ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന റൗണ്ടുകളിലേക്ക് അടുക്കുന്നതോടെ കിരീടപ്പോരാട്ടം കൂടുതല്‍ ത്രില്ലിങ് ആകുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങിയ ആഴ്‌സണല്‍ ടൈറ്റില്‍ റേസിന്റെ കടിഞ്ഞാണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏല്‍പിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ സതാംപ്ടണിനോടണ് ആഴ്‌സണല്‍ പോയിന്റ് പങ്കിട്ടത്. മത്സരത്തിന്റെ 88-ാം മിനിറ്റ് വരെ 3-1ന് പിന്നില്‍ നിന്നശേഷംആദ്യ 15 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ ലീഡ് നേടിയ ശേഷം നിറഞ്ഞ ആരാധക പിന്തുണയുടെ ബലത്തില്‍ തിരിച്ചടിച്ചെങ്കിലും നിര്‍ണായക മൂന്നു പോയിന്റ് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ 32 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടു മത്സരങ്ങള്‍ കുറച്ചു കളിച്ച സിറ്റി വെറും അഞ്ചു പോയിന്റ് മാത്രം പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്.
മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയാണ് ആഴ്‌സണല്‍ തുടങ്ങിയത്. ഗോള്‍കീപ്പര്‍ റാംസ്‌ഡേലിന്റെ പിഴവ് മുതലെടുത്ത് സതാംപ്ടണ്‍ താരം അല്‍കാരസ് സ്‌കോര്‍ ചെയ്യുമ്പോള്‍ മത്സരം ആരംഭിച്ച് 30 സെക്കന്‍ഡുകള്‍ പിന്നിട്ടിട്ടേ ഉണ്ടായിരുന്നു. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പേ തന്നെ ആഴ്‌സണലിന് വീണ്ടും പ്രഹരമേറ്റു. ഇക്കുറി അല്‍കാരസിന് ഗോളിനു വഴിയൊരുക്കാനുള്ള ചുമതലയായിരുന്നു ഉണ്ടായിരുന്നത്. 14-ാം മിനിറ്റില്‍ അല്‍കാരസ് നല്‍കിയ പാസില്‍ നിന്ന് തിയോ വാല്‍ക്കോട്ടാണ് സ്‌കോര്‍ ചെയ്തത്.
ക്ഷണ നേരത്തിനുള്ളില്‍ രണ്ടു ഗോളിനു പിന്നിലായ ആഴ്‌സണല്‍ പിന്നീട് തിരിച്ചടിക്ക് മുതിരുകയായിരുന്നു. ഞെട്ടലില്‍ നിന്നു മുക്തരായ അവര്‍ ആറു മിനിറ്റിനകം ഒരു ഗോള്‍ മടക്കി. ഇംഗ്ലീഷ് യുവ താരം ബുക്കായോ സാക്കയുടെ പാസില്‍ നിന്ന് ഗബ്രിയേല്‍ മാര്‍ട്ടിനല്ലിയാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആദ്യപകുതിയില്‍ വീണ്ടും സ്‌കോര്‍ ചെയ്യാനുള്ള അവരുടെ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇടവേളയ്ക്കു തൊട്ടുമുമ്പ് ലീഡ് ഉയര്‍ത്താന്‍ സതാംപ്ടണും അവസരം ലഭിച്ചിരുന്നു. പക്ഷേ അല്‍കാരസിന്റെ ഷോട്ട് ഗോള്‍ലൈനില്‍ സേവ് ചെയ്ത ആഴ്‌സണല്‍ രക്ഷനേടി.
എന്നാല്‍ രണ്ടാം പകുതിയില്‍ അധികം താമസിയാണ് സതാംപ്ടണ്‍ ലീഡ് ഉയര്‍ത്തി. 66-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് കലെറ്റ സാര്‍ ആണ് സ്‌കോര്‍ ചെയ്തത്. ഇതോടെ 1-3 എന്ന സ്‌കോറില്‍ പിന്നിലായ ആഴ്‌സണല്‍ പിന്നീട് കൈമെയ് മറന്നു പൊരുതുന്നതാണ് കണ്ടത്. 88-ാം മിനിറ്റില്‍ നായകന്‍ ഒഡെഗാര്‍ഡിന്റെ ഇടങ്കാലന്‍ ഷോട്ടിലൂടെ ഒരു ഗോള്‍ മടക്കി സ്‌കോര്‍ 2-3 ആക്കിയ ആഴ്‌സണല്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ബുക്കായോ സാക്കയിലൂടെ 91-ാം മിനിറ്റില്‍ സമനില കണ്ടെത്തി. ഉറപ്പിച്ച തോല്‍വിയില്‍ നിന്നു രക്ഷനേടാനായെങ്കിലും അപ്രതീക്ഷിത സമനില ആഴ്‌സണലിന്റെ കിരീട സ്വപ്‌നങ്ങള്‍ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. 27-ന് നടക്കുന്ന സിറ്റിക്കെതിരായ പോരാട്ടത്തില്‍ മികച്ച ജയം നേടാനായില്ലെങ്കില്‍ കിരീടം അവര്‍ക്ക് സ്വപ്‌നമായി അവശേഷിച്ചേക്കും.