FOOTBALL

മാറക്കാനയില്‍ മെസിയെ കരയിച്ച ശേഷം പേരിനുപോലും കാണാനില്ല; എവിടെപ്പോയി പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിര?

ഒരു പതിറ്റാണ്ട് പിന്നിടുന്നു, ഡാന്യൂബ് നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി... പക്ഷേ, ഇപ്പോഴും ജര്‍മന്‍കാര്‍ കാത്തിരിക്കുകയാണ്, ക്ലോസെയുടെ പകരക്കാരന് വേണ്ടി...

ശ്യാം ശശീന്ദ്രന്‍

തലമുറകളായി ലോക ഫുട്‌ബോളില്‍ കണ്ടുവന്ന പ്രതിഭാസമായിരുന്നു യന്ത്രംകണക്കെ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഫുട്‌ബോള്‍ ടീമും അവരുടെ മുന്നേറ്റനിരയും. ടീം ലിസ്റ്റിലെ പേരുകൊണ്ടു മാത്രം എതിര്‍പ്രതിരോധനിരയുടെ നെഞ്ചിടിപ്പേറ്റാന്‍ പോന്നവരായിരുന്നു അവരുടെ മുന്നണിപ്പോരാളികള്‍. 1970-കളില്‍ അത് ഇതിഹാസ താരം ഗെര്‍ഡ് മുള്ളറായിരുന്നെങ്കില്‍ പിന്നീട് ആ ബാറ്റണ്‍ ഏറ്റുവാങ്ങാന്‍ ഓരോരുത്തരായി കടന്നുവന്നു.

മുള്ളറില്‍ നിന്ന് എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും ആ റോള്‍ കാള്‍ ഹെയ്ന്‍സ് ഏറ്റെടുത്തപ്പോള്‍ എണ്‍പതുകളുടെ ഒടുക്കം മുതല്‍ തൊണ്ണൂറുകളുടെ പകുതിവരെ യര്‍ഗന്‍ ക്ലിന്‍സ്മാനായി. പിന്നീട് മിറോസ്ലാവ് ക്ലോസെ എന്ന റെക്കോഡ് വേട്ടക്കാരന്‍ വന്നു. ഗോളടി മികവില്‍ പല ചരിത്രപുസ്തകങ്ങളും തിരുത്തിയെഴുതിയ ക്ലോസെ ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന ബഹുമതിയും സ്വന്തമാക്കി ബൂട്ടഴിച്ചത് 2014-ലാണ്.

ഒരു പതിറ്റാണ്ട് പിന്നിടുന്നു, ഡാന്യൂബ് നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി... പക്ഷേ, ഇപ്പോഴും ജര്‍മന്‍കാര്‍ കാത്തിരിക്കുകയാണ്, ക്ലോസെയുടെ പകരക്കാരന് വേണ്ടി...

അതിനു ശേഷം ഒരു പതിറ്റാണ്ട് പിന്നിടുന്നു, ഡാന്യൂബ് നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി... പക്ഷേ, ഇപ്പോഴും ജര്‍മന്‍കാര്‍ കാത്തിരിക്കുകയാണ്, ക്ലോസെയുടെ പകരക്കാരന് വേണ്ടി. സമാനതകളില്ലാത്ത സ്‌ട്രൈക്കര്‍ ദാരിദ്ര്യമാണ് ഇപ്പോള്‍ ജര്‍മനി നേരിടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ടീമിന്റെ മുന്നേറ്റ നിരയില്‍ ഒട്ടനവധി താരങ്ങള്‍ വന്നുപോയി, പക്ഷേ ആര്‍ക്കും പൂര്‍വികരെ പോലെ എതിരാളികള്‍ ഭയപ്പെടുന്ന ഒരു മാരക ഫിനീഷര്‍ ആയിമാറാന്‍ കഴിഞ്ഞില്ല. എന്താണ് ജര്‍മന്‍ ഫുട്‌ബോളില്‍ സംഭവിച്ചത്.

വൈദഗ്ദ്ധ്യം നഷ്ടമായ ഫുട്‌ബോള്‍ 'ഫാക്ടറി'

ഓട്ടോമൊബൈല്‍ രംഗത്ത് പകരംവയ്ക്കാനില്ലാത്ത രാജ്യമാണ് ജര്‍മനി, പ്രത്യേകിച്ച് കാര്‍ നിര്‍മാണത്തില്‍. ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ കാര്‍ നിര്‍മാതാക്കളും എന്‍ജിന്‍ നിര്‍മാതാക്കളും ജര്‍മന്‍ കമ്പനികളാണ്. അവരുടെ വൈദഗ്ദ്ധ്യത്തിന് വട്ടംവയ്ക്കാന്‍ ഇതുവരെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലെന്നു നിസംശയം പറയാനാകും.

അതേ വൈദഗ്ധ്യമാണ് അവര്‍ കാലാകാലങ്ങളായി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും കാഴ്ചവച്ചത്. മിന്നും താരങ്ങളെ വാര്‍ത്തെടുക്കുന്ന ഫാക്ടറി എന്നാണ് ജര്‍മനിയെ ഒരുകാലത്ത് ഫുട്‌ബോള്‍ ലോകം വിശേഷിപ്പിച്ചിരുന്നത്. ഓരോ തലമുറയുടെ കാലം കഴിയുമ്പോഴേക്കും അവര്‍ പുതിയ താരങ്ങളെ വാര്‍ത്തെടുത്തു രംഗത്തു കൊണ്ടുവരുമായിരുന്നു. അങ്ങനെ വന്നവരാണ് മുള്ളര്‍ മുതല്‍ ക്ലോസെ വരെയുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പ് നടന്ന 2002-ല്‍ ജര്‍മനിയുടെ അസ്തമയമായെന്നു കരുതിയതാണ് ലോകം.

എന്നാല്‍ അന്ന് ഫൈനലില്‍ ബ്രസീലിനോട് തോറ്റ അന്നു മുതല്‍ അവര്‍ അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ആരംഭിച്ചു. ക്ലോസെ, തോമസ് മുള്ളര്‍, മാനുവല്‍ ന്യൂയര്‍ തുടങ്ങിയവരൊക്കെ ആ ബാച്ചിലുള്ളവരായിരുന്നു. ഒടുവില്‍ 12 വര്‍ഷത്തിനു ശേഷം 2014-ല്‍ അവരിലൂടെ ലോകകിരീടം വീണ്ടും ജര്‍മന്‍ മണ്ണിലെത്തി. ആ തലമുറയുടെ അവസാന ആട്ടമായിരുന്നു അന്ന് മാറക്കാനയില്‍ കണ്ടത്.

ജര്‍മന്‍ ഫുട്‌ബോളിന് ഈ പ്രതിസന്ധിയെന്തു കൊണ്ടാണുണ്ടായത് എന്ന് അന്വേഷിച്ചാല്‍ ഉത്തരം ചെന്നെത്തി നില്‍ക്കുക യോക്വിം ലോ എന്ന പരിശീലകനിലേക്കും 2014-ല്‍ അവരെ ലോകകിരീടം ചൂടിച്ച മരിയോ ഗോട്‌സെയുടെ ഗോളിലേക്കുമാണ്.

അതിനു ശേഷം 10 വര്‍ഷം കഴിഞ്ഞിട്ടും അതുപോലൊരു നിരയെ വാര്‍ത്തെടുക്കാന്‍ ജര്‍മനിക്കു കഴിഞ്ഞിട്ടില്ല. മധ്യനിരയിലും പ്രതിരോധനിരയിലുമൊക്കെ നിരവധി പ്രതിഭകളെ കണ്ടെത്താന്‍ സാധിച്ചെങ്കിലും പഴയതു പോലെ ഒരു മികച്ച മുന്നേറ്റനിര ഇല്ലാത്തതാണ് ഇന്ന് ജര്‍മന്‍ ഫുട്‌ബോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. രണ്ടു വര്‍ഷം മുമ്പ് നടന്ന ഖത്തര്‍ ലോകകപ്പില്‍ അതിന്റെ തിക്തഫലം അവര്‍ അനുഭവിച്ചതുമാണ്.

2022 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മന്‍ താരങ്ങളുടെ നിരാശ

വളരെ ദയനീയ പ്രകടനം കാഴ്ചവച്ച് ആദ്യ റൗണ്ടില്‍ തന്നെ ഖത്തറില്‍ നിന്നു ടീം മടങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ രണ്ടു വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ നടക്കുന്ന യൂറോ കപ്പിലായിരുന്നു. രണ്ടര പതിറ്റാണ്ടിനു ശേഷം യൂറോ കപ്പിന് തങ്ങള്‍ ആതിഥ്യം വഹിക്കുമ്പോള്‍ മികച്ച നിരയുമായി ഇറങ്ങി കിരീടം ചൂടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇക്കുറിയും ആ സ്വപ്‌നം സ്വപ്‌നമായിത്തന്നെ അവശേഷിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ജര്‍മനിയെ തകര്‍ത്ത ഫാള്‍സ് നയണ്‍

ജര്‍മന്‍ ഫുട്‌ബോളിന് ഈ പ്രതിസന്ധിയെന്തു കൊണ്ടാണുണ്ടായത് എന്ന് അന്വേഷിച്ചാല്‍ ഉത്തരം ചെന്നെത്തി നില്‍ക്കുക യോക്വിം ലോ എന്ന പരിശീലകനിലേക്കും 2014-ല്‍ അവരെ ലോകകിരീടം ചൂടിച്ച മരിയോ ഗോട്‌സെയുടെ ഗോളിലേക്കുമാണ്. രണ്ട് ക്ലീന്‍ സ്‌ട്രൈക്കര്‍മാരുമായി 4-3-2 എന്ന ഫോര്‍മേഷനില്‍ കാലാകാലങ്ങളായി കളിച്ചുവന്നിരുന്ന ജര്‍മന്‍ ടീമിനെ യോക്വിം ലോ അഴിച്ചു പണിതു.

എതിര്‍ പ്രതിരോധ നിരയെ കബളിപ്പിക്കുന്ന ഫോള്‍സ് നയണ്‍ ഫോര്‍മേഷനിലേക്ക് കളിമാറ്റാനാണ് ലോ ശ്രമിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ഫുട്‌ബോള്‍ ലോകകപ്പില്‍ ആ തന്ത്രത്തിലൂടെ സ്‌പെയിന്‍ കിരീടം ചൂടിയതോടെയാണ് ലോ അത് ജര്‍മന്‍ ടീമിലും കൊണ്ടുവരാന്‍ ശ്രമിച്ചത്.

2010 ഫിഫ ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ ദേശീയ ടീം.

2014 ബ്രസീല്‍ ലോകകപ്പില്‍ പല മത്സരങ്ങളിലും ഈ തന്ത്രം ലോ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ക്ലോസെ, ലൂക്കാസ് പൊഡോള്‍സ്‌കി എന്നീ രണ്ട് സ്‌ട്രൈക്കര്‍മാര്‍ മാത്രം ഉള്‍പ്പെട്ട ടീമുമായി ബ്രസീലില്‍ എത്തിയ ജര്‍മനിക്ക് അത് ഉപകാരപ്പെടുകയും ചെയ്തു. പല മത്സരങ്ങളിലും മരിയോ ഗോട്‌സെ എന്ന വെറ്ററന്‍ താരത്തെ ഫാള്‍സ് നയണ്‍ ആക്കി ഇറക്കിയ ലോയ്ക്ക് പിഴച്ചില്ല. ഫൈനലില്‍ സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അവസാന നിമിഷ ഗോളില്‍ വീഴ്ത്തിയത് ഫാള്‍സ് നയണ്‍ ആയി ഇറങ്ങിയ ഗോട്‌സെയായിരുന്നു.

2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ ജര്‍മനിയുടെ വിജയഗോള്‍ നേടുന്ന മരിയോ ഗോട്‌സെ.

എന്നാല്‍ ജര്‍മന്‍ ഫുട്‌ബോളില്‍ അത് വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചത്. കാലാകാലങ്ങളായി ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താക്കളായിരുന്ന ജര്‍മനിയില്‍ 4-3-3 ശൈലിക്ക് സ്വീകാര്യത നഷ്ടപ്പെട്ടു. ബയേണ്‍ മ്യൂണിക്ക് ഒഴികെയുള്ള ബുണ്ടസ് ലിഗ ടീമുകള്‍ പലതും ലോയുടെ പാത പിന്തുടര്‍ന്നു. എന്നാല്‍ ആക്രമണ ഫുട്‌ബോള്‍ രക്തത്തിലലിഞ്ഞ ജര്‍മന്‍ ടീമിന്റെ കാര്യത്തിലേക്കു വന്നപ്പോള്‍ അത് പിന്നീട് തിരിച്ചടിയാകുന്ന കാഴ്ചയാണ് കണ്ടത്.

കാലാകാലങ്ങളായി ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താക്കളായിരുന്ന ജര്‍മനിയില്‍ 4-3-3 ശൈലിക്ക് സ്വീകാര്യത നഷ്ടപ്പെട്ടു. ബയേണ്‍ മ്യൂണിക്ക് ഒഴികെയുള്ള ബുണ്ടസ് ലിഗ ടീമുകള്‍ പലതും ലോയുടെ പാത പിന്തുടര്‍ന്നു. എന്നാല്‍ ആക്രമണ ഫുട്‌ബോള്‍ രക്തത്തിലലിഞ്ഞ ജര്‍മന്‍ ടീമിന്റെ കാര്യത്തിലേക്കു വന്നപ്പോള്‍ അത് പിന്നീട് തിരിച്ചടിയാകുന്ന കാഴ്ചയാണ് കണ്ടത്.

ഫലം വൈകാതെ തന്നെ കിട്ടിത്തുടങ്ങി. അതോട് ജര്‍മന്‍ യൂത്ത് ടീമുകളും ക്ലബുകളും തങ്ങളുടെ പഴയ ശൈലിയിലേക്കു തിരികെ വന്നു തുടങ്ങി. എന്നിട്ടും പാഠം പഠിക്കാഞ്ഞതാണ് ജര്‍മനിക്ക് തിരിച്ചടിയായത്. 2018 റഷ്യന്‍ ലോകകപ്പിനും മികച്ച സ്‌ട്രൈക്കര്‍ ഇല്ലാതെയാണ് അവര്‍ പോയത്. സ്വീഡന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് അവര്‍ ഫിനിഷ് ചെയ്തത്.

അത് ജര്‍മനിയില്‍ വലിയ വിവാദമായി. രാജ്യത്തെ യൂത്ത് ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് സംവിധാനം അഴിച്ചുപണിയണമെന്ന മുറവിളി ഉയര്‍ന്നു. അതോടെ 2020-ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വഴങ്ങി. പഴയ തനത് യൂറോപ്യന്‍ ശൈലിയില്‍ പ്രതിഭാശാലികളെ വാര്‍ത്തെടുക്കാന്‍ തക്കവിധത്തില്‍ അവര്‍ അക്കാദമികള്‍ പൊളിച്ചുപണിതു തുടങ്ങി.

ജര്‍മനിയിലെ വിഖ്യാതമായ ജര്‍മന്‍ റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ യുവതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന വിദഗ്ധര്‍.

പക്ഷേ ആ അക്കാദമികള്‍ കൗമാര പ്രതിഭകളെ കണ്ടെത്തിത്തുടങ്ങിയതേയുള്ളു. പഴയകാല പ്രതാപത്തിലേക്ക് മടങ്ങിയെത്താന്‍ തക്ക കരുത്തുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് അര്‍ഥം. അതിനിടെ ഖത്തര്‍ ലോകകപ്പ് കഴിഞ്ഞു പോയി, ഇപ്പോഴിതാ യൂറോ കപ്പും എത്തി. ടീം സജ്ജമായിട്ടില്ലെന്ന് ഓരോ ജര്‍മന്‍ ആരാധകനും അറിയാം. അതിനാല്‍ വലിയ പ്രതീക്ഷകളില്ലാതെയാണ് ഇക്കുറി അവര്‍ യൂറോയെ സമീപിക്കുന്നതെന്നു വ്യക്തം. പക്ഷേ ടീം ജര്‍മനിയാണ്. അവര്‍ തിരിച്ചുവരുമെന്നു മാത്രം ഉറപ്പുണ്ട്.... തലക്കെട്ടിലെ ചോദ്യത്തില്‍ ഇവിടെ ഒരു ഉത്തരം പ്രവചിക്കാം... ആ മുന്നേറ്റ നിര എങ്ങും പോയിട്ടില്ല, രാകി മിനുക്കപ്പെടുന്നതേയുള്ളു...

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി