നെതര്‍ലന്‍ഡ്‌സിനെ ഇന്‍ജുറി ടൈം ഗോളില്‍ വീഴ്ത്തി ഇംഗ്ലണ്ട് യൂറോ കപ്പ് കലാശപ്പോരാട്ടത്തിന്. ഇന്നു പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ 90-ാം മിനിറ്റില്‍ ഒലി വാറ്റ്കിന്‍സാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.
ഇതോടെ യൂറോ കപ്പിലെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ സ്വന്തം മണ്ണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇറ്റലിയോട് തോറ്റ് കിരീടം കൈവിട്ട അവര്‍ ഇക്കുറി ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഞായാറാഴ്ച ഫൈനലില്‍ യുവനിരയുടെ കരുത്തില്‍ കുതിക്കുന്ന സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഡോര്‍ട്ട്മുണ്ടില്‍ നടന്ന സെമി പോരാട്ടത്തില്‍ തുടക്കത്തിലേ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്‍െ തിരിച്ചുവരവ്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നെതര്‍ലന്‍ഡ് മുന്നിലെത്തിയിരുന്നു. യുവതാരം സാവി സിമ്മണ്‍സിന്റെ തകര്‍പ്പനൊരു ഷോട്ടാണ് ഇംഗ്ലീഷ് വലകുലുക്കിയത്.
എന്നാല്‍ ഏറെ വൈകാതെ ഇംഗ്ലണ്ട് സമനില പിടിച്ചു. പെനാല്‍റ്റിയില്‍ നിന്ന് നായകന്‍ ഹാരി കെയ്‌നാണ് അവര്‍ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. കെയ്‌നെ ഡച്ച് പ്രതിരോധ താരം ഡെന്‍സല്‍ ഡെംഫ്രീസ് ഫൗള്‍ ചെയ്തതിനാണ് റഫറി സ്‌പോട്ട് കിക്ക് വിധിച്ചെത്. കിക്കെടുത്ത കെയ്ന്‍ പിഴവില്ലാതെ ലക്ഷ്യം കാണുകയും ചെയ്തു.
ഒപ്പമെത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇംഗ്ലണ്ട് പിന്നീട് നിരന്തര ആക്രമണമാണ് അഴിച്ചുവിട്ടത്. വലതു വിങ്ങിലൂടെ യുവതാരം ഫില്‍ ഫോഡനാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മ വിനയായി. ഉറച്ച മൂന്നോളം അവസരമാണ് ആദ്യപകുതിയില്‍ മാത്രം ഇംഗ്ലണ്ട് തുലച്ചത്.
തുല്യതയില്‍ പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം ഇരുകൂട്ടരും പ്രതിരോധതത്തിലൂന്നി കളിച്ചതോടെ മത്സരം വിരസമായി. കാര്യമായ മുന്നേറ്റങ്ങള്‍ ഇരുഭാഗത്തുനിന്നുമുണ്ടായില്ല. എന്നാല്‍ അവസാന മിനിറ്റുകളിലേക്ക് മത്സരം നീണ്ടതോടെ പ്രസിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ ലക്ഷ്യം കാണുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ വാറ്റ്കിന്‍സ് കോള്‍ പാമര്‍ നല്‍കിയ പാസില്‍ നിന്നാണ് വിജയഗോള്‍ കണ്ടെത്തിയത്. അപ്പോഴേക്കും ഒരു തിരിച്ചുവരവിനുള്ള സമയം നെതര്‍ലന്‍ഡ്‌സിന് അതിക്രമിച്ചു കഴിഞ്ഞിരുന്നു.