FOOTBALL

ശ്രീനിധിയോടു തോറ്റു; ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷ തുലാസില്‍

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗളുരു എഫ്.സിയെ മികച്ച മാര്‍ജിനില്‍ തോല്‍പിക്കുകയും അതോടൊപ്പം അവസാന മത്സരത്തില്‍ ശ്രീനിധി ജയിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് ഇനി സാധ്യതയുള്ളൂ.

വെബ് ഡെസ്ക്

എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഗ്രൂപ്പ് എയില്‍ ഇന്നു നടന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാന്‍ എഫ്.സിയോടു നേരിട്ട തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായത്.

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ശ്രീനിധിയുടെ ജയം. ആദ്യ പകുതിയിലാണ് അവര്‍ രണ്ടു ഗോളുകളും സ്‌കോര്‍ ചെയ്തത്. റില്‍വാന്‍ ഹസനും ഡേവിഡ് കസ്റ്റാനെഡ മുനോസുമാണ് ശ്രീനിധിക്കായി ലക്ഷ്യം കണ്ടത്.

ആദ്യ മത്സരത്തില്‍ കഴിഞ്ഞ ദിവസം റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോല്‍പിച്ച ടീമില്‍ നിന്ന് ഏഴു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങിയത്. അടിമുടി അഴിച്ചുപണിതത് ടീമിനെ കാര്യമായി ബാധിച്ചുവെന്നുവാണ് മത്സരഫലം വ്യക്തമാക്കുന്നത്.

കളിയുടെ തുടക്കം മുതല്‍ പന്തു കൈവശം വയ്ക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. എന്നാല്‍ ഫലപ്രദമായ ആക്രമണം മെനയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേസമയം വീണുകിട്ടുന്ന അവസരങ്ങളില്‍ കുതിച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിക്കുന്ന തന്ത്രമാണ് ശ്രീനിധി പയറ്റിയത്.

ഒടുവില്‍ 17-ാം മിനിറ്റില്‍ അതിന് അവര്‍ക്കു ഫലവും ലഭിച്ചു. ഇടതുവിങ്ങില്‍ നിന്നു കുതിച്ചുകയറിയെത്തിയ ഹസന്റെ മിന്നല്‍ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ലീഡ് വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് അല്‍പം ഉണര്‍ന്നു കളിച്ചു. എന്നാല്‍ സമനില ഗോളിനായുള്ള അവരുടെ ശ്രമങ്ങള്‍ക്ക് തീക്ഷ്ണത ഇല്ലായിരുന്നു.

മത്സരം ഇടവേളയ്ക്കു പിരിയാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ ശ്രീനിധി രണ്ടാം ഗോളും കണ്ടെത്തി. കസ്റ്റാനെഡയുടെ ഒരു തകര്‍പ്പന്‍ അക്രോബാറ്റിങ് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനെ പരാജയപ്പെടുത്തി വലയില്‍ക്കയറി.

രണ്ടു ഗോള്‍ ലീഡ് വഴങ്ങി ഇടവേളയ്ക്കു പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ജിയാന്നുവിനെ കളത്തിലിറക്കി മികച്ച ഫുട്‌ബോള്‍ കെട്ടഴിച്ചു. എന്നാല്‍ ഗോള്‍ നേടാന്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ സമ്മതിച്ചില്ല.

51ാം മിനിറ്റില്‍ വലതുവശത്തുനിന്നും ആയുഷ് നല്‍കിയ ക്രോസ് ഗോള്‍മുഖത്തുള്ള ജിയാനുവിന് കണക്ട് ചെയ്യാനായില്ല. 58-ാം മിനിറ്റില്‍ ഡയമന്റാകോസിന്റെ വലതുപാര്‍ശ്വത്തുനിന്നുള്ള ഇടംകാലടി ശ്രീനിധി ഗോളി ആര്യന്റെ കൈയിലായി. പിന്നാലെ രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റവും പ്രതിരോധത്തില്‍ തട്ടിവീണു. 73-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയുടെ ഷോട്ട് ആര്യന്‍ തടഞ്ഞു. പിന്നാലെ ഹോര്‍മിപാമിന്റെ ഷോട്ടും ശ്രീനിധി ഗോളി രക്ഷപ്പെടുത്തി.

ഇന്നത്തെ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിപ്രതീക്ഷകളാണ് തുലാസിലായത്. നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ശ്രീനിധി ഒന്നാമതും മൂന്നു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതുമാണ്. ഒരു പോയിന്റുള്ള ബംഗളുരു എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് സെമിയിലേക്ക് മുന്നേറുക.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗളുരു എഫ്.സിയെ മികച്ച മാര്‍ജിനില്‍ തോല്‍പിക്കുകയും അതോടൊപ്പം അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരേ ശ്രീനിധി ജയിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് ഇനി സാധ്യതയുള്ളൂ.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്