Qatar World Cup

മെസിക്ക് പൂർണത പകര്‍ന്ന സ്കലോണിയൻ ടച്ച്

ഇതിഹാസം നേരിട്ടവതരിച്ചിട്ടുപോലും ഒരു അന്താരാഷ്ട്ര കിരീടം മെസിയിലൂടെ അർജന്റീനയ്ക്ക് സമ്മാനിക്കാൻ സാധിക്കാത്തയിടത്താണ് സ്കലോണി വേറിട്ടവനാകുന്നത്

വിഷ്ണു പ്രകാശ്‌

രാജ്യാന്തര ഫുട്ബോളിൽ കിരീടങ്ങൾ നേടാതെ അവസാനിച്ചേക്കാമായിരുന്ന ലയണൽ മെസിയെന്ന ഇതിഹാസത്തിന്റെ കളിജീവിതത്തിന് പൂര്‍ണത നല്‍കിയത് ഒരു 44കാരനാണ്. തോല്‍വിയിലും തിരിച്ചടികളിലും, കളിക്കളത്തിന്റെ വെള്ളവരയ്ക്കിപ്പുറം അചഞ്ചനായി നിന്ന ലയണൽ സ്കലോണി എന്ന അര്‍ജന്റീന പരിശീലകന്‍. കാല്‍പ്പന്തിന്റെ തന്ത്രങ്ങൾ അരച്ചുകലക്കി കുടിച്ചവരും ഇതിഹാസവുമെല്ലാം നേരിട്ടവതരിച്ചിട്ടും ഒരു അന്താരാഷ്ട്ര കിരീടം മെസിയിലൂടെ അർജന്റീനയ്ക്ക് സമ്മാനിക്കാൻ ആര്‍ക്കും സാധിക്കാത്തയിടത്താണ് സ്കലോണി വേറിട്ടവനാകുന്നത്. മെസിയെന്ന പ്രതിഭയെ മാത്രം മുന്നിൽ നിർത്തി മുൻ പരിശീലകർ ടീമിനെ അണിനിരത്തിയപ്പോൾ മെസിക്ക് ചുറ്റും കഠിനാധ്വാനികളായ താരങ്ങളെ കണ്ടെത്തി അദ്ദേഹം മെസിക്കും അർജന്റീനയ്ക്കും സമ്മാനിച്ചത് ലോകഫുട്ബോളിലെ തന്നെ പ്രധാനപ്പെട്ട മൂന്ന് കിരീടങ്ങൾ. ലോകകിരീടവും കോപ്പ അമേരിക്കയും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം പരിശീലകനും ആദ്യത്തെ അർജന്റീന പരിശീലകനുമായി അദ്ദേഹം.

2018 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം ഒഴിഞ്ഞ സാംപോളിയുടെ പകരക്കാരനായാണ് സ്കലോണി അർജന്റീനയ്ക്കൊപ്പം എത്തുന്നത്. കളിക്കുന്ന സമയത്ത്‌ കടുത്ത അർജന്റീന ആരാധകർക്ക് പോലും ഓർമിക്കാനൊന്നുമില്ലാതിരുന്ന സ്ഥാനത്തുനിന്നാണ് എക്കാലവും നിലനിൽക്കുന്ന ഓർമകളിലേക്കുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടം. 2006 ലോകകപ്പിൽ അപ്രതീക്ഷിതമായി അർജന്റീന ടീമിൽ എത്തിയ സ്കലോണി മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് കളിക്കാനിറങ്ങിയത്. മെസിയുടെ അരങ്ങേറ്റ ലോകകപ്പായിരുന്നു ഇന്നത്തെ അർജന്റീന പരിശീലകന്റെയും ആദ്യ ലോകകപ്പ്. താത്കാലിക ചുമതലയിൽ പരിശീലക കുപ്പായമണഞ്ഞ അദ്ദേഹത്തിന് ആദ്യ നാളുകളിൽ അർജന്റീനയിൽപോലും പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ 2019 കോപ്പ അമേരിക്കയിൽ അർജന്റീനയെ മൂന്നാമതെത്തിച്ച സ്കലോണിയെ പതിയെ ആളുകൾ അംഗീകരിച്ചു.

2021ലെ കോപ്പ അമേരിക്ക കിരീടനേട്ടം ആ വിശ്വാസം ഊട്ടിയുറപ്പിച്ചു. 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച സ്കലോണി വീണ്ടും അർജന്റീനയെ കിരീടം സ്വപ്നം കാണാൻ പഠിപ്പിക്കുകയായിരുന്നു. പറയത്തക്ക പരിശീലക പരിചയമില്ലാതെ വന്ന സ്കലോണിക്ക് തന്റെ ക്ലബ് കരിയറിലെ അനുഭവങ്ങളാണ് തുണയായത്. പെരുമയുടെ പുറകെ പോവാതെ കഴിവുള്ളവരെ തേടി കണ്ടെത്തി അവസരം നൽകിയ അദ്ദേഹം മികവ് തെളിയിക്കുന്നവരെ ടീമിനോടൊപ്പം ചേർത്തുനിർത്തി. തൊട്ടടുത്ത വർഷം നടന്ന ഫൈനലിസ്‌മയിൽ ഇറ്റലിയെ വീഴ്ത്തി കിരീടം നേടിയപ്പോൾ യൂറോപ്യന്മാർക്കുള്ള മുന്നറിയിപ്പുകൂടെയായിരുന്നു അത്.

36 മത്സരങ്ങളിൽ തോൽവി അറിയാതെ ടീമിനെ കൊണ്ടുപോയ അദ്ദേഹത്തിന് ഖത്തറിലെ ആദ്യ മത്സരത്തിൽ കാലിടറിയതൊഴിച്ചാൽ അർജന്റീനയിൽ അയാൾ നടത്തിവന്ന പരിഷ്കാരത്തിന്റെ തുടർച്ചയാണ് പിന്നീട് കണ്ടത്. എതിരാളിയെ മനസിലാക്കി ടീമിനെ അണിനിരത്തിയ സ്കലോണിയുടെ ആവനാഴി എപ്പോഴും യുദ്ധ സജ്ജമായിരുന്നു. ഓരോ മത്സരങ്ങളിലും വെവ്വേറെ ശൈലിയിൽ കളിക്കുമ്പോഴും ജയം എന്ന മന്ത്രം മാത്രമാണ് അവരുടെയുള്ളിൽ മാറ്റമില്ലാതെ തുടർന്നത്.

മെസി ഗോൾ നേടാതെ വരുമ്പോൾ ടീമിനായി ഒരു പറ്റം ചെറുപ്പക്കാരെ തയ്യാറാക്കുന്നതിൽ സ്കലോണി വിജയിച്ചിരുന്നു. മെസിയെ പൂട്ടിയാൽ അർജന്റീനയെ തോൽപ്പിക്കാമെന്ന് കരുതിയവർക്കും മെസി ഒരാൾ മാത്രമല്ലേ എന്ന് ചോദിച്ചവർക്കും മെസിയ്ക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞവർക്കുമെല്ലാം പിഴച്ചത് അവിടെയാണ്. അതാണ് സ്കലോണി എന്ന പരിശീലകന്റെ വിജയവും, മെസിയുടെ നേട്ടവും.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്