വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ചരിത്രം മാറ്റിക്കുറിച്ച 29-ാം മിനിറ്റിലെ ഗോൾ; സ്പെയിനിന് ലോകകിരീടം നേടിക്കൊടുത്ത ഓൾഗ കാർമോണ. പക്ഷേ, കിരീടത്തിൽ മുത്തമിട്ട സന്തോഷത്തിന് പിന്നാലെ ഓൾഗയെ കാത്തിരുന്നത് തന്റെ എല്ലാമെല്ലാമായ പിതാവിന്റെ വിയോഗ വാർത്തയായിരുന്നു.
ദീർഘകാലമായി അസുഖബാധിതനായിരുന്ന ഓൾഗയുടെ അച്ഛൻ ജോസ് വെർഡാസ്കോ വെള്ളിയാഴ്ചയാണ് മരിച്ചത്. എന്നാൽ ലോകകപ്പ് ഫൈനൽ തയ്യാറെടുപ്പിലായിരുന്ന ഓൾഗയെ വിവരം അറിയിച്ചിരുന്നില്ല. കിരീടനേട്ടത്തിന് പിന്നാലെ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണ് (ആർഎഫ്ഇഎഫ്) അച്ഛന്റെ മരണവിവരം താരത്തെ അറിയിച്ചത്.
"കളി തുടങ്ങും മുൻപ് എന്റെ വെളിച്ചം കൂടെയുണ്ടായിരുന്നു. വിജയം നേടാനുള്ള ശക്തി എനിക്ക് നൽകിയത് നിങ്ങളാണ്. ഈ രാത്രി നിങ്ങളെന്നെ കാണുന്നുണ്ടാകും, എന്നെക്കുറിച്ച് അഭിമാനിക്കും. സമാധാനത്തിൽ വിശ്രമിക്കൂ' - മത്സരശേഷം ഓർഗ കാർമോണ കുറിച്ചു.
തന്റെ സഹോദരന്മാരെ ഫുട്ബോൾ പരിശീലിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചതോടെയാണ് കളിയോട് അഭിനിവേശം തോന്നിയതെന്ന് ഓൾഗ കാർമോണ മുൻപ് പറഞ്ഞിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും ഫുട്ബോൾ പരിശീലനം കാണാൻ അച്ഛനൊപ്പം അവളും പോകുമായിരുന്നു. അങ്ങനെയാണ് കളിയോട് സ്നേഹം തോന്നിത്തുടങ്ങിയത്. സഹോദരന്മാർക്കൊപ്പം പരിശീലനം തുടങ്ങിയ ഓള്‍ഗ, നിർണായകമത്സരത്തിൽ രാജ്യത്തിന് കിരീടവും സമ്മാനിച്ചു.
ജർമനിക്ക് ശേഷം പുരുഷ-വനിതാ ഫുട്ബോൾ ടൂർണമെന്റുകളിൽ വിജയ കിരീടം ചൂടുന്ന രണ്ടാമത്തെ രാജ്യമാണ് സ്‌പെയിൻ. പ്രതിരോധതാരമായ കാർമോണ സ്പാനിഷ് ഫുട്ബോളിലെ മുൻനിര പ്രതിഭകളിൽ ഒരാളാണ്. കഴിഞ്ഞവർഷത്തെ യുവേഫ വനിതാ യൂറോയിൽ ഡെന്മാർക്കിനും ഇംഗ്ലണ്ടിനുമെതിരെ മികച്ച പ്രകടനം കാഴ്ചവച്ച കാർമോണ, കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി 100 മത്സരങ്ങളിൽ മാറ്റുരച്ചിരുന്നു.