Qatar World Cup

'സൂപ്പര്‍ ലോട്ടോ' അടിച്ചത് ഇവര്‍ക്ക്; ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് കിടുങ്ങും

വെബ് ഡെസ്ക്

നാലു ദിവസം മുമ്പാണ് സ്പാനിഷ് താരം പെഡ്രിക്ക് 20 വയസ് തികഞ്ഞത്. ജര്‍മന്‍ താരം ജമാല്‍ മുസിയാലയ്ക്കും ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനും 20 തികയാന്‍ ഇനിയും കാത്തിരിക്കണം. 2023 ജനുവരിയില്‍ ഫുട്‌ബോള്‍ ട്രാസ്ഫര്‍ ജാലകത്തില്‍ സകല കണക്കുകൂട്ടലുകളും തെറ്റിക്കാന്‍ പോകുന്ന കൗമാരക്കാരാണിവര്‍. അതിന്റെ സൂചനകള്‍ ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് റൗണ്ടില്‍ തന്നെ അവര്‍ നല്‍കിക്കഴിഞ്ഞു.

ഖത്തറില്‍ ഇതിനോടകം ഒട്ടേറെ താരങ്ങളുടെ മിന്നും പ്രകടനങ്ങള്‍ കണ്ടുകഴിഞ്ഞു. തങ്ങളുടെ അവസാന ലോകകപ്പ് കളിക്കുന്ന താരങ്ങളടക്കം പലരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ ഭാവി വാഗ്ദാനങ്ങളായ ഈ മൂന്നു പേരിലാണ് ഇപ്പോള്‍ ക്ലബ് ഫുട്‌ബോള്‍ ലോകത്തിന്റെ കച്ചവടക്കണ്ണുകള്‍ മുഴുവന്‍.

ഇതിനോടകം 100 മില്യണ്‍ യൂറോയില്‍ അധികം ആയി ഇവരുടെ മൂല്യം ഉയര്‍ന്നുവെന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമായ മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നത്. പെഡ്രിയെ ബാഴ്‌സയുടെ ക്യാമ്പില്‍ നിന്നു റാഞ്ചാന്‍ ഫ്രഞ്ച് ക്ലബ് 175 മില്യണ്‍ വരെ നല്‍കാന്‍ തയാറാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുസിയാലയ്ക്കായി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡാണ് രംഗത്ത്. ഇതു കണ്ടറിഞ്ഞ് താരത്തിന് മികച്ച വാഗ്ദാനം നല്‍കി കൂടെ നിര്‍ത്താന്‍ നിലവിലെ ക്ലബും ജര്‍മന്‍ വമ്പന്മാരുമായ ബയേണ്‍ മ്യൂണിക്ക് ശ്രമിക്കുന്നുണ്ട്. നിലവില്‍ ജര്‍മന്‍ ക്ലബില്‍ കളിക്കുന്ന ബെല്ലിങ്ഹാമിലെ ഇംഗ്ലീഷ് മണ്ണിലേക്ക് എത്തിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. താരത്തിനായി പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ലിവര്‍പൂള്‍, ആഴ്‌സണല്‍ എന്നിവരാണ് രംഗത്തുള്ളത്. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണിനും ഇംഗ്ലീഷ് താരത്തില്‍ കണ്ണുണ്ട്.

ലോകകപ്പിലെ വെറും രണ്ടു മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ പിടിവലി മുഴുവന്‍. ലോകകപ്പില്‍ ഓരോ മത്സരങ്ങളില്‍ മുന്നേറുമ്പോഴും ഇവരുടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് മൂല്യം ഇനിയും ഉയരുമെന്നു തീര്‍ച്ച. ഇവര്‍ക്കു പുറമേ ഒരു പിടിയുവതാരങ്ങള്‍ ഈ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നുണ്ട്.

ഇംഗ്ലണ്ട്, ജര്‍മനി, സ്‌പെയിന്‍ എന്നീ ടീമുകളാണ് ഒന്നിലധികം യുവതാരങ്ങളെ ഫുട്‌ബോള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ് ടീമുകളും തങ്ങളുടെ ആവനാഴിയില്‍ യുവരക്തങ്ങളെ നിറച്ചിട്ടുണ്ട്. പക്ഷേ ആദ്യം സൂചിപ്പിച്ച മൂന്നുപേര്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിരിക്കുന്നത്. ലോകകപ്പ് അടുത്ത റൗണ്ടുകളിലേക്കു നീങ്ങുമ്പോള്‍ ഇപ്പോള്‍ മറഞ്ഞിരിക്കുന്ന ചിലര്‍കൂടി വെള്ളി വെളിച്ചത്തിലേക്കു വന്നേക്കാം.

ക്രൊയേഷ്യന്‍ താരം ജോസ്‌കോ ഗ്വാര്‍ഡിയോള്‍ അതിലൊരാളാണ്. 20 കാരനായ താരം നിലവില്‍ ജര്‍മന്‍ ക്ലബ് ആര്‍.പി. ലെപ്‌സിഷിന്റെ താരമാണ്. ഈ വര്‍ഷമാദ്യം ഹോളണ്ട് യുവ പ്രതിരോധതാരം സൃഷ്ടിച്ച് റെക്കോഡ് ട്രാന്‍സ്ഫര്‍ റെക്കോഡ് ഇീ ജനുവരിയില്‍ തകര്‍ക്കാനൊരുങ്ങുകയാണ് ക്രൊയേഷ്യന്‍ സെന്റര്‍ ബാക്ക്.

മെക്സിക്കോയ്ക്കെതിരെ അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്ക യുടെ മധ്യനിര എന്‍ജിനായി തിളങ്ങുന്ന ഈ 21-കാരനുമേല്‍ 150 മില്യണ്‍ വരെ വിലയിടാന്‍ സ്പാനിഷ് ലാ ലിഗയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ക്ലബുകള്‍ തയാറാണ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയ്ക്കും താരത്തിനു മേല്‍ കണ്ണുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഫ്രഞ്ച് ലീഗിലേക്കുള്ള അടുത്ത വലിയ ട്രാന്‍സ്ഫറായി മാറിയേക്കാം അര്‍ജന്റീന്‍ താരത്തിന്റെ നീക്കം മാറിയേക്കാം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും