ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ അട്ടിമറി ജയത്തോടെ നോക്കൗട്ടില്‍ കടന്ന് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ജിയില്‍ ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്‍ജുറി ടൈം ഗോളില്‍ ഇറ്റലിയെ വീഴ്ത്തിയാണ് അവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. നോക്കൗട്ട് ഉറപ്പിക്കാന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഇറങ്ങിയ അവര്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ വമ്പൊടിച്ചത്.
മത്സരത്തിന്റെ 92-ാം മിനിറ്റില്‍ തെംബി ഗാറ്റ്‌ലാനയാണ് അവരുടെ വിജയഗോള്‍ നേടിയത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയ ശേഷമാണ് ഇറ്റലിയുടെ തോല്‍വി. പ്രതിരോധ താരം ബെനഡെറ്റ ഒറിസി വഴങ്ങിയ സെല്‍ഫ് ഗോളും ഇറ്റലിക്ക് തിരിച്ചടിയായി.
നോക്കൗട്ട ഉറപ്പിക്കാന്‍ ഒരു സമനില മാത്രം മതിയായിരുന്ന ഇറ്റലി 11-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തുന്നത് കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്. ഒരു പെനാല്‍റ്റിയില്‍ നിന്ന് അരിയാന്ന കരുസോയാണ് അവര്‍്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
മത്സരത്തിന്റെ 32-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരത്തിന് സംഭവിച്ച പിഴവാണ് അവര്‍ക്ക് തുണയായത്. ദക്ഷിണാഫ്രിക്കന്‍ താരം ഗാറ്റ്‌ലാനയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇറ്റാലിയന്‍ പ്രതിരോധ താരം ഓര്‍സി പന്ത് സ്വന്തം വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1 എന്ന നിലയില്‍ അവസാനിച്ചു.
പിന്നീട് രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ ഇറ്റലിയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക ലീഡ് നേടുകയും ചെയ്തു. ഹില്‍ ദ മഗായിയായിരുന്നു സ്‌കോറര്‍. ഇറ്റാലിയന്‍ താരം ഓര്‍സി നല്‍കിയ ലൂസ് പാസ് പിടിച്ചെടുത്ത ഗാറ്റ്‌ലാന അത് മഗായിയയ്ക്കു മറിച്ചു നല്‍കുകയായിരുന്നു. ബോക്‌സിനുള്ള ലഭിച്ച സുവര്‍ണാവസരം പിഴവില്ലാതെ മഗായിയ വലയിലെത്തിച്ചതോടെ ഇറ്റലി ഞെട്ടി.
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ആഹ്‌ളാദം അധികനേരം നീണ്ടു നിന്നില്ല. ഏഴു മിനിറ്റിനകം ഇറ്റലി ഒപ്പമെത്തി. 74-ാം ക്രിസ്റ്റിയാനോ ഗിരെല്ലി നല്‍കിയ പാസില്‍ നിന്ന് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ കരുസോയാണ് സമനില സമ്മാനിച്ചത്. നോക്കൗട്ടില്‍ കടക്കാന്‍ സമനില മാത്രം മതിയെന്നിരിക്കെ ശേഷിച്ച മിനിറ്റുകളില്‍ പന്ത് കൈവശം വച്ച് സമയം കളയാനായിരുന്നു ഇറ്റലിയുടെ ശ്രമം.
അവരുടെ ഈ നെഗറ്റീവ് തന്ത്രമാണ് തിരിച്ചടിയായത്. പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ ഇറ്റലിക്കെതിരേ ദക്ഷിണാഫ്രിക്ക കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഒടുവില്‍ മത്സരം ഇന്‍ജുറി ടൈമിലേക്ക് കടന്ന് രണ്ടു മിനിറ്റ് പിന്നിട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ശ്രമം ഫലം കണ്ടു. ബോക്‌സിലേക്ക് ലഭിച്ച പന്ത് സ്വീകരിച്ച് മൂന്നു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞു ഗാറ്റ്‌ലാന തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു.
ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഓരോ ജയവും സമനിലയും തോല്‍വിയുമടക്കം നാലു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക് മുന്നേറിയത്. ഇറ്റലിക്കും നാലു പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ആഫ്രിക്കന്‍ ടീമിനു പിന്നിലായത് വിനയായി. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച സ്വീഡനാണ് നോക്കൗട്ടില്‍ കടന്ന മറ്റൊരു ടീം.
ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ അര്‍ജന്റീനയെ തോല്‍പിച്ചാണ് മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 66-ാം മിനിറ്റില്‍ റെമേബക്ക ബ്ലോംക്വിസ്റ്റും 90-ാം മിനിറ്റില്‍ എലി റൂബെന്‍സനുമാണ് സ്വീഡന്റെ ഗോളുകള്‍ നേടിയത്.