ബ്രസീൽ മുന്നേറ്റ നിരയുടെ ചാട്ടുളി പോലെയുള്ള കുതിപ്പുകളെ നെയ്മറുടെ അഭാവം ബാധിച്ചുവെന്നതിന്റെ തെളിവായിരുന്നു സ്വിറ്റ്സർലൻഡുമായുള്ള പോരാട്ടം. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിന് കാനറിപ്പട ഗ്രൗണ്ടിലെത്തിയപ്പോൾ നെയ്മറെന്ന സൂപ്പർ താരത്തിന്റെ കുറവ് പ്രകടമായിരുന്നു. നെയ്മറെന്ന ഒരൊറ്റ താരത്തെ ആശ്രയിച്ചല്ല ടീമുള്ളതെന്ന് കോച്ച് ടിറ്റെയും ആരാധകരുമെല്ലാം പറയുമ്പോഴും ബ്രസീലിൽ നെയ്മറിന്റെ സ്ഥാനമെന്താണെന്ന് ഇന്നത്തെ കളി കാണിച്ചു തന്നു.
വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ, നെയ്മർ ത്രയമായിരുന്നു സെർബിയയ്ക്കെതിരായ കളിയിൽ മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നത്. നെയ്മർ പരിക്കിനെ തുടർന്ന് പുറത്തായതോടെ താരത്തിന് പകരക്കാരനായി ഫ്രഡിനെയാണ് ടിറ്റെ കളത്തിലിറക്കിയത്. താരത്തിന്റെ അഭാവത്തിൽ ഫോർമേഷനും മാറ്റിയാണ് ബ്രസീൽ സ്വിസ് പടക്കെതിരെ അണിനിരന്നത്. സെർബിയയ്ക്കെതിരെ റിച്ചാൽസണിനെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ഫോർമേഷനിലാണ് ഇറങ്ങിയതെങ്കിൽ ഇന്നത് 4-3-3 എന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.
കാസിമിറോയുടെ മികച്ച ഒരു ഗോളിലൂടെ ബ്രസീൽ മൂന്ന് പോയിന്റ് കരസ്ഥമാക്കിയെങ്കിലും സെർബിയയ്ക്കെതിരെ കളിച്ച ടീമിനെ സ്റ്റേഡിയം 974ൽ കാണാനായില്ല. അതിന് കാനറികള്‍ കനത്ത വില നല്‍കേണ്ടിയും വന്നു. കളിക്കളത്തില്‍ എതിരാളികളെ അതിവിദഗ്ധമായി കബളിപ്പിച്ച് പന്ത് കൈമാറുന്നതില്‍ നെയ്മറിന്റെ വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. അത്തരമൊരു താരത്തിന്റെ അഭാവം പലപ്പോഴും ഫൈനല്‍ തേഡിലെ ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയായി. മാത്രമല്ല, നെയ്മര്‍ കളത്തിലുണ്ടെങ്കില്‍ എതിര്‍പ്പടയിലെ രണ്ട് പേരെങ്കിലും താരത്തെ മാര്‍ക്ക് ചെയ്യാനായുണ്ടാകും. ഇന്ന് അത്തരമൊരു സാഹചര്യം ഇല്ലായിരുന്നു. അതിനാല്‍ കാനറിപ്പടയുടെ ആക്രമണത്തിന്റെ മുനയൊടിക്കാന്‍ സ്വിസ്പ്പടയ്ക്ക് വേഗം സാധിച്ചു. ഒരുവേള, ഏഴും എട്ടും താരങ്ങളെ വരെ അവര്‍ പ്രതിരോധത്തിലേക്ക് വലിയ്ക്കുകയും ചെയ്തിരുന്നു.
സെർബിയയ്ക്കെതിരെയുള്ള കളിയിൽ കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് സൂപ്പര്‍ താരത്തിന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായത്. ഡിസംബർ മൂന്നിന് കാമറൂണുമായുള്ള കളിയിലും നെയ്മർ ഉണ്ടാകില്ല. മികച്ച സ്ക്വാഡുമായി ഖത്തറിലേക്ക് വിമാനം കയറിയ ബ്രസീലിന് നെയ്മറിന്റെ പരുക്ക് വെല്ലുവിളിയാകില്ല എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ നേരെ തിരിച്ചാണെന്നതിന്റെ സൂചനയാണ് ഇന്നത്തെ കളി. പ്രീ ക്വാർട്ടറിലേക്ക് കടന്നതിനാൽ അടുത്ത കളി പ്രശ്നമാകില്ലെങ്കിലും പിന്നീട് കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല.