2023-24 സീസണിലെ ബാലൻ ഡി ഓർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്പാനിഷ് മധ്യനിര താരം റോഡ്രിയാണ് മികച്ച പുരുഷ താരം. സ്പെയിനിന്റെ തന്നെ ഐതാന ബോണ്‍മാറ്റി മികച്ച വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുൻപ് വരെ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറായിരിക്കും ജേതാവെന്നായിരുന്നു സൂചനകള്‍. എന്നാല്‍, ആരാധകരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് മാത്രമല്ല, വിനീഷ്യസിന് പുരസ്കാരം ലഭിക്കാത്തതില്‍ ഒരു വശത്തുനിന്ന് പ്രതിഷേധവും ഇരമ്പുന്നുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയേയും യൂറൊ കപ്പില്‍ സ്പെയിനേയും കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ റോഡ്രി നിർണായക പങ്കുവഹിച്ചിരുന്നു. യൂറോയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് റോഡ്രിയായിരുന്നു.
മറുവശത്ത് യുഇഎഫ്എ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ലാ ലിഗ കിരീടങ്ങള്‍ റയല്‍ മാഡ്രിഡ് നേടുന്നതില്‍ വിനീഷ്യസും സുപ്രധാന ഘടകമായി. എന്നാല്‍, ബ്രസീലിനായി കോപ്പ അമേരിക്കയില്‍ തിളങ്ങാൻ വിനീഷ്യസിന് കഴിഞ്ഞിരുന്നില്ല. എന്തായിരിക്കും ബാലൻ ഡി ഓർ ജേതാവിനെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം.
എങ്ങനെയാണ് ബാലൻ ഡി ഓർ ജേതാവിനെ തിരഞ്ഞെടുക്കുന്നത്?
യുഇഎഫ്എയും ഫ്രാൻസ് ഫുട്ബോളും സഹകരിച്ച് പുരസ്കാരം നല്കിയ ആദ്യ സീസണാണിത്. വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകർ ചേരുന്ന പ്രത്യേക അന്താരാഷ്ട്ര ജൂറി പാനലാണ് നിർണയിക്കുന്നത്. പുരുഷ ടീമുകളില്‍ ആദ്യ 100 റാങ്കിങ്ങിലുള്ള രാജ്യങ്ങളില്‍ നിന്ന് ഓരോ പ്രതിനിധിയും വനിതകളുടേതില്‍ ആദ്യ 50 റാങ്കിലുള്ള ഓരോ പ്രതിനിധിയുമായിരിക്കും പാനലിലുണ്ടാകുക.
ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റോറിയല്‍ സ്റ്റാഫ് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ 30 താരങ്ങളെ തിരഞ്ഞെടുക്കും. ഓരോ ജൂറിക്കും ഈ പട്ടികയില്‍ നിന്ന് 10 താരങ്ങളെ തിരഞ്ഞെടുക്കാം. ഈ പത്ത് താരങ്ങള്‍ക്ക് നല്കാൻ കഴിയുന്ന പോയിന്റുകള്‍ ഇപ്രകാരമാണ്. 15, 12, 10, 8, 7, 5, 4, 3, 2, 1 എന്നിങ്ങനെ. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന താരത്തിനായിരിക്കും പുരസ്കാരം നല്‍കുക.
മാധ്യമപ്രവർത്തകർ വോട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനം?
താരങ്ങളുടെ വ്യക്തിഗത പ്രകടനത്തിനായിരിക്കും മുൻതൂക്കം നല്‍കുക. നിർണായക മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനത്തിനായിരിക്കും പ്രധാന്യം. ടീമിന്റെ പ്രകടനം, നേട്ടങ്ങള്‍, ഫെയർപ്ലെ, കളത്തില മാന്യത തുടങ്ങിയവയ്ക്കായിരിക്കും പിന്നീടുള്ള പരിഗണന.