ചാമ്പ്യൻസ് ലീഗിൽ ഒന്നാം റൗണ്ടിലെ രണ്ടാം ദിനത്തിൽ ആവേശ പോരാട്ടങ്ങൾ. മരണ ഗ്രൂപ്പിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ഇന്റർ മിലാനെ നേരിടുമ്പോൾ, ബാഴ്‌സലോണ ചെക്ക് റിപ്പബ്ലിക് ക്ലബ് എഫ്‌സി വിക്ടോറിയ പ്ലസെനുമായി ഏറ്റുമുട്ടും. ആറ് വട്ടം യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെ എതിരാളി നാപോളിയാണ്.
ഗ്രൂപ്പ് നിർണയം കഴിഞ്ഞപ്പോൾ ബയേൺ മ്യൂണിക്, ബാഴ്‌സലോണ, ഇന്റർ മിലാൻ, എഫ്‌സി വിക്ടോറിയ പ്ലസെൻ എന്നിവർ ഉൾപ്പെട്ട സി ഗ്രൂപ്പിലേക്കായിരുന്നു ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ
ഗ്രൂപ്പ് നിർണയം കഴിഞ്ഞപ്പോൾ ബയേൺ മ്യൂണിക്, ബാഴ്‌സലോണ, ഇന്റർ മിലാൻ, എഫ്‌സി വിക്ടോറിയ പ്ലസെൻ എന്നിവർ ഉൾപ്പെട്ട സി ഗ്രൂപ്പിലേക്കായിരുന്നു ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങാൻ മുൻ ചാമ്പ്യന്മാരായ ഇന്റർ മിലാനും ബയേൺ മ്യൂണിക്കും ഇറങ്ങുമ്പോൾ മത്സരം ആവേശഭരിതമാകും. ഇന്ററിന്റെ മൈതാനമായ സാൻ സിറോയിലാണ് മത്സരം. നിലവിൽ ബുണ്ടസ്‌ലിഗയിൽ മൂന്ന് ജയവും രണ്ട് സമനിലയുമായി ബയേൺ മൂന്നാമതും, ഇന്റർ മിലാൻ സീരി എയിൽ മൂന്ന് ജയവും രണ്ട് തോൽവിയുമായി എട്ടാമതുമാണ്. താരതമ്യേന ദുർബലരായ വിക്ടോറിയ പ്ലസെനെ തോൽപ്പിച്ച് ഗ്രൂപ്പിലെ മറ്റ് മത്സരങ്ങക്ക് മുന്നോടിയായി മികച്ച തുടക്കത്തിനാകും ബാഴ്‌സയുടെ ലക്ഷ്യം. ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി സ്പാനിഷ് ക്ലബ്ബിനായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയെത്തുന്ന നാപോളിക്ക് പ്രീമിയർ ലീഗിൽ താളം കണ്ടെത്താൻ ഉഴറുന്ന ലിവർപൂളാണ് എതിരാളികൾ
ഒരു വർഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയെത്തുന്ന നാപോളിക്ക് പ്രീമിയർ ലീഗിൽ താളം കണ്ടെത്താൻ ഉഴറുന്ന ലിവർപൂളാണ് എതിരാളികൾ. ആറ് മത്സരങ്ങൾ പ്രീമിയർ ലീഗിൽ പൂർത്തിയായപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് ലിവർപൂളിന് ജയിക്കാനായത്. നാപോളിയാകട്ടെ ഇറ്റലിയിൽ തോൽവി അറിയാതെ മൂന്ന് ജയവും രണ്ട് സമനിലയുമായി രണ്ടാമതാണ്. നാപോളിയുടെ മൈതാനത്താണ് മത്സരം. മറ്റ് മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് പോർട്ടോയെയും, ടോട്ടൻഹാം ഒളിമ്പിക് മാർസെയെയും, ക്ലബ് ബ്രൂഗ് ബയേർ ലെവർകുസെനെയും നേരിടും. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30 ആണ് എല്ലാ മത്സരങ്ങളും.