ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ഇറ്റലിയ തകര്‍ത്തെറിഞ്ഞ് സ്വീഡന്‍. ഇന്നു നടന്ന ഗ്രൂപ്പ് ജി പോരാട്ടത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അസൂറിപ്പടയെ സ്‌കാന്‍ഡിനേവിയന്‍ ടീം തുരത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ അമാന്‍ഡ ഇല്ലസ്റ്റഡിന്റെ പ്രകടനമാണ് സ്വീഡന് നിര്‍ണായകമായത്.
വെല്ലിങ്ടണ്‍ റീജിയണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അമാന്‍ഡയ്ക്കു പുറമേ ഫ്രിഡോളിന റോള്‍ഫോ, സ്റ്റിന ബ്ലാക്‌സ്റ്റീനിയസ്, റെബേക്ക ബ്ലോംക്വിസ്റ്റ് എന്നിവരാണ് സ്വീഡന്റെ പട്ടിക തികച്ചത്. ഗ്രൂപ്പ് റൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ആറുപോയിന്റുമായാണ് സ്വീഡന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ഇന്നത്തെ കൂറ്റന്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍ പദവിയും ഏറെക്കുറേ അവര്‍ ഉറപ്പാക്കി. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള അവരുടെ ഗോള്‍ ശരാശരി ആറാണ്. ഒരു ജയവും ഒരു തോല്‍വിയുമായി മൂന്നുപോയിന്റോടെ രണ്ടാമതാണ് ഇറ്റലി.
ഓരോ പോയിന്റു വീതമുള്ള ദക്ഷിണാഫ്രിക്കയും അര്‍ജന്റീനയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വീഡന്‍ അര്‍ജന്റീനയെയും ഇറ്റലി ദക്ഷിണാഫ്രിക്കയെയും നേരിടും. ഇന്നത്തെ കനത്ത തോല്‍വി ഗോള്‍ശരാശരി മൈനസ് നാലിലേക്ക് വീഴ്ത്തിയത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ നോക്കൗട്ട് ഉറപ്പിക്കാന്‍ അവസാന മത്സരത്തില്‍ ജയം വേണമെന്ന നിലയിലായി അവര്‍.
ഇന്ന് മത്സരത്തിന്റെ 39-ാം മിനിറ്റിലാണ് സ്വീഡന്‍ ാേള്‍വേട്ട ആരംഭിച്ചത്. 44-ാം അവര്‍ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഫ്രിഡോളിനയാണ് ഇക്കുറി ലക്ഷ്യം കണ്ടത്. രണ്ടു ഗോള്‍ ലീഡ് നേടിയിട്ടും ആക്രമണവീര്യം കുറയ്ക്കാതിരുന്ന സ്വീഡന്‍ ഇടവേളയ്ക്കു തൊട്ടുമുമ്പ് ബ്ലാക്‌സ്റ്റീനിയസിലൂടെ വീണ്ടും വലകുലുക്കി. ഇതോടെ ആദ്യപകുതി മൂന്നു ഗോള്‍ ലീഡിലാണ് സ്വീഡന്‍ അവസാനിപ്പിച്ചത്.
തുടര്‍ന്ന് രണ്ടാം പകുതിയിലും സ്വീഡന്‍ നിരാശപ്പെടുത്തിയില്ല. ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മിനിറ്റുമുതല്‍ ആക്രമിച്ചു കളിച്ച അവര്‍ ഇറ്റാലിയന്‍ പ്രതിരോധത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സ്ഷൃടിച്ചു. 50-ാം മിനറ്റില്‍ അവര്‍ നാലാം ഗോള്‍ കണ്ടെത്തി. അമാന്‍ഡയായിരുന്നു സ്‌കോറര്‍. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ബ്ലോംക്വിസ്റ്റ് അവരുടെ പട്ടിക തികച്ചു.