ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ തുല്യശക്തികളുടെ പോരാട്ടത്തില്‍ ബ്രസീലിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറിലേക്ക് അടുത്ത് ഫ്രാന്‍സ്. ബ്രിസ്‌ബെയ്‌നിലെ സണ്‍കോര്‍പ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഫ്രഞ്ച് ടീമിന്റെ ജയം.
83-ാം മിനിറ്റില്‍ വെന്‍ഡി റെനാര്‍ഡ് നേടിയ ഗോളാണ് അവര്‍ക്ക് തുണയായത്. നേരത്തെ 17-ാം മിനിറ്റില്‍ യ്യൂഗ്നി സോമ്മറിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെ 58-ാം മിനിറ്റില്‍ ക്രിസ്റ്റീന്‍ ഒലിവേരയുടെ ഗോളില്‍ ബ്രസീല്‍ സമനിലയില്‍ പിടിച്ചതാണ്. എന്നാല്‍ റെനാര്‍ഡ് മഞ്ഞക്കിളികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു.
ഗ്രൂപ്പില്‍ ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ പാനമയെ ഒരു ഗോളിനു തോല്‍പിച്ച് ജമൈക്കയും പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. മത്സരത്തിന്റെ 56-ാം മിനിറ്റില്‍ അലിസന്‍ സ്വാബി നേടിയ ഗോളാണ് കരീബിയന്‍ ടീമിന് കരുത്തായത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച ശേഷമാണ് ജമൈക്ക പാനമയ്‌ക്കെതിരേ ഇറങ്ങിയത്.
ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തും ജമൈക്ക രണ്ടാം സ്ഥാനത്തുമെത്തി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാലു പോയിന്റാണ് ഇരുടീമുകള്‍ക്കുമുള്ളത്. ഗോള്‍ശരാശരിയിലാണ് ജമൈക്കയെ പിന്തള്ളി ഫ്രാന്‍സ് ഒന്നമാതെത്തിയത്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമടക്കം മൂന്നു പോയിന്റുള്ള ബ്രസീല്‍ മൂന്നാമതാണ്.
രണ്ടു മത്സരങ്ങളും തോറ്റ് ടൂര്‍ണമെന്റിന് പുറത്തായ പാനമയാണ് നാലാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ ഫ്രാന്‍സ് പാനമയെയും ബ്രസീല്‍ ജമൈക്കയെയും നേരിടും. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ബ്രസീലിന് അവസാന മത്സരത്തില്‍ ജയം അനിവാര്യമാണ്. അതേസമയം ഒരു സമനില പോലും ജമൈക്കയ്ക്കു തുണയാകും.