എതിരാളികള്‍ ഗോള്‍ പോസ്റ്റിലേയ്ക്ക് തൊടുക്കുന്ന ഷോട്ടുകള്‍ അനായാസം തട്ടി പുറത്തേക്കിട്ട് മൊറോക്കന്‍ ഗോള്‍മുഖത്തു നിന്നും ഒരു ചിരിയുണ്ട്. ടിക്കി ടാക്ക കൊണ്ട് എതിരാളികളെ വലയ്ക്കുന്ന സ്‌പെയിനിനെ പോലും മുട്ടുകുത്തിച്ച ലോകകപ്പിലെ ആഫ്രിക്കന്‍ വന്മതില്‍ യാസിന്‍ ബോനോയുടെ കൗതുകമുണര്‍ത്തുന്ന ചിരി. പ്രവചനങ്ങളെ കാറ്റില്‍ പറത്തി വമ്പന്മാരെ കീഴടക്കി മൊറോക്കോയുടെ അശ്വമേധം തുടരുമ്പോള്‍ അതിനു പിന്നില്‍ പ്രതിരോധത്തിന്റെ കരുത്താണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.
കറുത്ത കുതിരകളായി ലോകകപ്പ് ഫൈനലിലേക്ക് കാല് കുത്താന്‍ ഒരു കടമ്പ മാത്രം ബാക്കി നില്‍ക്കെ മൊറോക്കന്‍ പ്രതീക്ഷകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത് അവരുടെ ഗോള്‍മുഖത്തെ നിറഞ്ഞ ചിരിയാണ്. പ്രതിരോധക്കോട്ട കെട്ടി ഗോള്‍വല കാക്കുന്ന യാസിന്‍ ബോനോ എന്ന കാവല്‍ക്കാരന്‍ മൊറോക്കോയുടെ വിജയ വഴിയില്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് സെമിയില്‍ അറ്റാക്കിങ് വീരന്മാരായ ഫ്രാന്‍സ് മൊറോക്കോയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പ്രതിരോധത്തിന്റെ ഒരു വന്മതില്‍ അവരുടെ ഫൈനല്‍ യാത്രയ്ക്ക് വിലങ്ങു തടിയാവുകയാണ്.
കാനഡയ്‌ക്കെതിരെ വഴങ്ങിയ ആ ഓണ്‍ ഗോള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ യാസിന്‍ ബോനോയ്ക്ക് ക്ലീന്‍ ഷീറ്റ് ലഭിക്കുമായിരുന്നു ഈ ലോകകപ്പിൽ. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലൗവിന്റെ സാധ്യതാ പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്ന് കളികളിലും ക്ലീന്‍ഷീറ്റ് നേടിയ ബോനോ കളത്തിൽ ഗോൾ ലക്ഷ്യമക്കി വരുന്ന പ്രതിബന്ധങ്ങളെ നിഷ്പ്രയാസം മറികടക്കാനും യൂറോപ്പിനെ കീഴടക്കാനും മൊറോക്കോയെ സഹായിച്ചു.
ലോകരണ്ടാം നമ്പറുകാരായ ബെല്‍ജിയത്തിനും, കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ്അപ്പായ ക്രൊയേഷ്യയ്ക്കും ഒപ്പം ഒരോ ഗ്രൂപ്പിൽ ഉൾപ്പെട്ട മൊറോക്കോ ആ സമയത്ത് ലോകകപ്പ് ഫൈനല്‍ എന്നത് സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അവിടുന്നിങ്ങോട്ട് തകര്‍ത്തെറിഞ്ഞത് മുഴുവന്‍ വമ്പന്മാരെയാണ്. ഒരു തോല്‍വി പോലുമില്ലാതെ സെമി വരെ എത്തിയ മൊറോക്കോയ്ക്ക് ഫൈനലിലെത്തി ചരിത്രം കുറിക്കാന്‍ ഇനി കീഴടക്കേണ്ടത് ഫ്രാന്‍സിനെ മാത്രം.
നോക്കൗട്ട് ഘട്ടത്തില്‍ സ്‌പെയിനിനു മുന്നില്‍ മൊറോക്കോ എത്തിയപ്പോള്‍ സ്പാനിഷ് പട ജയം ഉറപ്പിച്ചതാണ്. എന്നാല്‍ മൊറോക്കന്‍ പ്രതിരോധം പൊളിച്ച് പലതവണ അവര്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോഴൊക്കെ എന്തും നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഗോളിക്ക് മുന്നില്‍ എല്ലാം നിഷ്പ്രഭമായി. അധികസമയത്തും ഗോള്‍ രഹിത സമനിലയിലെത്തിയപ്പോള്‍ വമ്പന്മാര്‍ ഒന്നു കുലുങ്ങി. ബാക്കി പെനാല്‍റ്റിയില്‍ കാണാം എന്നു കരുതി നില്‍ക്കുമ്പോള്‍ മൊറോക്കന്‍ വലയ്ക്കു മുന്നില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്‍ വരുന്ന ഷോട്ടുകളൊക്കെ പുഷ്പം പോലെ തട്ടിയകറ്റുന്നു. പെനാല്‍റ്റി നേരിടാന്‍ പോകുന്ന ആളുടെ സമ്മര്‍ദ്ദമോ ആകുലതയോ ഒന്നും ആ മുഖത്ത് ഇല്ല, പകരം വരുന്ന പന്തിനെ ചിരിയോടെ നേരിടുന്ന നല്ല സുന്ദരമായ കളി. ഫ്രാന്‍സിന് മുന്നിലെ ഏറ്റവും വലിയ കടമ്പയും ഈ ചിരിയും കൂസലില്ലായ്മയുമാണ്.
പോര്‍ച്ചുഗലിനെ നേരിടാനൊരുങ്ങുമ്പോഴും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല, എന്നാല്‍ ബോനോ അവിടെയും തന്റെ ജോലി കൃത്യമായി ചെയ്തു. എതിരാളികളുടെ ഒരു ഷോട്ട് പോലും തന്റെ വലയ്ക്കകത്ത് കയറ്റാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ മത്സരത്തിനാണ് ഇന്ന് അല്‍ ബെയ്ത് സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഇന്ന് മൊറോക്കോ ഫ്രാന്‍സിനെ തളച്ചാല്‍ ലോകകപ്പിലാദ്യമായി ഒരു ആഫ്രിക്കന്‍ ടീം ഫൈനലില്‍ കടക്കും. ഗോള്‍മുഖത്ത് വലകാക്കാന്‍ യാസിന്‍ ബാനോയുടെ സാന്നിധ്യം ഇന്നും അവര്‍ക്ക് നിര്‍ണായകമാണ്. അട്ടിമറികളിലൂടെ സെമിയിലെത്തിയ മൊറോക്കോയ്ക്ക് ഫ്രാന്‍സിനെയും മറികടക്കാന്‍ കഴിയുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കാല്പന്ത് ലോകം. ഫ്രാന്‍സിനെതിരായ പോരാട്ടത്തിലും ബോനോയ്ക്ക് മൊറോക്കോയുടെ നാഴികക്കല്ലായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.