ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരം ഖത്തർ ലോകകപ്പില്‍ അമേരിക്കയുടെ വിധി നിര്‍ണയിക്കുന്ന മത്സരമാണ് . ഇറാനെതിരായ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ ലോകകപ്പിലെ കണക്കുകളൊന്നും അമേരിക്കയ്ക്ക് അനുകൂലമല്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഒരെണ്ണം മാത്രമാണ് ലോകകപ്പ് ചരിത്രത്തില്‍ അവർ ഇതുവരെ ജയിച്ചിട്ടുള്ളത്.
നിര്‍ഭാഗ്യം പിടികൂടിയ ആ മത്സരത്തില്‍ യുഎസിന്റെ നാല് ഷോട്ടുകളാണ് ക്രോസ്ബാറില്‍ തട്ടിയകന്നത്.
ടൈലര്‍ ആഡംസും സംഘവും ഇറാനെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ 1998ലെ ചരിത്രം ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. 1998ല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറാന്‍ അമേരിക്കയെ തകര്‍ത്തത്. നിര്‍ഭാഗ്യം പിടികൂടിയ ആ മത്സരത്തില്‍ യുഎസിന്റെ നാല് ഷോട്ടുകളാണ് ക്രോസ്ബാറില്‍ തട്ടിയകന്നത്. പ്രീക്വാർട്ടറിലെത്താണ തങ്ങളെക്കൊണ്ടാകുന്ന തരത്തിലെല്ലാം ടീം പരിശ്രമിച്ചെങ്കിലും ഭാഗ്യം ഏഷ്യന്‍ രാജ്യമായ ഇറാനെ തുണയ്ക്കുകയായിരുന്നു.
2010ല്‍ ലാന്‍ഡന്‍ ഡൊണോവന്റെ ചരിത്ര ഗോളിലൂടെ അള്‍ജീരിയയെ 1-0ന് തോല്‍പ്പിച്ച് നേടിയതാണ് ലോകകപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ അമേരിക്കയുടെ ഏക വിജയം. അത് അവർക്ക് പ്രീക്വാർട്ടർ ബെർത്തും ഉറപ്പിച്ചു. മറ്റ് ഏഴ് തവണ അവസാന ഗ്രൂപ്പ് മത്സരങ്ങൾ അമേരിക്ക തോറ്റു. ചിലി, ഓസ്ട്രിയ, റൊമാനിയ, യുഗോസ്ലാവിയ, പോളണ്ട്, ഘാന, ജര്‍മനി എന്നീ രാജ്യങ്ങളാണ് അമേരിക്കൻ തോൽവിക്ക് വഴിവെച്ചത്.ഇറാനുമായി പോരിനൊരുങ്ങുമ്പോള്‍ പിന്‍കാല റെക്കോഡുകളുടെ ചരിത്രത്തിന് മുന്നില്‍ പകച്ചു നില്‍ക്കാന്‍ യു എസ്എയ്ക്ക് സാധിക്കില്ല. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങി ഖത്തർ ലോകകപ്പിൽ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് യുഎസ്എ.