വിവാദ അഭിമുഖത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നാളുകള്‍ എണ്ണപ്പെട്ട പോര്‍ചുഗുല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പഴയ ക്ലബായ റയല്‍ മാഡ്രിലേക്ക് ചേക്കേറാന്‍ അവസാനവട്ട ശ്രമത്തില്‍.
സ്പാനിഷ് ക്ലബിനു വേണ്ടി ആറു മാസക്കരാറില്‍ കളിക്കാന്‍ താന്‍ തയാറാണെന്ന് ക്രിസ്റ്റിയാനോ ക്ലബ് അധികൃതരെ അറിയിച്ചതായി സ്പാനിഷ് മാധ്യമമായ 'സ്‌പോര്‍ട്' റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവും റയാലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ കരീം ബെന്‍സേമ പരുക്കേറ്റ പുറത്താ ഒഴിവിലേക്കാണ് റൊണാള്‍ഡോ കണ്ണുവയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് ലേഖകനായ പിയേഴ്‌സ് മോര്‍ഗന് അനുവദിച്ച വിവാദ അഭിമുഖത്തിന്റെ പേരില്‍ റൊണാള്‍ഡോയ്‌ക്കെതിരേ യുണൈറ്റഡ് മാനേജ്‌മെന്റിലും ആരാധകര്‍ക്കിടയിലും രോഷം പുകയുകയാണ്. താരത്തിനെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കാന്‍ ക്ലബ് ഒരുങ്ങുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തില്‍ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരത്തെ ഒഴിവാക്കാനാകും യുണൈറ്റഡ് ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ പശ്ചാത്തലത്തിലാണ് എങ്ങനെയെങ്കിലും റയല്‍ മാഡ്രിഡില്‍ കയറിപ്പറ്റാന്‍ ക്രിസ്റ്റിയാനോ ശ്രമിക്കുന്നതെന്നും 'സ്‌പോര്‍ട്'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഴു മാസത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് ക്രിസ്റ്റിയാനോയെ ഒഴിവാക്കാന്‍ യുണൈറ്റഡ് ആലോചിക്കുന്നത്. കരാര്‍പ്രകാരം 2023 ജൂണ്‍ വരെ താരത്തിനു നല്‍കേണ്ട 16മില്യണ്‍ പൗണ്ട് എന്ന വേതനം നല്‍കേണ്ടതില്ലെന്നു ക്ലബ് മാനേജ്‌മെന്റ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ക്ലബിനെയും, ഉടമകളെയും ടീം കോച്ചിനെയും മുന്‍ താരങ്ങളെയും പരസ്യമായി അപമാനിക്കുക വഴി ക്രിസ്റ്റിയാനോ നേരിട്ട് കരാര്‍ ലംഘനം നടത്തിയിരിക്കുകയാണെന്നും അതിനാല്‍ കരാര്‍ പ്രകാരമുള്ള വാഗ്ദാനങ്ങള്‍ക്കൊന്നും താരം ഇനി അര്‍ഹനല്ലെന്നുമാണ് യുണൈറ്റഡ് മാനേജ്‌മെന്റിന്റെ പക്ഷമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ പോര്‍ചുഗല്‍ ദേശീയ ടീമിനൊപ്പം ലോകകപ്പിനായി ദോഹയിലാണ് റൊണാള്‍ഡോ. ഗ്രൂപ്പ് എച്ചില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന, ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ, ലാറ്റിനമേരിക്കന്‍ കരുത്തരായ യുറുഗ്വായ് എന്നിവര്‍ക്കൊപ്പമാണ് പോര്‍ചുഗല്‍ ഇടംപിടിച്ചിരിക്കുന്നത്. 24-ന് ഇന്ത്യന്‍ സമയം രാത്രി 9:30-ന് ഘാനയ്‌ക്കെതിരേയാണ് അവരുടെ ആദ്യ മത്സരം.