ഖത്തര്‍ ലോകകപ്പില്‍ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളും ഉയരുകയാണ്. ഇംഗ്ലണ്ട്- ഇറാന്‍ മത്സരം കാണാന്‍ ടിക്കറ്റെടുത്തപലര്‍ക്കും സാങ്കേതിക തകരാര് മൂലം മത്സരം കാണാനാകാഞ്ഞതാണ് പുതിയ വിവാദം. മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞ മത്സരം തുടങ്ങിയത് ഒഴിഞ്ഞ ഗ്യാലറിയുമാണ്. അതേസമയം മത്സരം നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് പുറത്ത് മത്സരം കാണാനെത്തിയവരുടെ വന്‍ തിരക്കായിരുന്നു.
ടിക്കറ്റിങ് ആപ്പിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തകരാര്‍ സംബന്ധിച്ച് ഫിഫ തന്നെയാണ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. മത്സരം നടക്കുമ്പോള്‍ ആയിരക്കണക്കിന് കാണികള്‍ക്ക് സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കേണ്ടി വന്നു. പുറത്ത് നിൽക്കേണ്ടി വന്നവരിൽ ഏറെയും ഇംഗ്ലീഷ് ആരാധകരായിരുന്നു. മത്സരം തുടങ്ങുന്നതിന് അല്പസമയം തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഫിഫയുടെ അനാസ്ഥക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.
ഗ്രൗണ്ടിന് പുറത്ത് വലിയ തിരക്ക് അനുഭവപ്പെട്ടതോടെ സ്ഥിരീകരണവുമായി ഫിഫ ഔദ്യോഗിക പ്രസ്താവന ഇറക്കി. ഫിഫ ടിക്കറ്റിങ് ആപ്പ് വഴി ടിക്കറ്റ് ലഭ്യമാകുന്നതില്‍ ചില കാണികള്‍ പ്രശ്‌നം നേരിടുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ഫിഫ ട്വീറ്റ് ചെയ്തു. 68,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ മത്സരം കണ്ടത് 45,334 പേർ മാത്രമെന്നാണ് ഔദ്യോഗിക കണക്ക്.