ഫുട്ബോള്.. സോക്കര്‍.. ഏതാണ് ശരി? മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും പലര്‍ക്കും തോന്നാറുള്ള സംശയമാണ്. കടുത്ത ഫുട്ബോള്‍ പ്രേമികള്‍ക്ക് പോലും ചിലപ്പോള്‍ കൃത്യമായ ഉത്തരം പറയാന്‍ പറ്റാറില്ല. ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന യുഎസ്എ - ഇംഗ്ലണ്ട് മത്സരത്തിലും ഇതൊരു തർക്ക വിഷയമായി ഉയര്‍ന്നുവന്നു. അമേരിക്കൻ ആരാധകരുടെ കാഴ്ചപ്പാടിൽ ഖത്തറില്‍ നടക്കുന്നത് സോക്കർ ലോകകപ്പാണ്. അതാണ് ശരിയെന്നും അവർ വാദിക്കുന്നു. അതേസമയം, ഇത് ഫുട്ബോളാണ് എന്നാണ് ബ്രിട്ടീഷ് ആരാധകരുടെ പക്ഷം. ഇതില്‍ ആര് പറയുന്നതാണ് ശരി?
ഏതാണ് ശരി?
സാങ്കേതികമായി പരിശോധിച്ചാല്‍, രണ്ട് പ്രയോഗവും ശരിയാണ്. 1863ല്‍ ഫുട്ബോൾ അസോസിയേഷൻ ക്രോഡീകരിച്ച ഒരേ കായിക ഇനത്തെയാണ് ഇരുപക്ഷവും രണ്ട് പേരുകളില്‍ വിളിക്കുന്നത്. രണ്ട് പ്രയോഗങ്ങളും കാല്‍പ്പന്ത് കളിയെ തന്നെയാണ് വിശേഷിപ്പിക്കുന്നത്. വേണമെങ്കിൽ, രണ്ട് വാക്കുകളും പര്യായങ്ങള്‍ ആണെന്നും പറയാം.
യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരാണ് കാല്‍പ്പന്ത് കളിയെ സോക്കര്‍ എന്ന ആദ്യം വിശേഷിപ്പിച്ചത്. ഫുട്ബോളിന്റെ ആഗോളവത്കരണം നടക്കുന്നത് മുൻപ് അവർ അത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അവർ അത് അംഗീകരിക്കാൻ ഇപ്പോൾ തയ്യാറല്ല. ഫുട്ബോൾ എന്ന് തന്നെ വിളിക്കണമെന്നാണ് ഇപ്പോൾ ബ്രിട്ടീഷുകാർ പറയുന്നത്. എന്നാൽ അമേരിക്കക്കാർക്ക് സോക്കർ മാത്രമാണ് ശരി. 2022 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമും അമേരിക്കൻ താരം പെയ്റ്റൻ മാനിംഗും പ്രത്യക്ഷപ്പെട്ട പരസ്യത്തിലും ഈ വ്യത്യാസം പ്രകടമായിരുന്നു.
സോക്കറിന്റെ അർഥം
1800കളിലാണ്, പലവിധ രൂപ മാറ്റങ്ങളിലൂടെ കടന്നുപോയതിന് ശേഷം ഇന്ന് കാണുന്ന തരത്തിലേക്ക് ഫുട്ബോൾ പരിണമിക്കുന്നത്. 1863ൽ ആദ്യത്തെ ഫുട്ബോൾ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന് ഉപയോഗിച്ചിരുന്ന പേര് ഫുട്ബോൾ എന്ന് തന്നെയായിരുന്നു. അതേസമയത്താണ് 'റഗ്ബി ഫുട്ബോൾ' എന്നൊരു കായിക ഇനവും രൂപം കൊള്ളുന്നത്. ഇതിനെ രണ്ടിനെയും തിരിച്ചറിയാൻ വേണ്ടിയായിരുന്നു ആദ്യമായി 'അസോസിയേഷൻ ഫുട്ബോൾ' എന്നതിനെ ചുരുക്കി 'സോക്കർ' എന്നാക്കിയത്. 'അസോസിയേഷൻ' എന്നതിൽ നിന്നാണ് സോക്കറിലേക്ക് മാറുന്നത്.
20-ാം നൂറ്റാണ്ടിന്റെ സിംഹഭാവും ബ്രിട്ടീഷുകാര്‍ സോക്കർ എന്ന പദം തന്നെയാണ് ഉപയോഗിച്ച് പോന്നത്. എന്നാൽ പിന്നീട് അവരുടെ പ്രയോഗങ്ങളില്‍ സോക്കര്‍ കുറഞ്ഞ് വന്നു. അമേരിക്കയ്ക്ക് പുറമെ കാനഡ, ന്യൂസീലൻഡ്, അയർലൻഡ്, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളും സോക്കർ എന്നാണ് പ്രയോഗിക്കാറുള്ളത്.