ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ താരം സാദിയോ മാനെയെ ഇനി പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം സൗദിയില്‍ കളിക്കും. മാനെയുമായി കരാര്‍ ഒപ്പുവച്ചതായി സൗദി ക്ലബ് അല്‍ നസര്‍ വൃത്തങ്ങള്‍ അറിയിച്ചു. 40 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ ഫീയായി ബയേണിന് അല്‍നസര്‍ നല്‍കിയത്.
മാനെ ഉടന്‍ തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കാനായി സൗദിയില്‍ എത്തുമെന്നും അടുത്ത ദിവസം തന്നെ ക്ലബിനൊപ്പം ചേരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. താരവുമായി കരാര്‍ ഒപ്പവച്ച കാര്യം ക്ലബ് ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണിലാണ് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളില്‍ നിന്നു മാനെ ബയേണില്‍ എത്തിയത്. രണ്ടു വര്‍ഷത്തെ കരാറിലായിരുന്നു കൂടുമാറ്റം. എന്നാല്‍ മാനെയ്ക്ക് ജര്‍മന്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ബയേണ്‍ വിട്ട പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്കു പകരക്കാരനായാണ് മാനെയെ ബയേണ്‍ കണ്ടത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കഴിഞ്ഞില്ല.
ഇതോടെയാണ് ഒരു വര്‍ഷം ബാക്കിനില്‍ക്കെ തന്നെ താരത്തെ വിറ്റൊഴിവാക്കാന്‍ ബയേണ്‍ തീരുമാനിച്ചത്. ഇതിനിടെ സഹതാരം ലിറോയ് സാനെയുമായി ഉണ്ടായ പ്രശ്‌നങ്ങളും പരസ്യമായി സാനെയെ മാനെ മര്‍ദ്ദിച്ചതും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ എത്രയും വേഗം മാനെയെ വില്‍ക്കാന്‍ ബയേണ്‍ നിര്‍ബന്ധിതരാകുകയായിരുന്നു.