അഞ്ച് ലോകകപ്പ് ടൂര്‍ണമെന്റുകള്‍, 22 മത്സരങ്ങള്‍, എട്ട് ഗോള്‍, രണ്ട് അസിസ്റ്റ്‍... പക്ഷേ ലോകകിരീടത്തില്‍ മുത്തമിടാനാകാതെ പറങ്കിപ്പടയുടെ രാജാവ് പടിയിറങ്ങുകയാണ്. എന്നത്തേയും പോലെ പ്രൗഢി ഉണ്ടായിരുന്നില്ല ഇന്ന് ആ ചലനങ്ങള്‍ക്ക്. അവസാന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി മങ്ങി മടങ്ങുകയായിരുന്നു പോര്‍ച്ചുഗലിന്റെ ഒറ്റയാന്‍. ഇത്രയും കാലം ടീമിനെ പടുത്തുയര്‍ത്തിയവന് സ്വന്തം ടീമില്‍ നിന്നും അവഗണന നേരിട്ടുവോ എന്നൊരു സംശയം ബാക്കിയാണ്. അവസാന ലോകകപ്പ് മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ നിന്ന് പോലും തഴയപ്പെട്ട് പകരക്കാരനായി ഇറങ്ങി, തോല്‍വിക്കൊടുവില്‍ കണ്ണീരോടെ മടങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോള്‍ പ്രേമികള്‍ക്ക് നൊമ്പരകാഴ്ചയായി.
റൊണാള്‍ഡോ എന്ന ഒറ്റപ്പേരിനു പിറകെനിന്ന് പോര്‍ച്ചുഗലിനെ നൊഞ്ചോടു ചേര്‍ത്തു പിടിച്ചവരാണ് പലരും. എന്നാല്‍ ആരാധകരുടെ ആഗ്രഹത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് ഇത്തവണ കഴിയാതെ പോയി, അതിന് ഇനി അവസരമില്ല എന്നത് യാഥാര്‍ത്ഥ്യം. ഖത്തര്‍ ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരേയൊരു ഗോള്‍ മാത്രമാണ് റോണോയ്ക്ക് നേടാനായത്.
റൊണാള്‍ഡോ ഇല്ലാതൊരു പോര്‍ച്ചുഗലിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതു പോലും ഈ ലോകകപ്പിലാണെന്ന് പറയാം. വിവാദങ്ങള്‍ പുകയുമ്പോഴും ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ആ ഏഴാം നമ്പറുകാരനിലാണ്. അത് തന്നെയായിരുന്നു തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം ഓരോ തവണയും നമുക്കു മുന്നില്‍ തെളിയിച്ചു തന്നതും. എന്നാല്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യ പകുതിയില്‍ തലകുനിച്ച് ബെഞ്ചിലിരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചിലിരുത്തി, പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പകരക്കാരനായി ഇറക്കിയ ഗോണ്‍സലോ റാമോസ് റോണോയുടെ വിടവ് അതിലും ഭംഗിയായി നികത്തിയതോടെ അടുത്ത മത്സരത്തിലും റോണോയുടെ അവസ്ഥയെന്തെന്ന് ഊഹിക്കാമായിരുന്നു. ക്വാർട്ടറിലും റോണോയെ ബെഞ്ചിലിരുത്തി കരുക്കള്‍ നീക്കിയ സാന്‍റോയുടെ ആ തന്ത്രം മൊറോക്കോയ്ക്ക് മുന്നില്‍ പക്ഷേ പിഴച്ചു.
ഖത്തര്‍ ലോകകപ്പിലേക്ക് എത്തും മുമ്പേ റോണോയെ വിവാദങ്ങള്‍ പിന്തുടര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ അതൊന്നും ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിലായിരുന്നു റോണോയുടെ ഖത്തറിലേക്കുള്ള വരവ്. പക്ഷേ, മൈതാനത്ത് അഴിഞ്ഞാടി ഗോളുകള്‍ അടിച്ചു കൂട്ടിയിരുന്ന ആ പഴയ കളിക്കാരനെ ഖത്തറിന്റെ മുറ്റത്ത് കാണാന്‍ കഴിഞ്ഞില്ല. പകരം അവിടെയും അസ്വാരസ്യങ്ങളുടെ തീപ്പൊരികള്‍ കണ്ടു തുടങ്ങി. മൈതാനം നിറഞ്ഞ് കളിച്ച് ടീമിനു വേണ്ടി ഗോളെണ്ണം കൂട്ടാനും അവസരങ്ങള്‍ മെനഞ്ഞെടുക്കാനും കഴിയാതെ വന്നതോടെ ഫോമിന്റെ കാര്യത്തിലും സംശയമായി.
യുറുഗ്വെയ്‌ക്കെതിരായ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് അനുവദിച്ച ഗോളിനെച്ചൊല്ലിയുണ്ടായ വാഗ്വാദങ്ങളിലും റൊണാള്‍ഡോ വില്ലനായി. അവിടെയും എതിരഭിപ്രായങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ടീമുമായി റോണോയുടെ സ്വരച്ചേര്‍ച്ചയില്ലായ്മ പതുക്കെ മൈതാനത്തിലേക്കും എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ദക്ഷിണകൊറിയയ്ക്കെതിരായ മത്സരത്തില്‍ എതിര്‍ ടീമിലെ കളിക്കാരനോട് മോശമായി പെരുമാറിയതിനും അദ്ദേഹത്തിന് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു. ആ മത്സരം മുതലാണ് റൊണാള്‍ഡോയ്ക്ക് ചുവടു പിഴച്ചു തുടങ്ങിയത്. മത്സരം തീരുന്നതിനു മുമ്പേ സാന്റോസ് അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അതില്‍ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പിന്നീട് സ്വിസര്‍ലന്‍ഡിനെതിരായ കളിയില്‍ 73ാം മിനുറ്റിലാണ് താരത്തെ മൈതാനം തൊടീച്ചത്. ക്വാർട്ടർ മത്സരത്തിലും അത് തന്നെ ആവര്‍ത്തിച്ചു, എന്നാല്‍ ആദ്യ പകുതിയില്‍ മൊറോക്കോ ലീഡിലെത്തുകയും തിരിച്ചടികള്‍ വരാതെയുമായതോടെ റൊണാള്‍ഡോയെ മാറ്റി നിര്‍ത്തിയതിന്റെ പഴിചാരലില്‍ നിന്ന് രക്ഷ നേടാനെന്ന പോലെ രണ്ടാം പകുതിയുടെ ആദ്യം തന്നെ സാന്റോസ് റോണോയെ ഇറക്കി. എന്നാല്‍ എതിരാളികളുടെ വലനിറയ്ക്കാനോ ചടുല ചലനങ്ങളിലൂടെ ആരാധകരെ ആവേശത്തിലാക്കാനോ റോണോയ്ക്ക് കഴിഞ്ഞില്ല. അവസാനം ലോകകപ്പെന്ന വലിയ സ്വപ്‌നവും ബാക്കിയാക്കി കണ്ണീരോടെ പുറത്തേക്ക്.
റോണോ നിങ്ങള്‍ വലിയൊരു പാഠമാണ്. ഒറ്റയ്ക്ക് നിന്നും ഉയരങ്ങള്‍ കീഴടക്കിയ ജേതാവാണ്. രാജകീയമായ യാത്രയയപ്പില്ലാതെ തലകുനിച്ച് മടങ്ങുമ്പോഴും ഇന്നലെകളില്‍ നിങ്ങള്‍ നിര്‍മ്മിച്ചു വച്ച അടയാളങ്ങള്‍ അവിടെ ബാക്കിയാവുന്നു.