാതെ താരം നിസ്സഹനായി.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ തന്ത്രം മൊറോക്കോയ്‌ക്കെതിരെ പാളിയതോടെ സാന്റോസ് വിമര്‍ശിക്കപ്പെട്ടു. റൊണാള്‍ഡോയെ മാറ്റി നിര്‍ത്തി പോര്‍ച്ചുഗല്‍ പ്രതീക്ഷകള്‍ തകര്‍ത്ത സാന്റോസിന് എതിരെ ഫുട്‌ബോള്‍ ആരാധകരും വിദഗ്ധരുമൊക്കെ രംഗത്തെത്തി. അവസാന ലോകകപ്പിനെത്തിയ റൊണാള്‍ഡോയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന വികാരവും ഉയര്‍ന്നു. പിന്നാലെയാണ് സാന്റോസിന്റെ പടിയിറക്കം. കരാര്‍ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ ഫെഡറേഷനുമായി ആലോചിച്ചാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സാന്റോസിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. അതിനുവേണ്ടിയുള്ള തിരച്ചിലിലാണെന്നാണ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്