ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷപ്പില്‍ കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന - ഹോളണ്ട് ക്വാര്‍ട്ടര്‍ഫൈനല്‍ ഏറെ കുപ്രസിദ്ധി നേടിയിരുന്നു. മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസിന്റെ കാര്‍ഡ് പ്രയോഗമാണ് മത്സരത്തിന് വിവാദത്തിന്റെ നിറം പകര്‍ന്നത്. കളത്തിനകത്തും പുറത്തുമുള്ളവര്‍ക്കായി ആകെ 18 തവണയാണ് റഫറി കാര്‍ഡ് എടുത്തു വീശിയത്.
മത്സരശേഷം അര്‍ജന്റീന നായകന്‍ ലയണല്‍ മെസി ലാഹോസിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ലോകകപ്പിലെ ശേഷിച്ച മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്നു വിലക്കി ഫിഫ അദ്ദേഹത്തെ നാട്ടിലേക്ക് മടക്കിയയ്ക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് ഇന്ന് അര്‍ജന്റീന-ക്രൊയേഷ്യ മത്സരം അരങ്ങേറുന്നത്. ആരാകും ഈ മത്സരം നിയന്ത്രിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ അക്കാര്യത്തില്‍ ഫിഫ വ്യക്തത വരുത്തി. ഇറ്റാലിയന്‍ റഫറിയായ ഡാനിയേലെ ഓര്‍സാറ്റോയയിരിക്കും മത്സരം നിയന്ത്രിക്കുക.
47-കാരനായ ഓര്‍സാറ്റോ 2010 മുതല്‍ ഫിഫ റഫറിയാണ്. ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നിയന്ത്രിച്ചതും ഓര്‍സാറ്റോയായിരുന്നു. കൂടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള മത്സരവും അദ്ദേഹമാണ് നിയന്ത്രിച്ചത്. ആ മത്സരത്തില്‍ ആറു താരങ്ങള്‍ക്കാണ് ഓര്‍സാറ്റോ മഞ്ഞക്കാര്‍ഡ് നല്‍കിയത്.
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഒരു മത്സരത്തിലും അദ്ദേഹത്തെ നിയോഗിച്ചിരുന്നില്ല. സെമിയില്‍ ഓര്‍സാറ്റോയ്‌ക്കൊപ്പം ഇറ്റലിയില്‍ നിന്നുള്ള അലസാന്‍ഡ്രോ ഗ്യാലാറ്റിനിയാണ് അസിസ്റ്റന്‍ഡ് റഫറി. ഫോര്‍ത്ത് ഒഫീഷ്യലായി യുഎഇയുടെ മുഹമ്മദ് ഒപ്പമുണ്ടാകും. ഇറ്റലിയില്‍ നിന്നു തന്നെയുള്ള മാസിമിലിയാനോ ഇരാറ്റിയാണ് വാര്‍ റഫറി.