2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെതിരേ സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം. ദോഹ വക്രയിലെ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിസ് പടയുടെ ജയം.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 48-ാം മിനിറ്റില്‍ ബ്രീറ്റ് എംബോളോയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയഗോള്‍ നേടിയത്. കാമറൂണില്‍ ജനിച്ചു വളര്‍ന്നു പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് എംബോളോ. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച കാമറൂണിനെ സ്വിറ്റ്‌സര്‍ലന്‍ഡ് നിഷ്പ്രഭമാക്കിയ ഏക നിമിഷവും അതായിരുന്നു.
കളിയിലുടനീളം ആധിപത്യവും പന്തടക്കവും കാമറൂണിനായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചതും ആഫ്രിക്കക്കാരാണ്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മകളും ക്രോസ്ബാറിനു കീഴില്‍ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സമ്മറിന്റെ മെയ്‌വഴക്കവും അവര്‍ക്കു തിരിച്ചടിയായി.
ആദ്യപകുതിയില്‍ തന്നെ ഗോളെന്നുറച്ച നാലോണം സുവര്‍ണാവസരങ്ങളാണ് കാമറൂണ്‍ തുലച്ചത്. സമനിലക്കുരുക്ക് അഴിയാതെ ഇടവേളയ്ക്കു പിരിഞ്ഞ ഇരുകൂട്ടരും രണ്ടാം പകുതിയില്‍ ഇറങ്ങിയപ്പോഴും കാമറൂണാണ് ആക്രമണത്തിന് തുക്കമിട്ടത്. എന്നാല്‍ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സ്വന്തം പേരിലെഴുതി.
സൂപ്പര്‍ താരം സെര്‍ദാന്‍ ഷാക്കീരി നല്‍കിയ പാസില്‍ നിന്നാണ് എംബോളോ കാമറൂണ്‍ ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയെ കീഴടക്കി വിജയഗോള്‍ കുറിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലേ വീണ ഗോള്‍ കാമറൂണിന്റെ സമനില തെറ്റിച്ചു. പിന്നീട് ഗോള്‍ മടക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധവും സമ്മറും ഇളകാതെ പിടിച്ചുനിന്നു.