ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ മുഴുവന്‍ ആകാംക്ഷയും സമ്മാനിച്ചാണ് ഇന്ന് ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം-മൊറോക്കോ അരങ്ങേറിയത്. യൂറോപ്യന്‍ ടീമിനെ നേരിടാന്‍ കളത്തിലിറങ്ങിയ മൊറോക്കന്‍ ടീമിനൊപ്പമുണ്ടായിരുന്നു ഗോള്‍കീപ്പര്‍ യാസീന്‍ ബോനുവിനെ ദേശീയ ഗാനത്തിനു ശേഷം കളത്തില്‍ കാണാതെ പോയതാണ് കാണികള്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കിയത്.
സ്പാനിഷ് ക്ലബ് സെവിയയുടെ വിശ്വസ്ത കാവല്‍ക്കാരനായ ബോനുവാണ് മൊറോക്കോയുടെയും കോച്ച് വാലിദ് റെഗ്രാഗ്യുയിയുടെയും ഒന്നാം നമ്പര്‍ ചോയ്‌സ്. ഇന്നത്തെ നിര്‍ണായക മത്സരത്തിലും ടീം ബോനുവിന്റെ ഗ്ലൗസില്‍ വിശ്വാസം അര്‍പ്പിക്കുമെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചത്.
മത്സരത്തിനു തൊട്ടുമുമ്പ് ദേശീയഗാനത്തിനായി ടീമുകള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോഴും ബോനു മൊറോക്കന്‍ ടീമിനൊപ്പമുണ്ടായിരുന്നു. സാധാരണ ആദ്യ ഇലവനില്‍ ഇടംപിടിക്കുന്ന താരങ്ങള്‍ മാത്രമാണ് ദേശീയഗാനത്തിനായി അണിനിരക്കുകയെന്നതിനാല്‍ ബോനുവായിരിക്കും മൊറോക്കന്‍ വല കാക്കുക എന്നതില്‍ ആര്‍ക്കും സംശയമുണ്ടായില്ല.
എന്നാല്‍ ദേശീയ ഗാനവും അതിനു ശേഷമുള്ള ഫോട്ടോ സെഷനുമെല്ലാം കഴിഞ്ഞ് കിക്കോഫിനായി ടീം ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ ക്രോസ് ബാറിനു കീഴില്‍ ബോനുവിനു പകരം രണ്ടാം നമ്പര്‍ ഗോളി മുനീര്‍ എല്‍ കജൗയി ആണ് മൊറോക്കന്‍ ജഴ്‌സിയില്‍ ഉണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
ഇതുസംബന്ധിച്ച് മത്സര കഴിഞ്ഞ ശേഷവും ഔദ്യോഗിക വിശദീകരണം നല്‍കാന്‍ മൊറോക്കന്‍ ടീം മാനേജ്‌മെന്റ് തയാറായിട്ടില്ല. ബോനുവിനെ അവസാന നിമിഷം ഇലവനില്‍ നിന്നു മാറ്റിയത് എന്തു കൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കളത്തിലിറങ്ങിയ ശേഷം താരത്തിന് എന്തോ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതു കാരണമാണ് പിന്‍വാങ്ങിയതെന്നാണ് നിഗമനം.