2005 ജൂണ്‍ 12നായിരുന്നു ഇന്ത്യയ്ക്കായി സുനില്‍ ഛേത്രി ആദ്യമായി അരങ്ങേറിയത്. പാകിസ്താനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടത്തോടെ തുടങ്ങിയ ഛേത്രി രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്നേറ്റനിരയിലെ പ്രധാന അസ്ത്രമായി തുടരുകയാണ്. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍വേട്ടക്കാരില്‍ സാക്ഷാല്‍ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കുമൊപ്പമാണ് ഛേത്രിയുടെ സ്ഥാനം. ഇന്ത്യന്‍ ഫുട്ബോളിന് ഛേത്രി നല്‍കിയ സംഭാവനയളക്കാന്‍ ശ്രമിക്കുന്നവർക്ക് ഇതിലും മികച്ച ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ല. കരിയറിന്റെ അവസാനത്തോട് ഛേത്രി അടുക്കുമ്പോള്‍ ആരാധകരില്‍ നിന്നും ഫുട്ബോള്‍ പണ്ഡിതരില്‍ നിന്നും ഉയരുന്നത് ഒരു ചോദ്യമാണ്, ഛേത്രിക്ക് ശേഷം ഇനിയാര്?
എഎഫ്‍സി ഏഷ്യന്‍ കപ്പിന് ഇന്നലെ തുടക്കമായെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ഓസ്ട്രേലിയക്കെതിരെയാണ്. ഏഷ്യന്‍ കപ്പ് ഛേത്രിയുടെ കരിയറിലെ അവസാന മേജർ ടൂർണമെന്റായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. പക്ഷേ, ഇനിയും നീലക്കുപ്പായത്തില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഛേത്രി വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യന്‍ കപ്പില്‍ ഓസ്ട്രേലിയ, ഉസ്ബെക്കിസ്താന്‍, സിറിയ തുടങ്ങിയ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.
ഗ്രൂപ്പ് ഘട്ടം താണ്ടുക എന്നത് ഒരു വലിയ കടമ്പയാണ്. അതുകൊണ്ട് തന്നെ ഛേത്രിക്ക് അർഹമായ തരത്തിലൊരു യാത്രയയപ്പ് ലഭിച്ചേക്കില്ല. ഇതിനുപുറെ 100 അന്താരാഷ്ട്ര ഗോളുകളെന്ന നേട്ടവും ഛേത്രിക്ക് മുന്നിലുണ്ട്. ഏഴ് ഗോളുകള്‍ കൂടി സ്കോർ ചെയ്താല്‍ ഗോള്‍ നേട്ടത്തില്‍ മൂന്നക്കത്തിലേക്ക് എത്താനും താരത്തിനാകും.
2023ലെ പ്രകടനം വിലയിരുത്തുമ്പോഴും ഛേത്രിയെ ഇന്ത്യയ്ക്കും ആവശ്യമാണെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ തുടർവിജയങ്ങള്‍ കണ്ട 2023ല്‍ 21 ഗോളുകളാണ് ടീം സ്കോർ ചെയ്തതില്‍. ഇതില്‍ ഒന്‍പതും ഛേത്രിയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു.
ഛേത്രി = ഇന്ത്യന്‍ ഫുട്ബോള്‍
രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യന്‍ ഫുട്ബോളിന്റെ പര്യായമാണ് ഛേത്രി. ഏഷ്യന്‍ കപ്പില്‍ മൈതാനത്തിറങ്ങുന്ന ഏറ്റവും പ്രായമേറിയതും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതുമായ താരം ഛേത്രിയാണ്. ക്ലബ്ബ് ഫുട്ബോളില്‍ ഛേത്രി കഴിഞ്ഞ കുറച്ച് സീസണുകളിലായി മോശം ഫോമിലാണെങ്കിലും അന്താരാഷ്ട്ര ഫുട്ബോളിലേക്ക് വരുമ്പോള്‍ അത് അപ്രസക്തമാകുന്നുണ്ട്. ബെംഗളൂരുവില്‍ ഛേത്രിയേക്കാള്‍ (16) ഗോളുകള്‍ മഹേഷും (17) ചാങ്തെയും (33) നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിലെ ഛേത്രിയുടെ ഗോള്‍ സ്കോറിങ് നിരക്ക് മെസിയുടേതിന് സമാനമാണ്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ള റൊണാള്‍ഡോയും അലി ഡെയും മെസിയും മാത്രവും.
ഛേത്രിയില്ലാതെ തന്ത്രമെന്ത്?
പരിശീലകന്‍ ഇഗോർ സ്റ്റിമാക് ഛേത്രിയുടെ സ്ഥാനത്തേക്ക് ഒരു താരത്തെ കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. റാഹിം അലി, ഇഷാന്‍ പണ്ഡിത, മന്‍വീർ സിങ് എന്നിവർ സെന്റർ ഫോർവേഡ് റോളിലെത്തുകയും ചെയ്തു. പക്ഷേ, ശരാശരി പ്രായം 23 എന്ന നിബന്ധനയുള്ള ഏഷ്യന്‍ ഗെയിംസില്‍ പോലും ആദ്യ ഇലവനില്‍ സ്റ്റിമാക്കിന് ഛേത്രി വേണമായിരുന്നു. ഇതിനർത്ഥം ഛേത്രിക്കപ്പുറം മറ്റൊരാള്‍ സ്റ്റിമാക്കിന് മുന്നില്‍ ഇല്ല എന്നുതന്നെയാണെന്ന് കരുതാം.
ഛേത്രിയുടെ വിരമിക്കലിന് ശേഷം ആ വിടവ് നികത്താന്‍ താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്ബോളിന് തന്നെ അത് വലിയ നേട്ടമായേക്കും. അപ്പൂയ, സഹല്‍ അബ്ദുള്‍ സമദ്, അനിരുദ്ധ് ഥാപ്പ, മഹേഷ്, ചാങ്തെ തുടങ്ങിയ താരങ്ങള്‍ക്ക് ഛേത്രിയുടെ ചിറകിന് കീഴില്‍ നിന്ന് സ്വന്തം നിലയിലേക്ക് ഉയരാനുമാകും. ഛേത്രി കളത്തിലില്ലാത്ത പല സന്ദർഭങ്ങളിലും ഇന്ത്യന്‍ യുവനിര അവസരത്തിനൊത്ത് ഉയരുന്നത് പോയ വർഷം കണ്ടു. പക്ഷേ, ഗോള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ഛേത്രിക്ക് ശേഷം ഛേത്രി തന്നെ
കായിക ലോകത്ത് പ്രായം ഒരു ഘടകം അല്ലാതായി മാറിയിരിക്കുന്നു. 39-ാം വയസില്‍ ലെബ്രോണ്‍ ജെയിംസും ലൂയിസ് ഹാമില്‍ട്ടണുമൊക്കെ അവരവരുടെ മേഖലയില്‍ ഇപ്പോഴും ആധിപത്യം തുടരുമ്പോള്‍ എന്തുകൊണ്ട് ഛേത്രിക്കുമായിക്കൂടാ. ഓഗസ്റ്റില്‍ ഛേത്രിക്ക് 40 വയസ് തികയും. ഏഷ്യന്‍ കപ്പില്‍ ഉസ്ബെക്കിസ്താനും സിറയക്കും ഓസ്ട്രേലിയക്കുമെതിരെ ഇന്ത്യ ഗോള്‍ കണ്ടെത്തണമെങ്കില്‍ അത് ഛേത്രി തന്നെ ആവശ്യമായി വരും.