കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ വംശീയ പരാമർശങ്ങള്‍ ഉള്‍പ്പെട്ട ചാന്റ് പാടിയതില്‍ മാപ്പ് പറഞ്ഞ് അർജന്റീന താരം എൻസൊ ഫെർണാണ്ടസ്. ഫ്രാൻസ് താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു എൻസോയുടേയും സഹതാരങ്ങളുടേയും പരാമർശങ്ങള്‍. എൻസൊ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു വീഡിയോ പങ്കുവെച്ചത്. സംഭവത്തില്‍ എൻസോയുടെ ക്ലബ്ബായ ചെല്‍സിയിലെ സഹതാരം വെസ്‍ലി ഫൊഫാന വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
"അവർ ഫ്രാൻസിനായി കളിക്കുന്നു. പക്ഷേ, അവരുടെ മാതാപിതാക്കള്‍ അംഗോളയില്‍ നിന്നാണ്. അവരുടെ മാതാവ് കാമറൂണില്‍ നിന്നാണ്, അവരുടെ പിതാവ് നൈജീരിയയില്‍ നിന്നു. പക്ഷേ, അവരുടെ പാസ്‌പോർട്ട് ഫ്രഞ്ചാണ്," ഇതായിരുന്നു എൻസോയും സംഘവും പാടിയ വരികള്‍.
ഫ്രാൻസിന്റെയും റയല്‍ മാഡ്രിഡിന്റേയും താരമായ കിലിയൻ എംബാപെയുടെ ട്രാൻസ്‌ജെൻഡർ മോഡല്‍ ഇനെസ് റാവ്‌മായുള്ള ബന്ധത്തേയും അവഹേളിക്കുന്ന തരത്തിലും വരികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
ചെല്‍സിയിലെ ഫ്രഞ്ച് താരങ്ങളില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 2024ലും തടസമില്ലാതെ വംശീയത ഫുട്ബോളില്‍ നിലനില്‍ക്കുന്നുവെന്നായിരുന്നു എൻസോയുടെ വീഡിയോയില്‍ ഫഫോന നടത്തിയ പ്രതികരണം. ഫ്രാൻസ് പ്രതിരോധ താരം ജൂള്‍സ് കൗണ്ടെയും അർജന്റീനൻ താരങ്ങളുടെ ആഘോഷത്തെ അപലപിച്ചു.
സംഭവത്തില്‍ ഫ്രാൻസ് ഫുട്ബോള്‍ അസോസിയേഷന്റെ (എഫ്എഫ്എഫ്) പ്രതികരണവും ഉണ്ടായിട്ടുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനൊയും അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസിജന്റ് ക്ലൗഡിയോ ഫാബിയാൻ ടാപിയയും പ്രതികരിക്കണമെന്നാണ് ആവശ്യം. ഔദ്യോഗികമായി പരാതി നല്‍കുമെന്ന് ഫ്രാൻസ് ഫുട്ബോള്‍ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു എൻസോയുടെ മാപ്പ്. ദേശീയ ടീമിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോയില്‍ ഞാൻ മാപ്പുപറയുന്നു. "ഗാനത്തില്‍ ഉള്‍പ്പെട്ട വാക്കുകള്‍ ഒരിക്കലും മാപ്പ് അർഹിക്കാത്തതാണ്. എല്ലാ തരത്തിലുമുള്ള വിവചേനങ്ങള്‍ക്കുമെതിരെ ഞാൻ നിലനില്‍ക്കുന്നു. ആ വാക്കുകള്‍ ഒരിക്കലും എന്റെ വിശ്വാസങ്ങളേയും സ്വഭാവത്തേയും പ്രതിഫലിപ്പിക്കുന്നതല്ല, ക്ഷമിക്കണം," എൻസൊ വ്യക്തമാക്കി.