ഡ്യൂറന്‍ഡ് കപ്പിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി രാജസ്ഥാന്‍ യുണൈറ്റഡ്. ഇന്നു വിവേകാനന്ദ യുവ ഭാരതി കിരംഗന്‍ സ്റ്റേഡിയത്തിൽ നടന്ന ആവേശപോരിൽ അവര്‍ ഐഎസ്എല്‍ വമ്പന്മാരായ എടികെ മോഹന്‍ബഗാനെ പരാജയപ്പെടുത്തി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു രാജസ്ഥാന്റെ ജയം. 95ാം മിനുട്ടിൽ ഗ്യാമർ നിക്കുമാണ് വിജയികൾക്കായി ഗോൾ നേടിയത്. എടികെ മോഹന്‍ബഗാനായി ഈ സീസണിൽ ടീമിലെത്തിയ ഫ്‌ളോറന്റീന്‍ പോഗ്ബ, ആഷിഖ് കുരൂണിയൻ എന്നിവർ ആദ്യ പതിനൊന്നിൽ ഇടം നേടി.
നാല്പത്തിരണ്ടാം മിനുട്ടിൽ കിയാന്‍ നസ്സീരിയിലൂടെ മോഹന്‍ബഗാനാണ് ആദ്യം ലീഡ് എടുത്തത്. ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് കിര്‍ഗിസ്ഥാന്‍ താരം ബെക്തൂർ അമംഗൽദേവിലൂടെ സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം ആഷിഖ് കുരൂണിയനിലൂടെ വീണ്ടും കൊൽക്കത്ത ടീം ലീഡ് ഏടുത്തു. എന്നാൽ ശക്തമായി മത്സരത്തിലേക്ക് തിരിച്ച് വന്ന രാജസ്ഥാൻ അറുപത്തിയൊന്നാം മിനുട്ടിൽ ലാല്‍ റെമ്‌സാങയിലൂടെ ഒപ്പം എത്തി. ഇതോടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയ ബഗാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ അകന്ന് നിന്നു.
ഇതോടെ ഗ്രൂപ്പ് ബി പോയിന്റ് പട്ടികയിൽ രാജസ്ഥാൻ യുണൈറ്റഡ് ഗോൾ വ്യത്യാസത്തിൽ മുംബൈ സിറ്റിക്ക് പിന്നിൽ രണ്ടാമതായി. 2018ലാണ് രാജസ്ഥൻ യുണൈറ്റഡ് രൂപം കൊണ്ടത്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ അരങ്ങേറിയ രാജസ്ഥാൻ ആറാമതായാണ് സീസൺ അവസാനിപ്പിച്ചത്.