ചെല്‍സിയുടെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെയും ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ചെല്‍സി ടീം മാനേജ്‌മെന്റ് ഇന്നലെ കൈക്കൊണ്ടത്. സ്ഥാനമേറ്റ് ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ടീമിനെ മികച്ച ജയത്തിലേക്കു നയിച്ച പരിശീലകന്‍ തോമസ് ട്യുഷേലിനെ പുറത്താക്കുക, അതും പുതിയ സീസണിലെ കേവലം ആറു മത്സരങ്ങളുടെ പേരില്‍!
തികച്ചും അവിശ്വസനീയമായ ഈ നീക്കത്തിനു പിന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസറ്റിയാനോ റൊണാള്‍ഡോയ്ക്കും 'തന്റേതായ പങ്ക്' ഉണ്ടെന്നാണ് ഇപ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഈ സീസണില്‍ മാഞ്ചസ്റ്ററില്‍ നിന്ന് 'രക്ഷപെടാന്‍' ശ്രമിച്ച റൊണാള്‍ഡോയ്ക്കു മുന്നില്‍ ചെല്‍സിയുടെ വാതിലുകള്‍ കൊട്ടിയടച്ചതാണ് ട്യുഷേലിന് വിനയായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റഷ്യന്‍ വ്യവസായി റോമന്‍ അബ്രമോവിച്ചിന്റെ പക്കല്‍ നിന്ന് ടീമിനെ വാങ്ങിയ ബ്ലൂകോ 22 ലിമിറ്റഡ് എന്ന കണ്‍സോര്‍ഷ്യവും അതിന്റെ ചെയര്‍മാന്‍ ടോട് ബോഹ്ലിയുമായുള്ള ട്യൂഷലിന്റെ ബന്ധം വഷളായതിനു പിന്നില്‍ ആ നീക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടീമിന്റെ മോശം പ്രകടനത്തെക്കാള്‍ ക്ലബ് ഫുട്‌ബോള്‍ ട്രാന്‍സഫര്‍ ജാലകത്തില്‍ കണ്‍സോര്‍ഷ്യത്തിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്യൂഷല്‍ തയാറായില്ലെന്നാണ് പ്രധാന ആരോപണം. ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിച്ച ട്യൂഷല്‍ അതിനു തക്ക താരങ്ങളെ ലക്ഷ്യമിട്ടപ്പോള്‍ ക്രിസ്റ്റിയാനോയെ പോലെ വിപണിമൂല്യമുള്ള താരങ്ങളെ ടീമിലെത്തിച്ച് സാമ്പത്തിക നേട്ടം കൊയ്യാനായിരുന്നു കണ്‍സോര്‍ഷ്യത്തിനു താല്‍പര്യം.
കഴിഞ്ഞ മാസം അവസാനിച്ച ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ട്യൂഷലിന് അധിക അധികാരവും ചുമതലയും നല്‍കിയതിനു പിന്നില്‍ കണ്‍സോര്‍ഷ്യത്തിന്റെ ഈ ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി കരുക്കള്‍ നീക്കാന്‍ ട്യൂഷല്‍ തയാറായില്ല.
ക്രിസ്റ്റിയാനോയുടെ ഏജന്റ് ഹോര്‍ഗെ മെന്‍ഡിസ് താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ചെല്‍സിയെ സമീപിച്ചപ്പോള്‍ താരത്തെ ടീമില്‍ എടുക്കാനായിരുന്നു കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ബോഹ്ലിയുടെ താല്‍പര്യം. എന്നാല്‍ തന്റെ ടീമില്‍ റൊണാള്‍ഡോ വേണ്ടെന്ന ഉറച്ച നിലപാടാണ് ട്യൂഷല്‍ സ്വീകരിച്ചത്. ക്രിസ്റ്റിയാനോയെ പരോക്ഷമായി സ്വീകരിച്ച ബോഹ്ലിയുടെ പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വലിയ 'നോ'യിലൂടെ ട്യൂഷല്‍ അടിച്ചിരുത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായി.
ഇതോടെ ട്യൂഷലിനെ വെട്ടാനുള്ള തുറപ്പ് കാത്തിരിക്കുകയായിരുന്നു കണ്‍സോര്‍ഷ്യം. ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോയ്‌ക്കെതിരായ ടീമിന്റെ തോല്‍വിയിലൂടെ അവര്‍ അത ഉപയോഗിക്കുകയും ചെയ്തു. ക്ലബ് ഉടമസ്ഥാവകാശം ഏറ്റെടുത്ത ശേഷം 100 ദിനമായിരുന്നു ട്യൂഷലിനെ വരുതിയിലാക്കാന്‍ കണ്‍സോര്‍ഷ്യം വച്ച സമയപരിധി.
എന്നാല്‍ ഈ കാലയളവിനുള്ളില്‍ കണ്‍സോര്‍ഷ്യത്തിന്റെ താല്‍പര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ജര്‍മന്‍ പരിശീലകനു കഴിയാതെ പോയതോടെ മറ്റൊരാളെ കണ്ടെത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതിനു പുറമേ ടീമിലെ താരങ്ങളുമായുള്ള ട്യൂഷലിന്റെ ബന്ധം വഷളായതും നിര്‍ണായക നീക്കത്തിനു കാരണമായി. പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ട്യൂഷല്‍ കൈക്കൊണ്ട പല തീരുമാനങ്ങളും പലപ്പോഴും ചോദ്യമുയര്‍ത്തിയിരുന്നു. പല താരങ്ങളെയും മനപ്പൂര്‍വം ഒഴിവാക്കുന്നതായും ആരോപണം ഉയരുകയും ചെയ്തിരുന്നു.
2021-ല്‍ ഫ്രാങ്ക് ലാംപാര്‍ഡിനു പകരം ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ട്യൂഷല്‍ ആറു മാസത്തിനകം ടീമിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയാണ് താരമായത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. കരാബാവോ കപ്പിലും എഫ് എ കപ്പിലും മാത്രമാണ് ടീമിന് ഫൈനലില്‍ എത്താന്‍ കഴിഞ്ഞത്. രണ്ടിലും ലിവര്‍പൂളിനോടു തോറ്റു കിരീടം കൈവിടുകയും ചെയ്തു. കൂടാതെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.
ഈ സീസണില്‍ മികച്ച നേട്ടം ലക്ഷ്യമിട്ട് പുതിയ ഉടമകള്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏറെ തുക ചിലവഴിക്കുകയും ചെയ്തിരുന്നു. 260 മില്യണ്‍ പൗണ്ടിനു മേലാണ് അവര്‍ ചിലവഴിച്ചത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു ക്ലബ് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചിലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.
ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് വെസ്ലി ഫൊഫാന, ബാഴ്‌സലോണയില്‍ പിന്ന് പിയറി എംറിക് ഔബമയേങ് എന്നിവരെ സ്വന്തമാക്കിയ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റഹീം സ്‌റ്റെര്‍ലിങ്ങിനെ എത്തിച്ചും ഞെട്ടിച്ചിരുന്നു. എന്നാല്‍ വന്‍ താരനിര എത്തിയിട്ടും സീസണ്‍ തുടക്കത്തില്‍ ടീമിന്റെ മോശം ഫോം കൂടിയായതോടെ ട്യൂഷലിനു പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.