Qatar World Cup

ഫൈനലിന് മണിക്കൂറുകള്‍ മാത്രം; ഫ്രാന്‍സിന് ഭീഷണിയായി അജ്ഞാത വൈറസ്

അഞ്ചോളം താരങ്ങള്‍ക്കും മൂന്നോളം സപ്പോര്‍ട്ടിങ് സ്റ്റാഫിനും വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

വെബ് ഡെസ്ക്

ഞായറാഴ്ച ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സിന്റെ ഇപ്പോഴത്തെ പേടി അര്‍ജന്റീനയോ മെസിയോ ഒന്നുമല്ല. കളിക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത വൈറസാണ് ഫ്രഞ്ച് ക്യാംപിന് ഭീഷണിയായിരിക്കുന്നത്. അഞ്ചോളം താരങ്ങള്‍ക്കും മൂന്നോളം സപ്പോര്‍ട്ടിങ് സ്റ്റാഫിനും വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രഞ്ച് ടീമിനെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ പ്രതിസന്ധി.

ഫ്ളു പോലുള്ള വൈറസാണ് ടീമിനെ ബാധിച്ചിരിക്കുന്നത്. കിംഗ്‌സ്‌ലി കോമന്‍, റാഫേല്‍ വരാനെ, ഇബ്രാഹിമ കൊണാറ്റെ, അഡ്രിയന്‍ റാബിയോട്ട്, ദയോട്ട് ഉപമെക്കാനോ എന്നിവര്‍ വൈറസ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ടീമിനൊപ്പം ചേരാതെ പരിശീലനം നടത്തിയവര്‍ ഇന്നലെ പൂര്‍ണമായും വിട്ടുനിന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ടീം പരിശോധിക്കുന്നുണ്ട്. വിദഗ്ധ പരിശോധനയ്ക്കുശേഷമേ ഫൈനല്‍ കളിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.

വൈറസ് ബാധിച്ചവര്‍ക്ക് വലിയ ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്ന് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളിക്കാര്‍ക്കൊപ്പം സ്റ്റാഫില്‍ ചിലരും വൈറസ് ബാധിതരാണ്. ആരോഗ്യ കാര്യത്തില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിശദമായ പരിശോധന ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദെഷാംപ്‌സ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പേരിലേക്ക് വൈറസ് പടരാതിരിക്കാനായി ഫ്രഞ്ച് ടീം പരിശീലനവും താമസവുമൊക്കെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

കൊണാട്ടെയുടെയും വരാനെയുടെയും ആരോഗ്യസ്ഥിതി മോശമാകുന്നത് കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ പദ്ധതിയെയാകെ തകിടം മറിക്കും. മൊറോക്കോയ്‌ക്കെതിരെ തിളങ്ങിയ ഇരുവരെയും ഒഴിവാക്കിക്കൊണ്ട് വേണം സെന്റര്‍ ബാക്ക് വിന്യസിക്കേണ്ടി വരിക. മിഡ്ഫീല്‍ഡര്‍ ഔറേലിയന്‍ ചൗമെനിയും ലെഫ്റ്റ് ബാക്ക് തിയോ ഹെര്‍ണാണ്ടസും പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തരായിട്ടില്ല. അതിനാല്‍ വൈറസ് ഭീഷണി ഫ്രാന്‍സിന്റെ ടീം ഘടനയെ തന്നെ ബാധിച്ചേക്കും.

മറ്റു രാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ കളി കാണാനെത്തിയവര്‍ക്കും വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യങ്ങളിലെ കാലാവസ്ഥയിലുള്ള വ്യത്യാസമായിരിക്കാം രോഗബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, സ്‌റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, മീഡിയ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എയര്‍ കണ്ടീഷനിങ്ങാണ് തിരിച്ചടിയായതെന്നും ആക്ഷേപമുണ്ട്. നിയന്ത്രണമില്ലാത്ത എയര്‍ കണ്ടീഷനിങ് സംവിധാനം കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും തൊണ്ടവേദനയും പനിയും ചുമയും ഉള്‍പ്പെടെ രോഗങ്ങള്‍ക്ക് കാരണമായെന്നാണ് ആരോപണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ