ലോകകപ്പ് ഫുട്‍ബോളിൽ നിന്ന് എങ്ങനെ ചുളുവിൽ കാശുണ്ടാക്കാമെന്നായിരുന്നു ഹോർഷേ റോഹാസിന്റെ ആദ്യ ചിന്ത. ഒന്നുകിൽ സ്റ്റേഡിയം പരിസരത്ത് വല്ല പെട്ടിക്കടയും തുടങ്ങണം. അല്ലെങ്കിൽ ടൂറിസ്റ്റ് ഗൈഡ് ആകണം. അതുമല്ലെങ്കിൽ പോലീസിനെ വെട്ടിച്ച് കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കണം.
മൂന്നിനും മനസ്സ് സമ്മതിച്ചില്ലെന്ന് റോഹാസ്. വിചിത്ര രൂപത്തിലുള്ള തലപ്പാവുകൾ ഉണ്ടാക്കി വിറ്റാലോ എന്ന ആലോചനയായി പിന്നെ. അതിലുമില്ല ഒരു ത്രിൽ. ഒടുവിൽ, അറ്റകൈക്ക് അറിയുന്ന പണി തന്നെ ചെയ്യാൻ തീരുമാനിക്കുന്നു പിയാനിസ്റ്റായ റോഹാസ്; പാട്ടിനോട് ഇഷ്ടമുള്ള കൂട്ടുകാരെയെല്ലാം വിളിച്ചുചേർത്ത് ഒരു സംഗീത ബാൻഡ് തട്ടിക്കൂട്ടുക. ചിലിയൻ ദേശീയ ടീമിന്റെ ആരാധകർക്ക് ആവേശം പകരാനായി താളക്കൊഴുപ്പുള്ള ഒരു പാട്ട് സൃഷ്ടിക്കുക.
ഇരുപത്തിമൂന്നാം വയസ്സിൽ റോഹാസ് എടുത്ത ആ കിടിലൻ തീരുമാനത്തിൽ നിന്ന് തുടങ്ങുന്നു ലോകകപ്പ് ഫുട്ബോൾ തീം സോങ്ങിന്റെ ചരിത്രം. 1962 ലെ ചിലി ലോകകപ്പിന് വേണ്ടി റോഹാസും കൂട്ടരും ചേർന്ന് രൂപം നൽകിയ ''എൽ റോക്ക് ഡെൽ മുൻഡിയൽ'' (ദി റോക്ക് ഓഫ് ദി വേൾഡ് കപ്പ്) എന്ന ഔദ്യോഗിക മുദ്രാഗീതത്തിന് ഈ വർഷം അറുപത് തികഞ്ഞു.
ഷഷ്ടിപൂർത്തി ആഘോഷത്തിൽ പങ്കു ചേരാൻ പാട്ടിന്റെ ശില്പികളിലൊരാൾ പോലും ജീവിച്ചിരിപ്പില്ല എന്നതാണ് ദുഃഖസത്യം. റോഹാസ് ഓർമ്മയായത് 2018ൽ എൺപതാം വയസ്സിൽ. പോളോ സാലിനാസ് (വോക്കൽസ്), മാനുവൽ ഉറൂഷ്യ (ഗിറ്റാർ), ഫ്രാൻസിസ്‌കോ ആർലെഗ്യൂ (സാക്സഫോൺ), അലക്സ് അപറീഷ്യോ (ട്രംപറ്റ്), റോമിയോ ബാഡർ (ഡ്രമ്മർ) എന്നിവരായിരുന്നു റോഹാസിന്റെ ''ലോസ് റാംബ്ലേഴ്സ്'' ബാൻഡിലെ മറ്റംഗങ്ങൾ.
''കാലത്തെ അതിജീവിക്കണം നിന്റെ പാട്ടെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇത്തരം ബാലിശമായ കാര്യങ്ങളൊന്നും ചെയ്യരുത്. നൂറു ശതമാനം പ്രൊഫഷണൽ ആയ ഒരു സൃഷ്ടിയാവണം ഇത്''
മൂന്നേ മൂന്ന് ദിവസം കൊണ്ടാണ് പാട്ടിന്റെ വരികൾ റോഹാസ് എഴുതിത്തീർത്തത്. ചിട്ടപ്പെടുത്തിയത് ഒരൊറ്റ ദിവസം കൊണ്ടും. ഒരുമിച്ചു പന്തുകളിച്ചു വളർന്ന രണ്ടു കൂട്ടുകാരുടെ പേരുകൾ കൂടി ഒരു കൗതുകത്തിന് പാട്ടിൽ എഴുതിച്ചേർത്തിരുന്നു റോഹാസ്. ചിലിയൻ ലോകകപ്പ് ടീമംഗങ്ങളായ ലയണൽ, റാമിറസ് എന്നിവരുടെ പാട്ട് വായിച്ചുകേട്ട റോഹാസിന്റെ മുത്തച്ഛൻ ആദ്യം ചെയ്തത് ആ പേരുകൾ വെട്ടിക്കളയുകയാണ്. ''കാലത്തെ അതിജീവിക്കണം നിന്റെ പാട്ടെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇത്തരം ബാലിശമായ കാര്യങ്ങളൊന്നും ചെയ്യരുത്. നൂറു ശതമാനം പ്രൊഫഷണൽ ആയ ഒരു സൃഷ്ടിയാവണം ഇത്''- മുത്തച്ഛൻ പറഞ്ഞു.
റോക്ക്ന്‍ റോളാണ് അന്നത്തെ യുവതലമുറയുടെ ഹരം. സ്വാഭാവികമായും റോക്കിന്റെ കെട്ടും മട്ടുമാണ് റോഹാസ് പാട്ടിന് നൽകിയത്. മേമ്പൊടിക്ക് കയ്യടിയുടെ ശബ്ദവും റഫറിയുടെ വിസിലും. ചിലിയൻ നഗരമായ വിനാ ഡെൽമാറിലെ ഒരു ചൂതാട്ട കേന്ദ്രത്തിലെ വേദിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട പാട്ട് സൂപ്പർ ഹിറ്റായതോടെ പ്രമുഖ മ്യൂസിക് പ്രൊഡ്യൂസർ കാമിലോ ഫെർണാണ്ടസ് ''എൽ റോക്ക് ഡെൽ മുൻഡിയൽ'' എന്ന പേരിൽ എൽ പി റെക്കോർഡ് ആയി അത് പുറത്തിറക്കുന്നു. ഇനിയുള്ളത് ചരിത്രം.
ലോകകപ്പിന് തിരശ്ശീല വീഴും മുൻപ് ഇരുപതു ലക്ഷം റെക്കോർഡുകൾ വിറ്റുതീർന്നതോടെ, ചിലിയൻ സംഗീത ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്നു അത്
ലോകകപ്പിന് പന്തുരുളാൻ മൂന്നാഴ്ച മാത്രം. പാട്ടിന്റെ ജനപ്രീതി കണ്ട് തരിച്ചുപോയ ടൂർണമെന്റ് സംഘാടകർ റോഹാസിന്റെ സൃഷ്ടിയെ ചിലി ലോകകപ്പിന്റെ ഔദ്യോഗിക ഗീതമായി പ്രഖ്യാപിക്കുന്നു. ഫിഫയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് തീം സോംഗ്. തെക്കേ അമേരിക്കക്കാർ മുഴുവൻ ഏറ്റുപാടുന്നു ആ പാട്ട്. ലോകകപ്പിന് തിരശ്ശീല വീഴും മുൻപ് ഇരുപതു ലക്ഷം റെക്കോർഡുകൾ വിറ്റുതീർന്നതോടെ, ചിലിയൻ സംഗീത ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്നു അത്. ഇന്നും ഓരോ ലോകകപ്പും കടന്നുവരുമ്പോൾ ''എൽ റോക്ക് ഡെൽ മുൻഡിയൽ'' ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുന്നു. പുതു തലമുറ പോലും ചുവടുവെക്കുന്നു ആ പാട്ടിനൊപ്പം.
തികച്ചും പ്രസാദാത്മകമാണ് റോഹാസിന്റെ രചന. വരികളിലെങ്ങുമില്ല നിഷേധാത്മകത. ഉള്ളത് നന്മയുടെ പ്രകാശം മാത്രം. വിദേശ ടീമുകളെ സ്നേഹത്തോടെ, മാന്യതയോടെ, തെല്ലൊരു നർമ്മബോധത്തോടെ വരവേൽക്കുന്നു പാട്ടിലൂടെ ചിലിയൻ ജനത. അവസാന വരിയിലുണ്ട് കളിയോടും ജീവിതത്തോടുമുള്ള ചിലിയൻ സമൂഹത്തിന്റെ സമീപനം- ''തോറ്റാലും പ്രശ്നമില്ല. തോൽവിയെ നേരിടാൻ ഞങ്ങൾക്ക് റോക്കൻറോൾ ചുവടുകളുണ്ട്… ''
ലോകത്തെ ഇളക്കിമറിച്ച ലോകകപ്പ് മുദ്രാഗീതങ്ങൾ പിന്നെയും വന്നു. പ്ലസിഡോ ഡോമിൻഗോയിലൂടെ, ഡാറിൽ ഹാളിലൂടെ, റിക്കി മാർട്ടിനിലൂടെ, ഷക്കീറയിലൂടെ ആ ചരിത്രം ഇതാ ''ഹയ്യ ഹയ്യ''യിൽ എത്തിനിൽക്കുന്നു.