ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ ഒടുങ്ങിയതിനു പിന്നാലെ ക്ലബ് ഫുട്‌ബോള്‍ ആവേശത്തിലായ ആരാധകരെ ത്രസിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാര്‍ക്ക് മിന്നുന്ന ജയങ്ങള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയുമാണ് തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയത്. യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പിച്ചപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബോണ്‍മത്തിനെതിരേയായിരുന്നു ചെല്‍സിയുടെ ജയം.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷ്യല്‍, ഫ്രെഡ് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പുറത്താക്കിയ ശേഷം കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം നേടാനായിയെന്നതും യുണൈറ്റഡിന് ആത്മവിശ്വാസം പകരുന്നു.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ആതിഥേയര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ നോട്ടിങ്ഹാമിനായില്ല. ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. 19-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡാണ് അക്കൗണ്ട് തുറന്നത്. ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ പാസില്‍ നിന്നായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഗോള്‍.
ലീഡ് നേടിയതോടെ ആക്രമണം വര്‍ധിപ്പിച്ച അവര്‍ മൂന്നു മിനിറ്റിനകം രണ്ടാം ഗോളും നേടി മത്സരം സ്വന്തം പേരിലെഴുതി. ഇക്കുറി റാഷ്‌ഫോര്‍ഡ് ഗോളിനു വഴിയൊരുക്കാനുള്ള ചുമതല വഹിച്ചപ്പോള്‍ മാര്‍ഷ്യലാണ് സ്‌കോര്‍ ചെയ്തത്. രണ്ടു ഗോള്‍ ലീഡ് എന്ന നിലയില്‍ ഇടവേളയ്ക്കു പിരിഞ്ഞ അവര്‍ക്കായി രണ്ടാം പകുതിയില്‍ 87-ാം മിനിറ്റിലാണ് ഫ്രെഡ് പട്ടിക തികച്ചത്. ബ്രസീലിയന്‍ താരം കാസിമിറോയാണ് ഗോളിന് വഴിയൊരുക്കിയത്.
മറ്റൊരു മത്സരത്തില്‍ ആദ്യപകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് ബോണ്‍മത്തിനതിരേ ചെല്‍സിക്ക് ജയമൊരുക്കിയത്. 16-ാം മിനിറ്റില്‍ കെയ് ഹാവെര്‍ട്‌സും 24-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടുമാണ് ചെല്‍സിക്കായി വലകുലുക്കിയത്.
ജയങ്ങളോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ചെല്‍സി എട്ടാം സ്ഥാനത്തുമെത്തി. 15 മത്സരങ്ങളില്‍ നിന്ന് ഒമ്പതു ജയവും രണ്ടു സമനിലകളും നാലു തോല്‍വികളുമായി 29 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ നിന്ന് ഏഴു ജയവും മൂന്നു സമനിലയുമുള്ള ചെല്‍സിക്ക് 24 പോയിന്റും.