പതിവിന് വിപരീതമായി കൊച്ചി ജവഹർലാല്‍ നെഹ്രു സ്റ്റേഡിയം ഇന്നലെ നിശബ്ദമായിരുന്നു. കളി പൂർത്തിയാകും മുന്‍പ് തന്നെ ആരാധകർ സ്റ്റേഡിയം വിട്ടു. പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ മുഖത്ത് കടുത്ത നിരാശ, പോയിന്റ് പട്ടികയിലെ പത്താം സ്ഥാനക്കാരോട് സ്വന്തം മൈതാനത്ത് മൂന്ന് ഗോള്‍ വഴങ്ങിയ അമർഷത്തിലായിരുന്നു താരങ്ങള്‍ പന്തുതട്ടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പഞ്ചാബിന് മുന്നില്‍ തലകുനിച്ച് കേരള ബ്ലാസ്റ്റേഴ്സിന് മടക്കം, തുടർച്ചയായ രണ്ടാം തോല്‍വി, സീസണില്‍ കൊച്ചിയില്‍ പരാജയപ്പെടുന്നത് ആദ്യം. സ്കോർ 3-1.
4-4-2 എന്ന ഫോർമേഷനിലായിരുന്നു വുകുമനോവിച്ച് പഞ്ചാബിനെ നേരിടാനുള്ള തന്ത്രം മെനഞ്ഞത്. 66 ശതമാനത്തോടെ പന്തടക്കത്തില്‍ ഏറെ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. പക്ഷേ, പന്തടക്കമുണ്ടായിട്ടും പരാജയം രുചിച്ചു, പുതുമയല്ലാത്ത ഒന്ന്. സീസണില്‍ മഞ്ഞപ്പട വിജയിച്ച മത്സരങ്ങളിലെല്ലാം തന്നെ പന്തടക്കത്തില്‍ പിന്നിലായിരുന്നു. കളത്തിലാധിപത്യമുണ്ടായിട്ടും എന്തുകൊണ്ട് പഞ്ചാബിനോട് പരാജയപ്പെട്ടുവെന്ന ചോദ്യത്തിന് നിരത്താന്‍ ചിലതുണ്ട്.
മോശം തീരുമാനങ്ങള്‍
സീസണില്‍ 20 ഗോള്‍ വഴങ്ങിയ പ്രതിരോധനിരയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് ടാർഗറ്റിലെത്തിക്കാനായത് കേവലം മൂന്ന് ഷോട്ടുകള്‍ മാത്രമായിരുന്നു. അറ്റാക്കിങ് തേഡില്‍ താരങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ അപ്പാടെ പിഴച്ചുവെന്ന് പറയാം. പഞ്ചാബ് പ്രതിരോധനിരയിലെ വിള്ളലുകള്‍ മനസിലാക്കി കളി മെനയാനായില്ല. ലോങ് ഷോട്ടുകളിലൂടെ ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പലകുറി പരാജയപ്പെട്ടിട്ടും ഡയസുകെ സകായിയും രാഹുല്‍ കെ പിയും അതുതന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു. സീസണില്‍ നിരവധി ഗോളുകള്‍ സമ്മാനിച്ച ബോക്സിനുള്ളിലെ നീക്കങ്ങള്‍ കൊച്ചിയില്‍ ഇന്നലെ പ്രത്യക്ഷമായില്ല.
ലക്ഷ്യം തെറ്റിയ അവസരങ്ങള്‍
ഹൈ പ്രെഷർ ഗെയിമായിരുന്നു തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. പഞ്ചാബിനെ പ്രതിരോധത്തിലാക്കാന്‍ എളുപ്പം കഴിയുകയും ചെയ്തു. എട്ടാം മിനുറ്റില്‍ ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് സകായിയുടെ വലം കാല്‍ ഷോട്ട് പോസ്റ്റിനെ ഉരുമി പുറത്തേക്ക്. 21-ാം മിനുറ്റില്‍ ബോക്സിന്റെ വലതുമൂലയില്‍ നിന്ന് രാഹുലിന്റെ വോളി, ഇത്തവണ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.
24-ാം മിനുറ്റിലായിരുന്നു സീസണിലെ ഏറ്റവും മികച്ച ഗോള്‍ തലനാരിഴയ്ക്ക് രാഹുലിന് നഷ്ടമായത്. സകായിയുടെ ക്രോസില്‍ ബോക്സിലേക്ക് ഓടിക്കയറി രാഹുല്‍ തലവെച്ചു. പഞ്ചാബ് ഗോളി രവി കുമാറിനെ പന്ത് മറികടന്നു. പക്ഷേ, പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പന്ത് പുറത്തേക്ക് പതിച്ചു. ലക്ഷ്യം പിഴയ്ക്കാത്ത ഡയമന്റക്കോസിന്റെ ബൂട്ടുകള്‍ക്ക് രണ്ടാം പകുതിയില്‍ 55, 59, 70 മിനുറ്റുകളില്‍ സുവർണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിക്കാതെ.
കാണിയായി പ്രതിരോധം
വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നതിനായി ആദ്യ പത്ത് മിനുറ്റുകള്‍ക്ക് ശേഷം 3-5-2 ഫോർമേഷനിലേക്ക് ചുവടുമാറ്റി. ഇത് പ്രതിരോധനിരയെ ദുർബലമാക്കിയെന്ന് പറയാം. പഞ്ചാബിന്റെ മൂന്ന് ഗോളുകളും വീണത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ വീഴ്ചയില്‍ നിന്നായിരുന്നു. 43-ാം മിനുറ്റില്‍ ജോർദാന്‍ ഗില്ലിന്റെ ഷോട്ട് ക്ലിയർ ചെയ്യാന്‍ ഹോർമിപാമിന് സാധിച്ചില്ല. താരത്തിന്റെ കാലില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്.
സെക്കന്‍ഡ് ഹാഫില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ എട്ട് താരങ്ങളും പഞ്ചാബിന്റെ പകുതിയിലായിരുന്നു, എതിരാളികള്‍ക്ക് കൗണ്ടർ അറ്റാക്കിങ്ങിന് വഴിയൊരുക്കിക്കൊടുക്കുന്നതുപോലെ. മദിഹ് തലാല്‍ ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ നിന്നായിരുന്നു പഞ്ചാബിന്റെ രണ്ടാം ഗോള്‍. ഗോളി സച്ചിന്‍ സുരേഷ് പന്ത് തട്ടിയകറ്റിയെങ്കിലും ക്ലിയർ ചെയ്യാന്‍ പ്രതിരോധ നിരയിലെ ഒരുതാരം പോലുമുണ്ടായിരുന്നില്ല. അവസരം കണ്ട ജോർദാന്‍ പന്ത് ഗോള്‍വര കടത്തുകയും ചെയ്തു.
86-ാം മിനുറ്റില്‍ ഗോളി സച്ചിന്‍ സുരേഷും ലല്ലാവ്മയും തമ്മിലുള്ള കോഡിനേഷന്‍ പാളിയതായിരുന്നു തോല്‍വിയുടെ ആഘാതം വർധിപ്പിച്ചത്. ലല്ലാവ്മ നല്‍കിയ പാസ് തിരികെ കൊടുക്കാനുള്ള സച്ചിന്റെ ശ്രമം പരാജയപ്പെടുകയും ലൂക്ക മജ്സെന്നിലേക്ക് പന്തെത്തുകയുമായിരുന്നു. താരം തൊടുത്ത ഷോട്ട് ലല്ലാവ്മയുടെ കയ്യില്‍ തട്ടി പുറത്തേക്ക്. പെനാലിറ്റി അതിവേഗം റഫറി വിധിച്ചു. കിക്കെടുത്ത ലൂക്കയ്ക്ക് പിഴച്ചില്ല.
സർവം നിരാശ
മത്സരശേഷം തോല്‍വിയിലെ അമർഷം മറച്ചുവെക്കാന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്‍ വുകുമനോവിച്ച് മടിച്ചില്ല. "ഇന്നത്തെ സായാഹ്നം നിരാശയുടേതായിരുന്നു. ഇന്ന് കണ്ടതെല്ലാം നിരാശ സമ്മാനിക്കുന്നതായിരുന്നു. ആദ്യ പകുതിയിലെ ഗോള്‍ മാറ്റി നിർത്തിയാല്‍ നിരവധി തെറ്റായ തീരുമാനങ്ങളുണ്ടായി. ഇത്തരം സമീപനമാണ് മുന്നോട്ടും സ്വീകരിക്കുന്നതെങ്കില്‍ എല്ലാ മത്സരങ്ങളും പരാജയപ്പെട്ടേക്കുമെന്നതില്‍ തർക്കമില്ല," വുകുമനോവിച്ച് വ്യക്തമാക്കി.