FOOTBALL

നെവിൽ ഡിസൂസ ഓസ്ട്രേലിയയെ നാണം കെടുത്തിയ ദിവസം

ഹാൾ ഓഫ് ഫെയിമിൽ അംഗത്വം സ്വീകരിച്ച ശേഷം മോറോ പറഞ്ഞു: "35 വർഷത്തെ കളിജീവിതത്തിൽ എന്നെ വിസ്മയിപ്പിച്ച കളിക്കാർ നിരവധിയുണ്ട്. വേദനിപ്പിച്ച ഒരാളേയുള്ളൂ - നെവിൽ ഡിസൂസ"

രവി മേനോന്‍

അറുപത്തിയേഴു വർഷം മുൻപൊരു ഡിസംബർ ഒന്നിനാണ് നെവിൽ ഡിസൂസയുടെ ഹാട്രിക് മികവിൽ ആതിഥേയരായ ഓസ്ട്രേലിയയെ 4 - 2 ന് കീഴടക്കി ഇന്ത്യ ഒളിമ്പിക് ഫുട്ബോളിന്റെ സെമിഫൈനലിൽ ഇടം നേടിയത് - ആദ്യമായും അവസാനമായും.

ഏഷ്യൻ കപ്പിൽ നാളെ ഇന്ത്യ പ്രബലരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്പോൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ആ വിജയം ഓർക്കാതിരിക്കുന്നതെങ്ങനെ, വിജയശിൽപിയേയും.

തൊട്ടു മുൻപത്തെ ഹെൽസിങ്കി ഗെയിംസിൽ (1952) ആദ്യ റൗണ്ടിൽ തന്നെ യുഗോസ്ലാവിയയോട് 1-10 ന് തോറ്റു നാണം കെട്ടിരുന്ന ഇന്ത്യക്ക് മെൽബണിൽ തരിമ്പും സാധ്യത കൽപിച്ചിരുന്നില്ല വിദഗ്ധർ. ക്യാപ്റ്റൻ സമർ ബാനർജി ഉൾപ്പെടെയുള്ള ടീമംഗങ്ങൾ പോലും ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം.

പക്ഷേ കളി തുടങ്ങിയതോടെ കഥ മാറി. ഒൻപതാം മിനിറ്റിൽ ഓസീസ് സെന്റർ ബാക്കിനെ കബളിപ്പിച്ച് സമർ ബാനർജി ഗോൾ ഏരിയക്ക് തൊട്ടുപുറത്തുനിന്ന് തൊടുത്ത വോളി പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ വായുവിൽ നീന്തി പന്തിൽ തലവെച്ച നെവിൽ ഡിസൂസക്ക് പിഴച്ചില്ല. ഇന്ത്യ ഒരു ഗോളിന് മുന്നിൽ.

മുപ്പത്തിമൂന്നാം മിനിറ്റിൽ പി കെ ബാനർജിയുടെ ബൂട്ടിൽ നിന്ന് കോരിയെടുത്ത പന്ത് ഗോൾകീപ്പർ റോൺ ലോർഡിന്റെ കൈകളിൽ നിന്ന് ചോർന്നപ്പോൾ എങ്ങുനിന്നോ കുതിച്ചെത്തി ചിപ്പ് ചെയ്ത് വലയ്ക്കുള്ളിലാക്കി വീണ്ടും ഓസ്ട്രേലിയയെ ഞെട്ടിക്കുന്നു നെവിൽ. തീർന്നില്ല, രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ണയ്യന്റെ ബാക്ക് ഹീൽ പാസിൽ നിന്ന് മൂന്നാമതൊരു ഗോൾ കൂടി. ഇടംകാലിൽ കുരുക്കിയെടുത്ത് വലം കാൽ കൊണ്ട് നിറയൊഴിക്കുന്നതിന് പകരം പകച്ചു നിന്ന ഗോളിയുടെ വലതുഭാഗത്തുകൂടി പന്ത് വലയിലേക്ക് ഉരുട്ടിവിടുകയായിരുന്നു തന്ത്രശാലിയായ നെവിൽ. ഗാലറികൾ തരിച്ചുപോയ നിമിഷം.

ഓസീസ് ശവപ്പെട്ടിക്ക് മേൽ നാലാമത്തെയും അവസാനത്തേയും ആണിയടിച്ചത് കിട്ടു. പന്തുമായി 25 വാരയോളം ഒറ്റയ്ക്ക് ഓടി ബോക്സിനകത്ത് കടന്നുചെന്ന് ലോർഡിന്റെ തലക്ക് മുകളിലൂടെ കിട്ടു ഉതിർത്ത വെടിയുണ്ട ആരും കണ്ടതുപോലുമില്ല.

ഇടക്ക് ഓസ്ട്രേലിയ രണ്ടു ഗോൾ തിരിച്ചടിച്ചിരുന്നു, ടീമിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരൻ ബ്രൂസ് മോറോയിലൂടെ. പിൽക്കാലത്ത് ഓസ്ട്രേലിയൻ ഫുട്ബോളിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി മാറിയ മോറോയുടെ അരങ്ങേറ്റ മത്സരമായിരുന്നു അതെന്ന് കൂടി അറിയുക.

വർഷങ്ങൾക്ക് ശേഷം 2000ൽ ഓസ്ട്രേലിയൻ ഫുട്ബോൾ ഹാൾ ഓഫ് ഫെയിമിൽ അംഗത്വം സ്വീകരിച്ച ശേഷം മോറോ മാധ്യമപ്രവർത്തകരോട് പറഞ്ഞു: "35 വർഷത്തെ കളിജീവിതത്തിൽ എന്നെ വിസ്മയിപ്പിച്ച കളിക്കാർ നിരവധിയുണ്ട്. വേദനിപ്പിച്ച ഒരാളേയുള്ളൂ - നെവിൽ ഡിസൂസ. അന്താരാഷ്ട്ര ഫുട്ബോളിൽ എന്റെ അരങ്ങേറ്റം ദുരന്തമാക്കി മാറ്റിയ കളിക്കാരനെ എങ്ങനെ മറക്കാൻ?".

നാല് ദിവസം കഴിഞ്ഞു സെമിഫൈനലിൽ യുഗോസ്ലാവിയക്കെതിരെ ചില നിർണായക മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ക്രോസ്ബാറിനടിയിൽ പീറ്റർ തങ്കരാജിന് പകരം മലയാളിയായ എസ് എസ് നാരായണൻ വന്നു. മുന്നേറ്റനിരയിൽ നിന്ന് സമർ ബാനർജിയും കണ്ണയ്യനും പുറത്തായി. പകരം വന്നത് ബാലറാമും നിഖിൽ നന്ദിയും. പ്രഗത്ഭനായ കോച്ച് എസ് എ റഹീമിന്റെ പരീക്ഷണങ്ങൾ ഫലം ചെയ്തുവെന്ന സൂചനയാണ് ആദ്യ പകുതിയിലെ ഇന്ത്യയുടെ പ്രകടനം നൽകിയത്. ഏറെക്കുറെ പൂർണ്ണമായിരുന്നു ഇന്ത്യൻ ആധിപത്യം.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെവിൽ ഡിസൂസയിലൂടെ ഇന്ത്യ ലീഡ് നേടുകയും ചെയ്തു. പക്ഷേ ഇടക്കെപ്പോഴോ ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങൾ പാളിത്തുടങ്ങുന്നു. തേഡ് ബാക്ക് സ്ഥാനത്ത് സലാമും വലതു പ്രതിരോധത്തിൽ ലത്തീഫും പതറിയതാണ് പ്രശ്‌നമായത്. ഈ പിഴവുകൾ മുതലെടുത്ത് വഴിക്കുവഴിയായി നാല് തവണ ഇന്ത്യയുടെ വല കുലുക്കുന്നു യൂഗോസ്ലാവ്യ. തിരിച്ചടിക്കാൻ പോലുമാകാതെ തളർന്നുപോയിരുന്നു അപ്പോഴേക്കും ഇന്ത്യ.

നാട്ടിലേക്ക് തിരിച്ചുപോരും വഴി സൗഹൃദമത്സരത്തിൽ ഒരിക്കൽ കൂടി ഓസ്ട്രേലിയയെ ഇന്ത്യയെ നേരിട്ടു. ക്വാർട്ടർ ഫൈനൽ വിജയം ഫ്ലൂക്ക് അല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടല്ലോ. പൊരുതിക്കളിച്ച ആതിഥേയരെ ഇന്ത്യ വീഴ്ത്തിയത് നെവിലിന്റെ ഒരു ജോഡി ഗോളുകൾക്ക്.

ഈ കഥക്കൊരു വേദനാജനകമായ ട്വിസ്റ്റ് കൂടിയുണ്ട്; നെവിലിന്റെ അനിയനും മുൻ ഇന്റർനാഷണലുമായ ഡെറിക് ഡിസൂസയുടെ ഭാഷയിൽ 'ആന്റി ക്ലൈമാക്സ്'. മെൽബണിലെ മിന്നുന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വീണ്ടുമൊരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെട്ടില്ല അദ്ദേഹം. 1960ലെ റോം ഒളിമ്പിക്സിന്റെ ട്രയൽസിന് പോലും ക്ഷണിക്കപ്പെട്ടില്ല. ഫെഡറേഷനിൽ അദ്ദേഹത്തിന് തലതൊട്ടപ്പന്മാർ ഇല്ലായിരുന്നു എന്നതാണ് കാരണം. അവഗണനയുടെ വേദനയിൽ കളിക്കളങ്ങളിൽ നിന്നകന്നു നെവിൽ.

കളിയോടുള്ള വിരക്തി അദ്ദേഹത്തിന്റെ ജീവിത ശൈലിയേയും ബാധിച്ചു. ആരോഗ്യം ശ്രദ്ധിക്കാതെയായി. നിത്യജീവിതത്തിൽ അച്ചടക്കം കുറഞ്ഞു. 1980ൽ ഭാര്യ ലൈറയേയും മക്കളായ നൈജലിനെയും ലീസലിനേയും ഫ്ലൂറലിനെയും വിട്ട് നെവിൽ യാത്രയായപ്പോൾ പേരിനൊരു അനുശോചന സന്ദേശം പോലുണ്ടായില്ല അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ നിന്ന്.

ഇന്ത്യൻ ഫുട്ബോളിന്റെ ഇന്നത്തെ നിലവാരമോർക്കുമ്പോൾ അത്ഭുതം തോന്നാം. ഒളിമ്പിക്സിൽ ഹാട്രിക്ക് നേടിയ ഒരു കളിക്കാരൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുമോ പുതു തലമുറ? അന്താരാഷ്ട്ര മത്സര വേദികളുടെ കടമ്പകൾ കടക്കാനാവാതെ മിക്കപ്പോഴും കിതച്ചും വിറച്ചും നാണം കെട്ടും പിടഞ്ഞു വീഴുന്ന ഇന്ത്യൻ ടീമിനെയല്ലേ അവർക്ക് കണ്ടു പരിചയം?

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?