ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്നു നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് അവര്‍ തകര്‍ത്തത്.
പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ മിന്നും പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിനു തുണയായത്. സമദിനു പുറമേ ദിമിത്രി ഡയമെന്റഗോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഒരു ഗോള്‍ നേടിയത്.
മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളോടെയാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിനെയിറക്കിയത്. പ്രതിരോധത്തില്‍ വിക്ടര്‍ മോന്‍ഗില്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ പുറത്തിരുന്നു. നിഷുകുമാര്‍, സന്ദീപ് സിങ്, ഹോര്‍മിപാം എന്നിവരെത്തി. മാര്‍കോ ലെസ്‌കോവിച്ച് തുടര്‍ന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദും പുയ്ട്ടിയയും ബഞ്ചിലിരുന്നു. ഇവാന്‍ കലിയുഷ്‌നി, സൗരവ് മണ്ടല്‍ എന്നിവര്‍ പകരമെത്തി. അഡ്രിയാന്‍ ലൂണയും ജീക്‌സണ്‍ സിങ്ങും തുടര്‍ന്നു. മുന്നേറ്റത്തില്‍ ദിമിത്രി ഡയമെന്റഗോസും കെ പി രാഹുലും. ഗോള്‍കീപ്പറായി പ്രഭ്‌സുഖന്‍ ഗില്‍ തുടര്‍ന്നു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും. മത്സരത്തിന്റെ 56-ാം മിനിറ്റില്‍ ദിമിത്രിയാണ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. സൗരവ് മണ്ഡലിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് ദിമിത്രി തൊടുത്ത വലംകാലന്‍ ഷോട്ട് വലയിളക്കി.
ലീഡ് നേടിയ ശേഷം ആക്രമണാത്മക ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് കെട്ടഴിച്ചത്. 66-ാം മിനിറ്റില്‍ മണ്ഡലിനെ പിന്‍വലിച്ച് സഹലിനെ കോച്ച് ഇവാന്‍ വുകുമനോവിച്ച് കളത്തിലിറക്കി. ഇതോടെ കൂടുതല്‍ മികവോടെ ആക്രമണങ്ങള്‍ നെയ്ത ബ്ലാസ്‌റ്റേഴ്‌സിനായി 87-ാം മിനിറ്റില്‍ സഹല്‍ ലക്ഷ്യം കണ്ടു.
മലയാളി താരങ്ങള്‍ ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ കെ.പി രാഹുലിന്റെ പാസില്‍ നിന്നാണ് സഹല്‍ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. രണ്ടു ഗോള്‍ ലീഡ് നേടിയതോടെ ജയമുറപ്പിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടും കല്‍പിച്ചുള്ള ആക്രമണമാണ് പിന്നീട് അഴിച്ചുവിട്ടത്.
എട്ടു മിനിറ്റു നീണ്ട ഇന്‍ജുറി ടൈമിനൊടുവില്‍ കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ സന്ദീപ് സിങ്ങിന്റെ പാസില്‍ നിന്നാണ് സഹല്‍ തന്റെ രണ്ടാം ഗോള്‍ നേടി ടീമിന്റെ പട്ടിക തികച്ചത്.
ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്നു രണ്ടു ജയവും മൂന്നു തോല്‍വിയുമായി ആറു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്‌റ്റേഴ്‌സിനായി. അഞ്ചു മത്സരങ്ങളില്‍ അഞ്ചിലും തോറ്റ നോര്‍ത്ത് ഈസ്റ്റ് ഇതുവരെ അക്കൗണ്ട് തുറക്കാനാകാതെ അവസാന സ്ഥാനത്താണ്.